Sections

റീലോഞ്ചുമായി ടെക്കികളുടെ സാംസ്‌കാരിക വേദിയായ 'ടെക് എ ബ്രേക്ക്'

Sunday, Dec 21, 2025
Reported By Admin
Tech A Break 2025 Relaunched at Technopark with New Logo

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി സമൂഹത്തിൻറെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദിയായ ടെക് എ ബ്രേക്ക്' പുതുക്കിയ ലോഗോയടക്കം ഏറെ പുതുമകളോടെ വീണ്ടും ആരംഭിച്ചു. വരും ദിവസങ്ങളിൽ വ്യത്യസ്തങ്ങളായ വിവിധ പരിപാടികൾ ടെക് എ ബ്രേക്കിൻറെ ഭാഗമായി സംഘടിപ്പിക്കും.

'എറർ 404-ക്രിയേറ്റിവിറ്റി ഫൗണ്ട്' എന്നതാണ് ടെക് എ ബ്രേക്ക് 2025 ൻറെ പ്രമേയം. ഐടി പ്രൊഫഷണലുകൾക്ക് തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ മത്സരങ്ങളിലൂടെയും കലാപ്രകടനങ്ങളിലൂടെയും അവതരിപ്പിക്കാൻ അവസരം ഒരുക്കുന്നതാണ് പരിപാടി.

ഒരു ഇടവേളയ്ക്ക് ശേഷം 'ടെക് എ ബ്രേക്ക്' വീണ്ടും തുടങ്ങുന്നത് ഐടി സമൂഹത്തിൻറെ സർഗ്ഗാത്മകതയ്ക്ക് പുത്തനുണർവ് പകരുമെന്ന് ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട) പറഞ്ഞു.

ടെക്കികളുടെ ബൗദ്ധികവും സർഗ്ഗാത്മവുമായ കഴിവുകൾ വളർത്തിയെടുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും തിരക്കേറിയ ജോലി ഷെഡ്യൂളിൽ നിന്ന് വിശ്രമവും വിനോദവും ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാക്കത്തോൺ, ക്വിസ്, പെയിൻറിംഗ്, ടെക് പ്രേമികൾക്കുള്ള സൈബർ സെക്യൂരിറ്റി മത്സരമായ ക്യാപ്ചർ ദി ഫ്ളാഗ്, ട്രഷർ ഹണ്ട്, ഷോർട്ട് ഫിലിം, കോമഡി സ്കിറ്റ്, മ്യൂസിക് ബാൻഡ്, ഫാഷൻ ഷോ, ഡാൻസ് തുടങ്ങി നിരവധി പരിപാടികളും മത്സരങ്ങളും ടെക് എ ബ്രേക്ക് 2025 ൻറെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനും ഒരുമിച്ച് കൂടാനും ഇത് വേദിയാകും.

രജിസ്ട്രേഷൻ അടക്കമുള്ള വിശദാംശങ്ങൾക്ക് https://techabreak.natana.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ഹാക്കത്തോൺ ആണ് ഡിസംബർ 23 ന് ആരംഭിക്കുന്ന ആദ്യ പരിപാടി. 2026 ഫെബ്രുവരി 6 ന് വിവിധ കമ്പനികളുടെ ടീമുകൾ അണിനിരക്കുന്ന ഗ്രാൻഡ് ടാബ് ഘോഷയാത്രയോടെ ഗ്രാൻഡ് ഫിനാലെയ്ക്കൊപ്പം ആഘോഷങ്ങൾ സമാപിക്കും.

ടെക്നോപാർക്കിൽ നടന്ന ചടങ്ങിൽ ടെക്ക് എ ബ്രേക്ക് 2025 ൻറെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട) നിർവ്വഹിച്ചു. ടെക്നോപാർക്ക് വൈസ് പ്രസിഡൻറ് (മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ, അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് (അഡ്മിനിസ്ട്രേഷൻ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്) അഭിലാഷ് ഡി എസ്, ജി ടെക് സെക്രട്ടറി ശ്രീകുമാർ വി, ജി ടെക് സിഇഒ ഈപ്പൻ ടോണി, ജി ടെക് മാനേജർ അരുൺ എസ് കുമാർ, ടാറ്റാ എൽക്സിയിലെ നൈസിൽ ബോസ്, ക്വാഡൻസ് ടെക്നോളജിയിലെ ജാനകി പ്രസന്ന, ട്രാവൻകൂർ അനലിറ്റിക്സിലെ മുകേഷ് എസ് നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിലെ ഐടി കമ്പനികളുടെ കലാ-സാംസ്കാരിക-കായിക-ഐടി ക്ലബ്ബായ നടാന, ജി ടെക്, ടെക്നോപാർക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ടെക് എ ബ്രേക്ക് 2025 സംഘടിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.