- Trending Now:
കോഴിക്കോട്: സംസ്ഥാന ടൂറിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നയമായ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങൾ ആത്യന്തികമായി പ്രാദേശിക ജനതയ്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് കോഴിക്കോട് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തിൽ കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. സുസ്ഥിര ടൂറിസം ശീലങ്ങളിൽ ഉത്തരവാദിത്ത ടൂറിസം വഴികാട്ടി എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് അവർ ഇക്കാര്യ പറഞ്ഞത്.
എസ്കേപ് ടു ഇന്ത്യ സ്ഥാപക ഫിലിപ്പ ജേൻ കേയ്, ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാലയിലെ പ്രൊഫസർ ഡോ. ജോസഫ് എം ചീർ, ആർടി മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ, എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഐസിആർടി ഗ്ലോബൽ ഡയറക്ടർ മനീഷ പാണ്ഡേ മോഡറേറ്ററായി.
ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുമെന്ന് സർക്കാർ ഉറപ്പു വരുത്തുന്നുണ്ടെന്ന് ശിഖാ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ ഉത്തരാവാദിത്ത ടൂറിസത്തിന്റെ വിജയത്തിന് പിന്നിൽ ശക്തമായ തദ്ദേശസ്വയംഭരണ സംവിധാനവും സംസ്ഥാന ആർട്ടി മിഷൻ സൊസൈറ്റിയുടെ ചിട്ടയായ പ്രവർത്തനമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഉത്തരവാദിത്ത ടൂറിസത്തിലെ ഏറ്റവും വലിയ വിപണി വനിതാ സഞ്ചാരികളാണെന്ന് ഫിലിപ്പ ജേൻ പറഞ്ഞു. ആർ ടി ടൂറിസം ഉപഭോക്താക്കളിൽ 64 ശതമാനം സ്ത്രീകളാണ്. അനുഭവവേദ്യ ടൂറിസം ഒരുക്കുമ്പോൾ സ്ത്രൂീ സഞ്ചാരികൾക്ക് ആകർഷകമാകുന്ന രീതിയിൽ അത് ക്യൂറേറ്റ് ചെയ്യണം. ആർ ടി ടൂറിസം മാതൃകയുടെ ആത്മാവ് തന്നെ അനുഭവങ്ങളാണെന്നും അത് കേരളം മാതൃകാപരമായി നടപ്പാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്ത ടൂറിസത്തിൽ കേരളത്തെ പോലെ മറ്റൊരു ആഗോള മാതൃകയില്ലെന്ന് ഡോ. ജോസഫ് ചീർ പറഞ്ഞു. അനുഭവവേദ്യ ടൂറിസത്തിന്റെ മാതൃകകളായി ഫിലിപ്പൈൻസ്, ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളെ കണക്കാക്കുന്നുണ്ടെങ്കിലും പ്രാദേശിക ജനതയെ ഗുണഭോക്താക്കളാക്കി കൊണ്ട് കേരളം മുന്നോട്ടു വയ്ക്കുന്ന മാതൃക വേറിട്ടു നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ട് കഴിഞ്ഞ ആർടി മാതൃക ഇന്ന് ആഗോള സഞ്ചാരികളെ വരവേൽക്കാൻ പൂർണമായും സജ്ജമായിക്കഴിഞ്ഞുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
സംസ്ഥാനത്തെ ആർടി ടൂറിസത്തിന്റെ വിജയത്തിൽ വ്യവസായസമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്ന് രൂപേഷ് കുമാർ പറഞ്ഞു. സംസ്ഥാന ആർടി മിഷന്റെ രണ്ട് പതിറ്റാണ്ടത്തെ നാൾവഴികൾ അദ്ദേഹം സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടക്കത്തിൽ ഏറെ സംശയദൃഷ്ടിയോടെ പരസ്പരം കണ്ടിരുന്ന പ്രദേശവാസികളും ഹോട്ടൽ വ്യവസായ ലോകവും ഇന്ന് ഈ വിജയത്തിൽ പരസ്പരപൂരകമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും ടൂറിസവും എന്ന വിഷയത്തിൽ ജപ്പാനിലെ നാരാ സർവകലാശാലയിലെ പ്രൊഫസർ നിർമല രണസിംഗെ, തനിമ ഫാം ലൈഫ് ഉടമ റെയ്നോൾഡ് സ്കറിയ, കെഐടിടിഎസ് ഡയറക്ടർ ദിലീപ് എം ആർ, മഡി ബൂട്ട്സ് സ്ഥാപകൻ പ്രദീപ് മൂർത്തി എന്നിവർ സംസാരിച്ചു.
ലിവിംഗ് ഹെറിറ്റേജ് ആൻഡ് സസ്റ്റെയിനബിൾ ഡെവലപ്മന്റ് കൺസൽട്ടന്റ് മഥുര ദത്ത, എസിടി എക്സിക്യൂട്ടീവ് അംഗം ഒഷാൻ ലെപ്ച, മുസിരിസ് ഹെറിറ്റേജ് എംഡി ഷാരോൺ വീട്ടിൽ, തോൽപ്പാവക്കൂത്ത് കലാകാരൻ വിപിൻ വിശ്വനാഥ പുലവർ, കണ്ണൂരിലെ സിറ്റി ഹെറിറ്റേജ് ഉടമ മുഹമ്മദ് ഷിഹാദ് എന്നിവർ ലിവിംഗ് ഹെറിറ്റേജ് ആൻഡ് ആർടി എന്ന വിഷയത്തിൽ അവതരണങ്ങൾ നടത്തി. ബേപ്പൂർ മോഡലിനെക്കുറിച്ച് ഹോപ്ഷോർ മൾട്ടിഡിസിപ്ലിനറി സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സ് സ്ഥാപകൻ നജ്മുൾ മേലത്തും അവതരണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.