Sections

കൊച്ചി കടലിനടിയിലേക്ക് ; ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങളും ആവശ്യം- ദി സോയിൽ അസംബ്ലിയിൽ ബോണി തോമസ്

Friday, Jan 23, 2026
Reported By Admin
Kochi Faces Risk of Submergence, Warns Historian

കൊച്ചി: കൊച്ചി കടലിനടിയിലാകാനുള്ള സാധ്യതയുണ്ടെന്ന ഇന്നത്തെ വിലയിരുത്തലുകൾ പേടിപ്പെടുത്തുന്നതാണെന്നും ഇതിനെപ്പറ്റി ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തലും ആവശ്യമാണെന്നും എഴുത്തുകാരനും ചരിത്രാന്വേഷിയുമായ ബോണി തോമസ് അഭിപ്രായപെട്ടു. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദി സോയിൽ അസംബ്ലി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കൊടുങ്ങല്ലൂർ പ്രദേശത്ത് ഉണ്ടായിരുന്ന മുസിരിസ് തുറമുഖ പട്ടണം 1341ൽ പെരിയാറിലെ പ്രളയത്തിൽ നശിച്ചുവെന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുസിരിസ് തകർന്നപ്പോൾ കൊച്ചി പുതിയ തുറമുഖമായി രൂപപ്പെട്ടു. കൊച്ചിയുടെ സമീപത്തെ ദ്വീപുകളിലും വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പൈതൃകഥകളുണ്ട്. പല പ്രളയങ്ങളും സുനാമിയും പ്രകൃതിയെയും മണ്ണിനെയും ബാധിച്ചു.

ഒരു പതിറ്റാണ്ട് മുമ്പ് വരെ ആയിരക്കണക്കിനു പേർ പുതുവർഷത്തിൽ പപ്പാഞ്ഞിയെ കത്തിക്കൽ ആഘോഷത്തിൽ പങ്കെടുത്ത വിശാലമായ ഫോർട്ട്കൊച്ചി കടപ്പുറം ഇന്ന് ചെറിയ മൺതിട്ടയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മാത്രം കൊച്ചിയിലെ കിലോമീറ്ററുകളോളം ഭൂമി കടലിൽ നഷ്ടമായിട്ടുണ്ട്.

വൃശ്ചിക വേലി എന്ന പ്രതിഭാസം ഓരോ വർഷവും കൊച്ചി തുറമുഖത്തിനു സമീപത്തെ ചില ദ്വീപുകളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കുന്നു. വർഷംതോറും വൃശ്ചിക വേലിയുടെ ആഘാതം കൂടി വരികയാണ്. വൃശ്ചികവേലി സമയത്ത് കൊച്ചി നഗരത്തിലെ ചില തോടുകൾ നിറഞ്ഞു കവിഞ്ഞ് റോഡുകളിൽ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. ഇവയെല്ലാം അപകടകരമായ സൂചനകളായി കണ്ട് ഭൗമ സംരക്ഷണത്തിന് നടപടികൾ കൈക്കൊള്ളേണ്ടതാണെന്ന് ബോണി തോമസ് അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള കലാകാരന്മാരെയും ഗവേഷകരെയും ഒരുമിച്ച് അണിനിരത്തി കലയും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനോടൊപ്പം അതുവഴി സമൂഹത്തിൽ മാറ്റം വരുത്തുകയുമാണ് ദി സോയിൽ അസംബ്ലി സമ്മേളനത്തിന്റെ ലക്ഷ്യം. ക്യൂറേറ്റർ പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും കലാകാരിയുമായ മീന വാരിയാണ് ഇതിന്റെ ക്യൂറേറ്റർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.