Sections

ഇരുപത്തിരണ്ടാമത് ആഗോള ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ ഉച്ചകോടിയ്ക്ക് റിയാദ് ആതിഥ്യമരുളും

Tuesday, Oct 25, 2022
Reported By MANU KILIMANOOR

രാജ്യാന്തര തലത്തില്‍ പ്രശസ്തരായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കും

''യാത്ര മെച്ചപ്പെട്ട ഭാവിയ്ക്ക് വേണ്ടി എന്ന തലവാചകത്തില്‍ അരങ്ങേറുന്ന ഇരുപത്തിരണ്ടാമത് ആഗോള ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ ഉച്ചകോടിയ്ക്ക് റിയാദ് ആതിഥ്യമരുളും. റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര കോണ്‍ഫറന്‍സ് സെന്ററില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്ന് വരെയാണ് ട്രാവല്‍ - ടൂറിസം ഉച്ചകോടി. വിനോദയാത്രാ രംഗത്തെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹാരങ്ങളും ചര്‍ച്ചയാവുന്ന പരിപാടിയുടെ മുന്നിലുള്ള പരിഗണനാ വിഷയങ്ങളും പങ്കെടുക്കുന്നവരെ സംബന്ധിച്ച സൂചനകളും അടങ്ങുന്ന കരട് പ്ലാന്‍ സംഘാടക സമിതി പുറത്തിറക്കി.

മഹാമാരി പിന്നിട്ട ലോകം ആഗ്രഹിക്കുന്നത് വിനോദസഞ്ചാര മേഖലയുടെ വീണ്ടെടുപ്പ് വേഗത്തിലാക്കലാണെന്ന വിലയിരുത്തലില്‍ അതിനുതകുന്ന പദ്ധതികള്‍ക്കാണ് ഉച്ചകോടി രൂപം കാണുക. വെല്ലുവിളികള്‍ നേരിടാനുള്ള വിനോദ സഞ്ചാര മേഖലയുടെ കരുത്തും അതിനുള്ള വഴികളും ചര്‍ച്ചയാവും. ഭാവിയിലെ വിവിധ വെല്ലുവിളികള്‍ മുന്‍കൂട്ടിക്കണ്ട് അതിനെ അതിജീവിക്കലും സുസ്ഥിരത നിലനിര്‍ത്താന്‍ ഉതകുന്ന മാര്‍ഗങ്ങളും ആവിഷ്‌കരിക്കലും ഉച്ചകോടി പരിഗണിക്കുന്ന മുന്‍ഗണനാ വിഷയങ്ങളാണ്.സൗദി അറേബ്യയില്‍ വിനോദ സഞ്ചാര മേഖല സമൃദ്ധിയുടെ പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിട്ടുള്ള സന്ദര്‍ഭത്തിലാണ് ആഗോള ടൂറിസം ഉച്ചകോടിയ്ക്ക് രാജ്യം ആതിഥ്യമരുളുന്നതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് പറഞ്ഞു. ''യാത്രാ, വിനോദയാത്രാ രംഗത്തെ സ്വകാര്യ- പൊതു മേഖലകളിലുള്ള മുന്‍നിര വ്യക്തിത്വങ്ങളെയും സ്ഥാപന മേധാവികളെയും ഒരു വേദിയില്‍ ഒരുമിച്ചിരുത്തുന്നതിലൂടെ ഈ വ്യവസായത്തിന്റെ വികാസനോന്മുഖമായ ഭാവി സാധ്യമാക്കുന്നതില്‍ റിയാദ് ഉച്ചകോടി സുപ്രധാന സംഭവമായിരിക്കും'' സൗദി ടൂറിസം മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ട്രാവല്‍, ടൂറിസം രംഗത്തെ ലക്ഷ്യങ്ങളായ നിക്ഷേപം, സുസ്ഥിര വികസനം, മികച്ച യാത്രാനുഭവങ്ങള്‍ തുടങ്ങിയവ കൈവരിക്കാന്‍ ലോക രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ സാധ്യമാവും. ഇതിനുള്ള അതുല്യ വേദിയായിരിക്കും റിയാദ് ഉച്ചകോടിയെന്നും സൗദി മന്ത്രി അഭിപ്രായപ്പെട്ടു.ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റിയാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗദി അറേബ്യയുടെ തനിമ തുളുമ്പുന്ന ആതിഥ്യം ആസ്വദിക്കുന്നതോടൊപ്പം ടൂറിസം രംഗത്ത് രാജ്യം തുറന്നിട്ടിരിക്കുന്ന അറ്റമില്ലാത്ത അവസരങ്ങളെക്കുറിച്ച് വിലയിരുത്താനും ഉച്ചകോടിയിലെത്തുന്നവര്‍ക്കു അവസരം ലഭിക്കുമെന്നും സൗദി ടൂറിസം മന്ത്രി അല്‍ഖത്തീബ് തുടര്‍ന്നു.

കാര്‍ണിവല്‍ കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനും വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ ചെയര്‍മാനുമായ അര്‍നോള്‍ഡ് ഡൊണാള്‍ഡ്,മാരിയട്ട് ഇന്റര്‍നാഷണല്‍ സി ഇ ഒ ആന്റണി കപുവാനോ, ദുബായ് എയര്‍പോര്‍ട്ട് സി ഇ ഒ പോള്‍ ഗ്രിഫിത്ത്‌സ്, ഹില്‍ട്ടണ്‍ സി ഇ ഓ ക്രിസ്റ്റഫര്‍ നസ്സെറ്‌സ്, ഡോ. ഹില്‍ട്ടണ്‍, പ്രസിഡന്റും സി ഇ ഒയുമായ ക്രിസ്റ്റഫര്‍ നസെറ്റ, മാത്യു അച്ചര്‍ച്ച്, വിര്‍ച്യുസോ പ്രസിഡന്റും സിഇഒ, വിര്‍ച്യുസോ സി ഇ ഓ മാത്യു അപ്ചര്‍ച്ച്, ദിരിയ ഗേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സിഇഒ ജെറി ഇന്‍സെറില്ലോ എന്നിവര്‍ റിയാദ് ട്രാവല്‍ - ടൂറിസം ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ചിലരാണ്. രാജ്യാന്തര തലത്തില്‍ ഈ മേഖലയില്‍ പ്രശസ്തരായ നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്നും കരട് പ്ലാന്‍ വിവരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.