- Trending Now:
നവീകരണം, സർഗ്ഗാത്മകത, യുവാക്കളുടെ നേതൃത്വത്തിലുള്ള സാങ്കേതിക പുരോഗതി എന്നിവ ആഘോഷിച്ച ഒരു ദിവസത്തിന് പ്രചോദനാത്മകമായ അന്ത്യം കുറിച്ചുകൊണ്ട് റോബോട്ടിക്സ് ഫോർ ഗുഡ് യൂത്ത് ചലഞ്ച് ഇന്ത്യ 2025 ഇന്നലെ വൈകുന്നേരം ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ യശോഭൂമിയിൽ സമാപിച്ചു.
അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ (ITU) AI ഫോർ ഗുഡ് ഇംപാക്റ്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി IIT ഡൽഹിയിലെ ഐ-ഹബ് ഫൗണ്ടേഷൻ ഫോർ കോബോട്ടിക്സുമായി (IHFC) സഹകരിച്ച് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ പിന്തുണയോടെ സംഘടിപ്പിച്ച ഈ ദേശീയ ചലഞ്ചിൽ ഭക്ഷ്യ സുരക്ഷയേയും സുസ്ഥിര വികസനത്തേയും അഭിസംബോധന ചെയ്യുന്നതിനായി റോബോട്ടിക്‌സ് അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കുന്ന യുവ നവീനാശയക്കാരുടെ കഴിവുകൾ പ്രദർശിപ്പിച്ചു.
ജൂനിയർ, സീനിയർ എന്നീ രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള അവാർഡുകളും ഓരോ വിഭാഗത്തിലേയും ഏറ്റവും നൂതനമായ റോബോട്ടിനുള്ള പ്രത്യേക പുരസ്‌കാരവും നല്കി.
ജൂനിയർ വിഭാഗം
ബെംഗളൂരുവിലെ പ്ലേറ്റോ ലാബ്സിലെ ടീം ഹെയാൻഷിനെ ജൂനിയർ വിഭാഗത്തിലെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും 2026 ജൂലൈയിൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ഗ്ലോബൽ ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കുകയും ചെയ്തു.
ഫസ്റ്റ് റണ്ണർഅപ്പ് ആയി ടീം റോബോ നൈറ്റ്സ് ജൂനിയർ(DPS ആർ.കെ പുരം,ന്യൂഡൽഹി), സെക്കൻഡ് റണ്ണർഅപ്പ് ആയി ടീം നൈതിക് (പ്ലേറ്റോ ലാബ്‌സ്, ബെംഗളൂരു) എന്നിവർ ജൂനിയർ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
ഈ വിഭാഗത്തിലെ ഏറ്റവും നൂതനവും യഥാർത്ഥവുമായ റോബോട്ടിനുള്ള പ്രത്യേക പുരസ്‌കാരം ടീം ഹെയാൻഷ് (പ്ലേറ്റോ ലാബ്‌സ്, ബെംഗളൂരു) കരസ്ഥമാക്കി.
സീനിയർ വിഭാഗം
വരാണസിയിലെ കൊയിരാജ്പൂറിലെ സന്ത് അതുലാനന്ദ് കോൺവെന്റ് സ്‌കൂളിനെ പ്രതിനിധീകരിച്ച ടീം, ദി ആംബിഷ്യസ് ആവഞ്ചേഴ്സ് തുടർച്ചയായ രണ്ടാം വർഷവും ജേതാക്കളായി. 2026 ജൂലൈയിൽ ജനീവയിൽ നടക്കുന്ന ഗ്ലോബൽ ഗ്രാൻഡ് ഫിനാലെയിൽ ഇവർ വീണ്ടും ഇന്ത്യയെ പ്രതിനിധീകരിക്കും.
ഫസ്റ്റ് റണ്ണർഅപ്പ് ആയി ടീം ആരവ് (പ്ലേറ്റോ ലാബ്‌സ്,ബെംഗളൂരു) സെക്കൻഡ് റണ്ണർഅപ്പ് ആയി ടീം - കോഡ് (ലോട്ടസ് വാലി ഇന്റർനാഷണൽ സ്‌കൂൾ, നോയിഡ എക്സ്പ്രസ്വേ, സെക്ടർ 126, നോയിഡ) എന്നിവർ സീനിയർ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
ഈ വിഭാഗത്തിലെ ഏറ്റവും നൂതനവും സർഗ്ഗാത്മകവുമായ റോബോട്ടിനുള്ള പ്രത്യേക പുരസ്‌കാരം ടീം ആരവ് (പ്ലേറ്റോ ലാബ്‌സ്, ബെംഗളൂരു) നേടി.
