- Trending Now:
ഓണച്ചന്തകളില്‍ ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യാന്‍ പ്രത്യേക സ്റ്റാള്‍ ഒരുക്കുമെന്നു ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. ഏത്തവാഴ കര്‍ഷകരെ സഹായിക്കുന്നതു മുന്‍നിര്‍ത്തി ഓണം സ്‌പെഷ്യല്‍ ഭക്ഷ്യ കിറ്റിനൊപ്പം ഉപ്പേരിയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നരുവാമൂട് ചിറ്റിക്കോട് ഏലായില്‍ വള്ളിച്ചല്‍ സംഘമൈത്രി ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനി ലിമിറ്റഡിന്റെ ഓണക്കാല വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശിക കര്‍ഷകര്‍ക്കു വിപണി കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്ക്കുമെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഓണച്ചന്തകളില്‍ ജൈവ പച്ചക്കറി സ്റ്റാള്‍ തുറക്കുന്നത്. ഓണക്കിറ്റിനൊപ്പം ഉപ്പേരി നല്‍കുന്നതിനായി കുടുംബശ്രീയുടെ പ്രാദേശിക കര്‍ഷകരില്‍നിന്ന് എത്തക്കായ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചിറ്റിക്കോട് ഏലായില്‍ ഏഴ് ഏക്കറില്‍ കൃഷി ചെയ്ത പയര്‍, വെള്ളരി,വെണ്ട, ചീര, വാഴപ്പഴങ്ങള്‍, പപ്പായ എന്നിവയുടെ ആദ്യഘട്ട വിളവെടുപ്പാണ് നടന്നത്. നൂറ്റിയിരുപതോളം കര്‍ഷകര്‍ ചേര്‍ന്നാണു നൂറുമേനി വിളവെടുത്തിരിക്കുന്നത്. സംഘമൈത്രിയുടെ കീഴില്‍ ജില്ലയില്‍ ഏഴായിരത്തോളം കര്‍ഷകര്‍് വിവിധയിടങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. ഇവരുടെ രണ്ട് ജൈവ പച്ചക്കറി മൊബൈല്‍ യൂണിറ്റുകള്‍ അയ്യങ്കാളി ഹാളിനു മുന്നിലും സെക്രട്ടേറിയേറ്റിനടുത്തായും പ്രവര്‍ത്തിക്കുന്നുണ്ട്.
വിളവെടുപ്പ് മഹോത്സവ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വിളപ്പില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ കെ. രാകേഷ്, വി. ബിന്ദു, സരിത, ജെ. രാജേഷ്, സംഘമൈത്രി ചെയര്‍മാന്‍ ആര്‍. ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.