Sections

ബിനാലെ സന്ദർശിച്ച് പ്രമുഖർ; സിപിഐ(എം) പി ബി അംഗം സുഭാഷിണി അലി, ഫെഡറൽ ബാങ്ക് മേധാവി കെവിഎസ് മണിയൻ എന്നിവർ ബിനാലെയിലെത്തി

Friday, Jan 23, 2026
Reported By Admin
Human-Centered Art Shines at Kochi-Muziris Biennale

കൊച്ചി: വൈവിധ്യങ്ങളായ വിഷയങ്ങളിൽ മാനുഷികമായ അനുഭവം പ്രദാനം ചെയ്യുന്ന സൃഷ്ടികളാണ് കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുള്ളതെന്ന് പ്രമുഖർ അഭിപ്രായപ്പെട്ടു. മുൻ എംപിയും സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവുമായ സുഭാഷിണി അലി, ഫെഡറൽ ബാങ്ക് സിഎംഡി കെ വി എസ് മണിയൻ തുടങ്ങിയ പ്രമുഖരാണ് ബിനാലെ പ്രദർശനങ്ങൾ സന്ദർശിച്ചത്.

വികസനം മൂലം സാമാന്യ ജീവിതത്തിലും പരിസ്ഥിതിയിലും വരുന്ന പ്രത്യാഘാതങ്ങൾ കൊച്ചി-മുസിരിസ് ബിനാലെ ജനങ്ങളിലേക്കെത്തിക്കുന്നുവെന്ന് സുഭാഷിണി അലി പറഞ്ഞു.

ഇത് മൂന്നാം തവണയാണ് ബിനാലെ സന്ദർശിക്കുന്നതെന്നും വ്യത്യസ്ത വിഷയങ്ങളിൽ മാനുഷികമായ അനുഭവം പങ്കിടുന്നതിൽ കലാസൃഷ്ടികൾ വഹിക്കുന്ന പങ്ക് പ്രത്യേക പ്രാധാന്യമർഹിക്കുന്നുവെന്ന് അവർ പറഞ്ഞു. പ്രദർശിപ്പിച്ചിരിക്കുന്ന മിക്ക കൃതികളും മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപരമായ ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്നവയാണെന്നും അവർ നിരീക്ഷിച്ചു.

ബിനാലെ നിലനിർത്തുന്നതിൽ സംസ്ഥാന സർക്കാർ വഹിക്കുന്ന പങ്കിനെ അവർ അഭിനന്ദിച്ചു. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കേരളത്തിലെ കലാകാരന്മാർക്ക് അർഹമായ ഇടം നൽകേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു.

അന്തരിച്ച കലാകാരൻ വിവാൻ സുന്ദരത്തിന്റെ അവസാന സൃഷ്ടികളിലൊന്ന് ബിനാലെയിൽ പ്രദർശിപ്പിച്ചു കണ്ടത് സന്തോഷം പകരുന്ന അനുഭവമാണ്. ഇത്തരമൊരു ബിനാലെ ഇന്ത്യയിൽ മറ്റൊരിടത്തും സാധ്യമാകില്ലെന്നും കേരളത്തിൽ നിന്നുള്ള വലിയൊരു ശതമാനം യുവാക്കൾ ഈ പ്രദർശനവുമായി സജീവമായി ഇടപെടുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വെല്ലിംഗ്ടൺ ഐലൻഡ് വെയർഹൗസിലെ സൃഷ്ടികൾ മികച്ച കലാപ്രതിഷ്ഠയ്ക്കൊപ്പം സാങ്കേതികമികവ് കൂടിയാണെന്ന് കെവിഎസ് മണിയൻ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളാണ് ബിനാലെയുടെ പ്രത്യേകത. ആനന്ദ് വെയർഹൗസിലെ കുൽദീപ് സിംഗിന്റെ സൃഷ്ടിയും, നാരി വാർഡ്സിന്റെ ഡിവൈൻ സ്മൈൽസും ആകർഷിച്ചു. വിദേശികളും സ്വദേശികളുമായ സന്ദർശകരുടെ കൂടിച്ചേരൽ സാംസ്ക്കാരികമായ കൊടുക്കൽ വാങ്ങലാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലീന കലാലോകത്തെ പ്രമുഖരും സാമ്പത്തിക വിദഗ്ധരും ബിനാലെ സന്ദർശിക്കാനെത്തിയിരുന്നു. ആർട്ടിസ്റ്റ് എൻഎസ് ഹർഷ, ശിൽപി രവീന്ദർ റെഡ്ഡി തുടങ്ങിയ പ്രമുഖരും ബിനാലെ കാണാനെത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.