സർഗ്ഗാത്മകത, ടീം വർക്ക്, സാങ്കേതിക മികവ് എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഇന്ത്യയിലുടനീളമുള്ള 55 ടീമുകളിൽ നിന്നുള്ള 271 പങ്കാളികളെ റോബോട്ടിക്‌സ് ഫോർ ഗുഡ് യൂത്ത് ചലഞ്ച് ഇന്ത്യ 2025 വിജയകരമായി ഒരുമിച്ച് കൊണ്ടുവന്നു. ശ്രദ്ധേയമായ പ്രകടനത്തിലൂടെ, ടീം ഹെയാൻഷ് (ജൂനിയർ), ടീം ആംബിഷ്യസ് ആവഞ്ചേഴ്സ് (സീനിയർ) എന്നീ ടീമുകൾ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന (2026 ജൂലൈ 7-10) ഗ്ലോബൽ ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യയുടെ പതാക വഹിക്കും. AI ഫോർ ഗുഡ് ഇംപാക്ട് ഇനിഷ്യേറ്റീവിന് കീഴിൽ പങ്കെടുക്കുന്ന 25 രാജ്യങ്ങളിലൊന്നായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഇവർ പങ്കെടുക്കും.
ഇന്ന് ന്യൂഡൽഹിയിൽ നടന്ന ഐ.എം.സി 2025 ന്റെ ഒൻപതാം പതിപ്പിൽ യു.എൻ ആസ്ഥാനമായുള്ള പ്രശസ്ത ആഗോള റോബോട്ടിക്‌സ് മത്സരമായ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ 'റോബോട്ടിക്‌സ് ഫോർ ഗുഡ് യൂത്ത് ചലഞ്ച് ഇന്ത്യ 2025' ഡി.സി.സി അംഗം (സർവീസസ്) ശ്രീ ദേബ് കുമാർ ചക്രബർത്തിയും ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ പോളിസി ഡിപ്പാർട്ട്മെന്റ് (TSB) ഡെപ്യൂട്ടി ഡയറക്ടറും ചീഫുമായ ഡോ.ബിലേൽ ജമൂസിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
റോബോട്ടിക്‌സ്, നിർമ്മിതബുദ്ധി, IoT തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ സാങ്കേതികവിദ്യ, നവീകരണം, ആഗോള സഹകരണം എന്നിവയിലൂടെ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടിനെ ഈ സംരംഭം അടിവരയിടുന്നു.
കൃഷിയുടേയും ഭക്ഷ്യസുരക്ഷയുടേയും നിർണായക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള വെല്ലുവിളികളെ നേരിടാൻ നിർമ്മിതബുദ്ധിയും റോബോട്ടിക്‌സ് അധിഷ്ഠിത പരിഹാരങ്ങളും വികസിപ്പിക്കാൻ 10 മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളെ ഈ ചലഞ്ച് ക്ഷണിച്ചു. മത്സര ഗെയിം ബോർഡിൽ നിർദ്ദിഷ്ട ഭക്ഷ്യസുരക്ഷാ വെല്ലുവിളിയെ നേരിടുന്നതിനായി ഒരു റോബോട്ട് രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും പ്രോഗ്രാം ചെയ്യുന്നതിനും വ്യക്തിഗത, ടീം വിഭാഗങ്ങളിലായി മത്സരം സംഘടിപ്പിച്ചിരുന്നു. കൃഷിയുടേയും ഭക്ഷ്യസുരക്ഷയുടേയും നിർണായക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യൻ ടീമുകൾ അവരുടെ കഴിവുകളിൽ അപാരമായ പ്രതിഭയും നൈപുണ്യവും പ്രദർശിപ്പിച്ചു. 2026 ലെ AI ഫോർ ഗുഡ് ഗ്ലോബൽ ഉച്ചകോടിയ്ക്കിടെ ജനീവയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നതിനുള്ള പ്രാഥമിക ഘട്ടമാണ് ഈ ദേശീയ പരിപാടി.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ(SDGs) മുന്നോട്ട് കൊണ്ടുപോകുന്നതിന് റോബോട്ടിക്‌സും നിർമ്മിതബുദ്ധിയും ഉപയോഗപ്പെടുത്തുന്നതിനായി അടുത്ത തലമുറയിലെ നൂതനാനാശയക്കാരെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ AI ഫോർ ഗുഡ് പ്രോഗ്രാമിന്റെ മുൻനിര സംരംഭമാണ് റോബോട്ടിക്‌സ് ഫോർ ഗുഡ് യൂത്ത് ചലഞ്ച്. മെച്ചപ്പെട്ടതും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു ലോകത്തിനായി റോബോട്ടിക്‌സ് പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാർത്ഥികൾ, അധ്യാപകർ, സാങ്കേതിക വിദഗ്ധർ എന്നിവർക്കിടയിൽ ആഗോള സഹകരണം വളർത്തിയെടുക്കുന്നതിനാണ് ഈ ചലഞ്ച് സംഘടിപ്പിക്കുന്നത്.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും(COAI) സംയുക്തമായാണ് ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക ഫോറമായ ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) സംഘടിപ്പിക്കുന്നത്. കണക്റ്റിവിറ്റി, ഡിജിറ്റൽ പരിവർത്തനം, നിർമ്മിതബുദ്ധിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്ക് എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന നൂതനാശയങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ആഗോള ICT , ഡിജിറ്റൽ ആവാസവ്യവസ്ഥ എന്നിവയിലെ നേതാക്കളെ ഈ പരിപാടി ഒരുമിച്ച് കൊണ്ടുവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.