- Trending Now:
കൊച്ചി: വിംഗ്സ് ഇന്ത്യ 2026ൽ എയർലൈൻ വിഭാഗം വിജയിയായി എയർ ഇന്ത്യ എക്സ്പ്രസ്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായി ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന വിംഗ്സ് ഇന്ത്യ 2026ൽ പുരസ്കാരം സമ്മാനിക്കും. മികച്ച യാത്രാനുഭവം, കൂടുതൽ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങൾ, ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവാണ് എയർ ഇന്ത്യ എക്സ്പ്രസിനെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്. ജനുവരി 28നാണ് പുരസ്കാര വിതരണം.
കഴിഞ്ഞ മാസം രാജ്യത്തെ മറ്റ് എയർലൈനുകളെ അപേക്ഷിച്ച് സമയനിഷ്ഠയിൽ എയർ ഇന്ത്യ എക്സ്പ്രസായിരുന്നു മുൻപന്തിയിൽ. അടുത്തിടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫ്ളീറ്റിലേക്ക് ഉൾപ്പെടുത്തിയ പുതിയ വിമാനങ്ങളിൽ ലെതർ സീറ്റുകൾ, മൂഡ് ലൈറ്റിംഗ്, കൂടുതൽ നിശബ്ദമായ ക്യാബിൻ, അധിക സ്റ്റോറേജിനായി വലിയ ഓവർഹെഡ് സ്പേസുകൾ, ഓരോ സീറ്റിനും യുഎസ്ബി സി/എ ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ തുടങ്ങിയവയുണ്ട്. പോയിന്റ്-ടു-പോയിന്റ് കണക്ടിവിറ്റിക്കപ്പുറം എയർ ഇന്ത്യയുമായുള്ള കോഡ്ഷെയർ പങ്കാളിത്തത്തിവും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്. ഇതിലൂടെ ഒരു സ്ഥലത്ത് നിന്നും യാത്രികർക്ക് ഒറ്റ പിഎൻആറിൽ നോർത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ ദീർഘദൂര അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനാകും.
ദക്ഷിണേഷ്യ, തെക്ക്-കിഴക്കൻ ഏഷ്യ, ഗൾഫ് മേഖലകൾ എന്നിവിടങ്ങളിലെ 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും ഇന്ത്യയിൽ 45 സ്ഥലങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന് വിമാന സർവീസുകളുണ്ട്. 100ലധികം വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം 500ലധികം സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിൽ അതിവേഗം വളരുന്ന എയർലൈനാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന നിരയിലെ മൂന്നിൽ രണ്ടിലധികവും പുതുതായി ഉൾപ്പെടുത്തിയ ബോയിംഗ്, എയർബസ് വിമാനങ്ങളാണ്.
വിമാനത്താവളങ്ങൾ, വിമാനത്തുള്ളിലെ സേവനങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവ അനുദിനം മെച്ചപ്പെടുത്തകയാണ്. കൂടാതെ പ്രാദേശിക രുചികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗോർമേർ ഭക്ഷണങ്ങളും ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കായുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകളും എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നൽകുന്നത്.
ബെംഗളൂരു, ഡൽഹി, മുംബൈ എന്നീ മൂന്ന് പ്രധാന ഹബ്ബുകൾ കേന്ദ്രീകരിച്ചാണ് വിമാന കമ്പനി പ്രവർത്തിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ആഭ്യന്തര റൂട്ടുകളുടെ 80 ശതമാനവും മെട്രോ- നോൺ മെട്രോ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.
2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 120 ആഭ്യന്തര റൂട്ടുകളിലായി ആഴ്ചയിൽ 1260 സർവ്വീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുണ്ടായിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 47 ശതമാനം വളർച്ചയാണിത്. നടപ്പ് സാമ്പത്തിക വർഷം ഇത് 115 ശതമാനം ഉയർന്ന് ആഴ്ച തോറുമുള്ള ആഭ്യന്തര വിമാന സർവ്വീസുകളുടെ എണ്ണം 2700 ആയി.
കഴിഞ്ഞ സാമ്പത്തിക വർഷം എയർ ഇന്ത്യ എക്സ്പ്രസിലൂടെ യാത്ര ചെയ്ത രണ്ട് കോടി പേരിൽ ഏകദേശം 1.5കോടി ആളുകളും ആഭ്യന്തര യാത്രികരായിരുന്നു. 2025ൽ 12 പുതിയ സ്റ്റേഷനുകളും എയർലൈൻ ആരംഭിച്ചിട്ടുണ്ട്.
വിംഗ്സ് ഇന്ത്യയുടെ കഴിഞ്ഞ പതിപ്പിൽ എയർ ഇന്ത്യ എക്സ്പ്രസ് 'സസ്റ്റൈനബിലിറ്റി ചാമ്പ്യൻ' അവാർഡും കരസ്ഥമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.