Sections

കൊച്ചി ബിനാലെ 2025: ഹൃദയം കൊണ്ട് കഥ നെയ്ത പരവതാനികളുമായി ഒരു കൂട്ടം സ്ത്രീകൾ

Saturday, Jan 24, 2026
Reported By Admin
Manchaha Handwoven Carpet Exhibition at Fort Kochi

കൊച്ചി: മനസ്സിലെ തോന്നൽ പരവതാനികളായി നെയ്തെടുക്കുകയാണ് ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ എബിസി ആർട്ട് റൂമിൽ പ്രദർശിപ്പിച്ചിരിക്കുന്ന'മൻചാഹ' (മനസ്സാഗ്രഹിക്കുന്നത്) എന്ന പരിശീലന കളരി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ജയ്പൂർ റഗ്സിന്റെ പ്രത്യേക വിഭാഗമാണ് മൻചാഹ.

ഓരോ കൈത്തറി പരവതാനികൾക്കും ഓരോ കഥകൾ പറയാനുണ്ട്. പരമ്പരാഗതമായ അറിവുകളും പ്രകൃതിയും സംസ്കാരവും സമന്വയിപ്പിച്ചാണ് ആകർഷകമായ നിറങ്ങളിലും രൂപങ്ങളിലും മനോഹരമായ പരവതാനികൾ ഒരുക്കിയിരിക്കുന്നത്. ഓരോ കലാകാരിയുടെയും ജീവിതാനുഭവങ്ങളെയും അവർക്ക് ചുറ്റുമുള്ള ലോകത്തെയും അടയാളപ്പെടുത്തുന്ന ഈ പരവതാനികൾ പലപ്പോഴും അവരുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളുടെ കൂടി പ്രതിഫലനം കൂടിയാണ്. പുറത്തുപോയി ജോലി ചെയ്യാൻ സാഹചര്യമില്ലാത്ത സ്ത്രീകൾ തങ്ങളുടെ വീടുകളിലിരുന്ന് മിച്ചം വരുന്ന നൂലുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നതെന്നും മൻ ചാഹ ഫെസിലിറ്റേറ്റർ അഞ്ജനി റാവൽ വിശദീകരിച്ചു. ഓരോ ആറ് മുതൽ എട്ട് ഇഞ്ച് വരെ നെയ്തുകഴിയുമ്പോൾ അവർ ആ പരവതാനി ചുരുട്ടിവെക്കുകയും തുടർന്ന് പുതിയ ആശയങ്ങൾ ലഭിക്കുമ്പോൾ നെയ്ത്ത് തുടരുകയും ചെയ്യുന്നു.


നന്ദ് കിഷോർ ചൗധരി രാജസ്ഥാനിൽ തുടക്കം കുറിച്ച ജയ്പൂർ റഗ്സിന് കീഴിൽ നിലവിൽ നാൽപ്പതിനായിരത്തിലധികം കലാകാരന്മാരുണ്ട്, ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. മുൻപ് പുരുഷന്മാർക്കും കുട്ടികൾക്കും മാത്രം ആധിപത്യമുണ്ടായിരുന്ന ഈ മേഖലയിൽ നിന്നും കുട്ടികളെയും ഇടനിലക്കാരെയും ഒഴിവാക്കി സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടുവരികയാണ് മൻചാഹ ചെയ്തത്. രാജസ്ഥാനിലും ഉത്തർപ്രദേശിലുമുള്ള രണ്ടായിരത്തോളം ഗ്രാമീണ സ്ത്രീകൾ സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിലൂടെ അവർക്ക് മെച്ചപ്പെട്ട വരുമാനവും മാനസികോല്ലാസവും ലഭിക്കുന്നു. ഓരോ പരവതാനിയും ഒരു ഡയറിക്കുറിപ്പ് പോലെ അവരുടെ ജീവിതാനുഭവങ്ങളെ കോർത്തിണക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അപകടത്തിൽ കേൾവിശക്തി നഷ്ടപ്പെട്ട രുക്മിണി ദേവി രൂപകൽപ്പന ചെയ്ത 'ചഞ്ചൽ' എന്ന സൃഷ്ടി ഒട്ടകങ്ങളുടെയും പസിലുകളുടെയും രൂപങ്ങൾ ചേർത്താണ് നെയ്തെടുത്തത്.

സന്ദർശകർക്കായി 'മേക്ക് യുവർ മൻചാഹ' എന്ന പേരിൽ ഒരു ക്രാഫ്റ്റ് ടേബിളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇസ്രായേലിൽ നിന്നുള്ള ജൊനാഥൻ ഡേവിഡ്, ഫ്രാൻസിൽ നിന്നുള്ള ഫ്ലോ മാറ്റിയോൾ എന്നിവർ ഇവിടുത്തെ നെയ്ത്ത് രീതി ആസ്വദിച്ചു. കൊച്ചി ചുളിക്കൽ സ്വദേശിനിയായ ആയിഷ അയൂബ് ടഫ്റ്റിംഗ് എന്ന രീതി ഉപയോഗിച്ചുള്ള പരവതാനി നിർമ്മാണം സന്ദർശകർക്കായി പ്രദർശിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.