Sections

തലച്ചോറിലെ മൂലകോശങ്ങളുടെ വികാസം: നിർണായക കണ്ടെത്തലുമായി ആർജിസിബി ഗവേഷകർ

Saturday, Jan 24, 2026
Reported By Admin
RGCB Scientists Discover Key Neural Stem Cells in Brain Development

തിരുവനന്തപുരം: തലച്ചോറിലെ മൂലകോശങ്ങളുടെ (ന്യൂറൽ സ്റ്റെം സെല്ലുകൾ) വികാസം, അതുമായി ബന്ധപ്പെട്ട സങ്കീർണ പ്രക്രിയകൾ തുടങ്ങിയവയിലേക്ക് വെളിച്ചം വീശുന്ന പഠനവുമായി രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർജിസിബി) യിലെ ഗവേഷകർ. ഭ്രൂണാവസ്ഥയിലും മുതിർന്നവരിലും കാണപ്പെടുന്ന നാഡീസംബന്ധിയായ രോഗങ്ങൾക്കുള്ള മികച്ച ചികിത്സാസാധ്യതകൾക്ക് പഠനം വഴിതുറക്കും.

ബ്രിക്-ആർജിസിബി യിലെ ഗവേഷകനായ ഡോ. ജാക്സൺ ജെയിംസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്ര ജേർണലുകളിലൊന്നായ പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ (പി എൻ എ എസ്) പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു. വിവിധ മേഖലകളിലെ മികച്ച ഗവേഷണ പഠനറിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന ആധികാരിക പ്ലാറ്റ്ഫോമുകളിലൊന്നാണ്.നാഷണൽ അക്കാദമി ഓഫ് സയൻസസിൻറെ ഔദ്യോഗിക ജേണലായ പി എൻ എ എസ്.

തലച്ചോറിൻറെ വികാസത്തിലും അതിൻറെ പരിപാലനത്തിലും നിർണായക പങ്ക് വഹിക്കുന്ന പ്രത്യേകതരം ന്യൂറൽ സ്റ്റെം സെല്ലിനെ തിരിച്ചറിയാൻ പഠനത്തിലൂടെ സാധിച്ചതായി ഡോ. ജാക്സൺ ജെയിംസ് പറഞ്ഞു. നാഡീ വൈകല്യങ്ങൾക്കുള്ള കാരണം തിരിച്ചറിയാനും പുതിയ ചികിത്സാമാർഗങ്ങളും കണ്ടെത്താൻ ഈ പഠനം സഹായകമാകും. ന്യൂറോളജിക്കൽ, ന്യൂറോ ഡിജനറേറ്റീവ് രോഗചികിത്സയിൽ ഭാവിയിൽ വലിയ സ്വാധീനം ചെലുത്താൻ ഈ കണ്ടെത്തലിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തലച്ചോറിൻറെ വികാസ സമയത്ത് സ്വയം പുതുക്കുകയും വ്യത്യസ്ത തരം കോശങ്ങൾ ഉത്പാദിപ്പിക്കുകയും പ്രായപൂർത്തിയാകുമ്പോൾ പുനരുത്പാദിപ്പിക്കുകയും ചെയ്യുന്ന കോശങ്ങളാണ് തലച്ചോറിലെ ന്യൂറൽ സ്റ്റെം കോശങ്ങൾ. ന്യൂറൽ സ്റ്റെം കോശങ്ങളെക്കുറിച്ചുള്ള മുൻകാല ധാരണകളെ ചോദ്യം ചെയ്യുന്നതാണ് പുതിയ കണ്ടെത്തൽ മസ്തിഷ്ക വികാസം, അതിൻറെ പുനരുജ്ജീവന ശേഷി തുടങ്ങിയവയെക്കുറിച്ചുള്ള ഉൾക്കാഴ്ച നല്കാനും പഠനത്തിലെ കണ്ടെത്തലുകളിലൂടെ സാധിക്കും.

സിംഗിൾ-സെൽ ട്രാൻസ്ക്രിപ്റ്റോമിക്സ്, കണ്ടീഷണൽ നോക്കൗട്ട് മൗസ് മോഡലുകൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരുന്നു പഠനം. അത്യാധുനിക ആഗോള ശാസ്ത്ര ഗവേഷണമേഖലയിലെ ഇന്ത്യയുടെ മികച്ച സംഭാവനയെയും മനുഷ്യ മസ്തിഷ്കത്തിൻറെ നിഗൂഢതകൾ അനാവരണം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയെയും അടിവരയിടുന്നതാണ് ഇത്തരം പഠനങ്ങൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.