- Trending Now:
കൊച്ചി: രാജ്യത്തെ കാർബൺ പുറം തള്ളൽ നെറ്റ് സീറോയിലെത്തിക്കുന്നതിനുള്ള ലക്ഷ്യത്തിലേക്ക് വലിയ പിന്തുണയുമായി ടാറ്റ മോട്ടോഴ്സും വി.ഒ. ചിദംബരനാർ പോർട്ട് അതോറിറ്റിയും (വിഒസിപിഎ) തമ്മിൽ ധാരണാപത്രം (എംഒയു) ഒപ്പുവെച്ചു. തൂത്തുക്കുടി തുറമുഖത്ത് 40 ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന ഹെവിഡ്യൂട്ടി ട്രക്കുകൾ വിന്യസിക്കുന്നതിനാണ് ഈ കരാർ.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
കരാറിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്സ് ആദ്യം ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രൈം മൂവർ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കും. തുടർന്ന് അടുത്ത രണ്ട് വർഷത്തിനിടെ ഘട്ടംഘട്ടമായി 40 ഹൈഡ്രജൻ ഇന്റേണൽ കംബഷൻ എഞ്ചിൻ ട്രക്കുകൾ തുറമുഖത്തിന് നൽകും. പദ്ധതിക്ക് ധനസഹായം നൽകുന്നത് കേന്ദ്ര തുറമുഖ മന്ത്രാലയമാണ്.
ഗ്രീൻ ഹൈഡ്രജൻ ട്രക്കുകളുടെ വിന്യാസം തുറമുഖത്തെ ചരക്ക് കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങളെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുമെന്നും ഇതിനായി 2 മെഗാവാട്ട് ശേഷിയുള്ള ഇലക്ട്രോളൈസറും പ്രത്യേക ഹൈഡ്രജൻ റീഫ്യൂവലിംഗ് സ്റ്റേഷനും സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും വിഒസിപിഎ ചെയർമാൻ സുശാന്ത കുമാർ പുരോഹിത് പറഞ്ഞു.
ഹൈഡ്രജൻ ട്രക്കുകൾ തുറമുഖ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക സാധ്യതകൾ ഈ പദ്ധതി തെളിയിക്കുമെന്നും ശുദ്ധ ഇന്ധന ഉപയോഗത്തിലൂടെ തുറമുഖ മേഖലയിലെ മലിനീകരണം കുറയ്ക്കാനാണ് ലക്ഷ്യമെന്നും ടാറ്റ മോട്ടോഴ്സ് ട്രക്ക്സ് വിഭാഗം വൈസ് പ്രസിഡന്റ് രാജേഷ് കൗൾ പറഞ്ഞു.
പദ്ധതിയിൽ ഉൾപ്പെടുന്ന ട്രക്കുകൾ ടാറ്റ മോട്ടോഴ്സിന്റെ പ്രൈമ 55 ടൺ പ്രൈം മൂവർ മോഡലുകളാണ്. സുരക്ഷയും ഡ്രൈവർ സൗകര്യങ്ങളും മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വാഹനങ്ങൾ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതത്തിന് സഹായകരമാകും.
ടാറ്റ മോട്ടോഴ്സ് ബാറ്ററി ഇലക്ട്രിക്, സി.എൻ.ജി, എൽ.എൻ.ജി, ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ വാഹന വികസനത്തിൽ മുൻപന്തിയിലാണ്. ഇതിനുമുമ്പ് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രക്കുകളും ബസുകളും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.