- Trending Now:
കൊച്ചി: ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് (ടിഎംപിവി)ന്റെ ഉപകമ്പനിയായ ജാഗ്വർ ലാൻഡ് റോവർ ഓട്ടോമോട്ടീവ് പിഎൽസി (ജെഎൽആർ)യും ചേർന്ന് തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയിലെ പനപാക്കത്ത് സ്ഥാപിച്ച പുതിയ നിർമാണശാലയുടെ പ്രവർത്തനം ആരംഭിച്ചു.
പ്ലാന്റിന്റെ ആദ്യ ഘട്ട പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. ടിഎംപിവിയും ജെഎൽആർ ബ്രാൻഡുകളും ഉൾപ്പെടുന്ന അടുത്ത തലമുറ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ-നിർമിക്കാൻ ലക്ഷ്യമിടുന്ന ഈ പ്ലാന്റിൽ നിന്നും ആദ്യ വാഹനമായ ജെഎൽആറിന്റെ ആഡംബര എസ്യുവി റേഞ്ച് റോവർ ഇവോക് പുറത്തിറക്കും.
തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ടാറ്റ സൺസ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വാഹനങ്ങളുടെ ചെയർമാൻ എൻ. ചന്ദ്രശേഖരനും ചേർന്നാണ് നിർമാണശാല ഉദ്ഘാടനം ചെയ്തത്. മന്ത്രിമാർ, ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, ടിഎംപിവി, ജെഎൽആർ, ടാറ്റ ഗ്രൂപ്പ് എന്നിവയുടെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യനിർമാണത്തിൽ ടാറ്റ ഗ്രൂപ്പിന് നിർണായക പങ്കുണ്ടെന്നും തമിഴ്നാടുമായി ടാറ്റ ഗ്രൂപ്പിന് ദീർഘകാലവും ചരിത്രപരവുമായ ബന്ധമുണ്ടെന്നും പനപാക്കം പ്ലാന്റിന്റെ പ്രവർത്തനാരംഭവും ആദ്യ റേഞ്ച് റോവർ ഇവോകിന്റെ പുറത്തിറക്കലും സംസ്ഥാനത്തിന്റെ ലോകോത്തര ഓട്ടോമോട്ടീവ് നിർമാണ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ പറഞ്ഞു.
പനപാക്കം പ്ലാന്റിന്റെ ഉദ്ഘാടനം സുസ്ഥിരവും നിർമാണ രംഗത്ത് ഇന്ത്യയുടെ നേതൃസ്ഥാനത്തെ വേഗത്തിലാക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാണെന്നും മികച്ച ഗുണനിലവാരവും സാങ്കേതിക മികവും കൈവരിക്കുന്ന വാഹനങ്ങൾ ഇന്ത്യയ്ക്കും ലോകത്തിനും നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
അത്യാധുനിക നിർമാണ സാങ്കേതികവിദ്യകളും പ്രാവീണ്യമുള്ള തൊഴിലാളികളും ഒന്നിക്കുന്നതാണ് ടിഎംപിവിയുടെ പനപാക്കം പ്ലാന്റ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഷോപ്പ്ഫ്ളോർ ടെക്നീഷ്യൻമാർ ഇവിടെ പ്രവർത്തിക്കുന്നു. ഇവർ ടാറ്റ മോട്ടോഴ്സിന്റെ 'ലക്ഷ്യ' പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നേടിയത്-'പഠിക്കുമ്പോൾ സമ്പാദിക്കുക' മാതൃകയിൽ, എൻജിനീയറിംഗ്, മാനേജ്മെന്റ് തലങ്ങളിലേക്ക് വളർച്ചയ്ക്ക് വഴിയൊരുക്കുന്നതാണ് പദ്ധതി.
അഞ്ചുമാസത്തെ കർശനമായ പരിശീലനം ജെഎൽആർ കേന്ദ്രങ്ങളിൽ പൂർത്തിയാക്കിയ ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. ജോലി ചെയ്യുന്നതിനൊപ്പം കമ്പനിയുടെ പിന്തുണയോടെ പ്രശസ്ത സർവകലാശാലയിൽ നിന്ന് ബി.ടെക് ബിരുദം നേടാനുള്ള അവസരവും ഇവർക്കുണ്ട്.
പ്ലാന്റിലെ വാഹന ഉത്പാദനം ഘട്ടംഘട്ടമായി വർധിപ്പിച്ച് അടുത്ത അഞ്ചു മുതൽ ഏഴു വർഷത്തിനകം വർഷം 2.5 ലക്ഷം വാഹനങ്ങളുടെ പൂർണ ശേഷിയിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യൻ വിപണിക്കും അന്താരാഷ്ട്ര വിപണികൾക്കും വേണ്ടിയാണ് ഉത്പാദനം.
ഈ നിർമാണശാലയെ ദീർഘകാല വളർച്ചയ്ക്ക് അനുയോജ്യമായ അത്യാധുനിക കേന്ദ്രമാക്കാൻ ഏകദേശം 9,000 കോടി രൂപ നിക്ഷേപിക്കാനാണ് ടിഎംപിവിയുടെ ലക്ഷ്യം. ഇതിലൂടെ 5,000ത്തിലധികം പേർക്ക് നേരിട്ടും പരോക്ഷവുമായി തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
പനപാക്കം പ്ലാന്റ് പൂർണമായും നവീകരണ ഊർജ്ജത്തിൽ പ്രവർത്തിക്കുന്നതും, ജലസമതുലിത സംവിധാനങ്ങളോടുകൂടിയതുമാണ്. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ എല്ലാ ഘട്ടങ്ങളിലും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ പ്ലാന്റ്, വാഹന നിർമാണ രംഗത്ത് ഹരിത നിർമാണത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്ന് ടിഎംപിവി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.