- Trending Now:
കൊച്ചി: ഇന്ത്യയുടെ സേവന മേഖലയിൽ ആഗോള കയറ്റുമതി അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയം രൂപീകരിച്ച സർവീസസ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലും(എസ്ഇപിസി) ഇന്ത്യയിലെ മുൻനിര സോഷ്യൽ ഗെയിമിംഗ്, ഇന്ററാക്ടീവ് എന്റർടൈൻമെന്റ് പ്ലാറ്റ്ഫോമായ വിൻസോയുമായി ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്ത് അതിവേഗം വളരുന്ന ഗെയിമിംഗ് വ്യവസായത്തിൽ അത്യാധുനിക സാങ്കേതിക വിദ്യയുടെയും ബൗദ്ധിക സ്വത്തിന്റെയും(ഐപി) കയറ്റുമതി പ്രോത്സാഹനം ലക്ഷ്യമിട്ടാണ് മൂന്ന് വർഷത്തെ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. 300 ബില്യൺ ഡോളറിന്റെ ആഗോള ഗെയിമിംഗ് വിപണിയിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തി ഇന്ത്യൻ നിർമ്മിത ഗെയിമുകളുടെ കയറ്റുമതിയിൽ രാജ്യത്തെ മുൻനിരയിൽ എത്തിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
2025ലെ ഇന്ത്യ ഗെയിമിംഗ് റിപ്പോർട്ട് പ്രകാരം ലോകത്തെ ഗെയിമിംഗ് ഉപയോക്തൃ അടിത്തറയുടെ ഏകദേശം 20ശതമാനവും ആഗോള ഗെയിമിംഗ് ആപ്പ് ഡൗൺലോഡുകളുടെ 15.1ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ മേഖല ഏകദേശം മൂന്ന് ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകർഷിച്ചു. 1,888 ഗെയിമിംഗ് സ്റ്റാർട്ടപ്പുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 2024ൽ 3.7 ബില്യൺ യുഎസ് ഡോളറിൽ നിന്നും 2029 ഓടെ 19.6% വാർഷിക വളർച്ച നേടി 9.1 ബില്യൺ യുഎസ് ഡോളറായി ഉയരുമെന്ന് കണക്കാക്കുന്നു.
എസ്ഇപിസിയുമായുള്ള ഈ പങ്കാളിത്തം വഴി ഈ മാസം ജർമ്മനിയിൽ നടക്കുന്ന ഗെയിംസ്കോമിൽ ഇന്ത്യ പവലിയനിലും മറ്റ് ആഗോള പരിപാടികളിലുമായി ഇന്ത്യൻ ഗെയിം ഡെവലപ്പർമാരെ അവരുടെ മികച്ച ഗെയിമുകളും ഗെയിമിംഗ് സാങ്കേതികവിദ്യയും പ്രദർശിപ്പിക്കാൻ വിൻസോ സഹായിക്കും. ഇതുവഴി യൂറോപ്പിലെ മുഖ്യ ഗെയിമിംഗ് ഇവന്റിലും ആഗോള വേദിയിലും ആഗോള പ്രസാധകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവരുമായി ബന്ധപ്പെടാൻ ഇന്ത്യൻ ഡെവലപ്പർമാർക്ക് സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.