Sections

ബിരുദക്കാര്‍ക്ക് എസ്.ബി.ഐ-യില്‍ പ്രൊബേഷണറി ഓഫീസറാകാം

Thursday, Sep 29, 2022
Reported By MANU KILIMANOOR

ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള തീയതികളിലായിരിക്കും പൊതുപരീക്ഷ


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍ (പി.ഒ.) തസ്തികയിലേക്ക് അപേക്ഷിക്കാം. 1673 ഒഴിവുകളുണ്ട്. ജനറല്‍-648, എസ്.സി.-270, എസ്.ടി.-131, ഒ.ബി.സി.-464, ഇ.ഡബ്ല്യു.എസ്.-160 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനും നീക്കിവെച്ചിരിക്കുന്നത്. 73 എണ്ണം ബാക്ക്‌ലോഗാണ്. ഭിന്നശേഷിക്കാര്‍ക്കും അവസരമുണ്ട്.

യോഗ്യത

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/തത്തുല്യം. അവസാനവര്‍ഷം/സെമസ്റ്ററില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാമെങ്കിലും 2022 ഡിസംബര്‍ 31-നകം പാസായതായുള്ള രേഖ അഭിമുഖത്തിന് ഹാജരാക്കേണ്ടിവരും. ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രിക്കാര്‍ക്കും മെഡിക്കല്‍, എന്‍ജിനിയറിങ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. ശമ്പളം: 36,000-63,840 രൂപ (പുറമേ മറ്റ് ആനുകൂല്യങ്ങളും).

പ്രായം: 21-30 വയസ്സ്. അപേക്ഷകര്‍ 02.04.1992-നുശേഷവും 01.04.2001-നുമുമ്പും (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗത്തിന് 10 വര്‍ഷത്തെയും എസ്.സി,. എസ്.ടി.ക്കാര്‍ക്ക് 15 വര്‍ഷത്തെയും ഒ.ബി.സി.ക്കാര്‍ക്ക് 13 വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള തീയതികളിലായിരിക്കും പൊതുപരീക്ഷ. കേരളത്തില്‍ 10 കേന്ദ്രങ്ങളില്‍ പരീക്ഷയുണ്ടാകാം. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മെയിന്‍ പരീക്ഷയും തുടര്‍ന്ന് സൈക്കോമെട്രിക് ടെസ്റ്റ്, അഭിമുഖം, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയും നടത്തി മാര്‍ച്ചോടെ അന്തിമഫലം പ്രഖ്യാപിക്കും.

പ്രാഥമികപരീക്ഷ ഓണ്‍ലൈനായി ഒബ്ജക്റ്റീവ് മാതൃകയിലാണ് നടത്തുക. പരീക്ഷ 100 മാര്‍ക്കിനായിരിക്കും. ഒരുമണിക്കൂറായിരിക്കും സമയം. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നിവയില്‍നിന്നായിരിക്കും ചോദ്യങ്ങള്‍.

പ്രാഥമികപരീക്ഷയില്‍നിന്ന് ഒഴിവുകളുടെ പത്തിരട്ടിപ്പേരെ മെറിറ്റ് അടിസ്ഥാനത്തില്‍ മെയിന്‍ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കും. മെയിന്‍ പരീക്ഷയും ഓണ്‍ലൈനായിട്ടായിരിക്കും. 200 മാര്‍ക്കിന് ഒബ്ജക്റ്റീവ് മാതൃകയിലും 50 മാര്‍ക്കിന് ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലുമായിരിക്കും മെയിന്‍ പരീക്ഷ നടത്തുക. മൂന്നരമണിക്കൂറായിരിക്കും സമയം.


വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: bank.sbi/careers | www.sbi.co.in/careser
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.