Sections

ഇൻഡോനേഷ്യയിൽ നിന്നുള്ള സാംസ്‌കാരിക പായക്കപ്പലായ 'അർക്ക കിനാരി' കൊച്ചിയിൽ

Monday, Feb 09, 2026
Reported By Admin
Arka Kinari Sailboat Brings Sustainability Art to Kochi

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ സർഗാത്മക അന്തരീക്ഷത്തിലേക്ക് സുസ്ഥിരതയുടെയും കലയുടെയും സന്ദേശവുമായി സാംസ്കാരിക പായക്കപ്പലായ 'അർക്ക കിനാരി' ഇൻഡോനേഷ്യ യിൽ നിന്നും കൊച്ചിയിലെത്തി. സമുദ്രങ്ങൾ താണ്ടിയെത്തിയ കപ്പലിലെ കലാകാരൻമാരും ഗവേഷകരും കൊച്ചിയിലെ പ്രാദേശിക സമൂഹങ്ങളുമായും ബിനാലെ കലാകാരൻമാരുമായും സംവദിക്കാൻ ഒരുങ്ങുകയാണ്.

ഫെബ്രുവരി 9, 10 തീയതികളിൽ രാവിലെ 10 മണി മുതൽ കൊച്ചി ഇൻറർനാഷണൽ മറീന KTDC യിൽ സുസ്ഥിര ജീവിതശൈലിയെക്കുറിച്ച് അവബോധം നൽകുന്ന 'ലബോറട്ടറി ഓഫ് സസ്റ്റൈനബിലിറ്റി & ദ സീ'എന്ന പ്രത്യേക ഗൈഡഡ് വാക് ത്രൂ നടക്കും.

ഫെബ്രുവരി 10-ന് ഉച്ചയ്ക്ക് 3 മണിക്ക് എബിസി ആർട്ട്റൂം വാട്ടർ മെട്രോ, ഫോർട്ട് കൊച്ചിയിൽ കുട്ടികൾക്കായി 'സുവാര ഭൂമി' എന്ന പേരിൽ കഥ പറച്ചിലും ചിത്രരചനയും ഉൾപ്പെടുത്തിയ ശില്പശാല സംഘടിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി 13-ന് വൈകുന്നേരം 3 മണിക്ക് ഇതേ വേദിയിൽ വിവിധ ദ്വീപുകളിലെ സംഗീത സംസ്കാരങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള 'ലോട്ട് ലൗഡ്' എന്ന സവിശേഷമായ സംഗീത യാത്രയും അരങ്ങേറും.

പരിപാടികളുടെ സമാപനമായി ഫെബ്രുവരി 14-ന് വൈകുന്നേരം 7:30-ന് അർക്ക കിനാരി കപ്പലിൽ തന്നെ സജ്ജമാക്കുന്ന വേദിയിൽ മൾട്ടിമീഡിയ ദൃശ്യവിരുന്നായ 'പോർട്ട് പെർഫോമൻസ്' യാത്രികരായ ഗ്രെ ഫിലിസ്റ്റായിൻ, നോവ രുത് & സംഘവും ചേർന്ന് നടത്തും. കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തെയും പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെയും കൂട്ടിയിണക്കുന്ന ഈ വ്യത്യസ്തമായ അനുഭവങ്ങളിലേക്ക് എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു.

'കാലാവസ്ഥ വ്യതിയാനത്തിൻറെ ഭീകരമായ ഇരയായി കൊണ്ടിരിക്കുന്ന ഇൻഡോനേഷ്യൻ അനുഭവങ്ങളെ കലാ സാംസ്കാരികമായ രീതികളിലൂടെ ലോകത്തിൻറെ പല പ്രദേശങ്ങളിൽ കപ്പൽ യാത്ര ചെയ്ത് പങ്കിടുന്ന അർക്ക കിനാരി കൊച്ചി വാസികൾക്കും ബിനാലെ സന്ദർശകർക്കും ഒരു പുതിയ അനുഭവം ആയിരിക്കും'-എബിസി ആർട്ട് റൂം പ്രോഗ്രാം ഹെഡ് ആർട്ടിസ്റ്റ് ബ്ലെയ്സ് ജോസഫ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.