Sections

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് റിയൽ എസ്റ്റേറ്റ് മേഖല

Sunday, Jan 22, 2023
Reported By admin
budget

ആഗോള സൂചകങ്ങളും വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ്


നിരവധി പ്രതീക്ഷകളുമായാണ് ഓരോ ബജറ്റും കടന്നു വരുന്നത്. എന്നാൽ ഇത്തവണത്തെ ബജറ്റിന് മറ്റ് ചില പ്രത്യേകതകളുമുണ്ട്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കുന്ന അവസാന ബജറ്റാണിത് എന്നതാണ് ശ്രദ്ധേയം. റഷ്യ-യുക്രൈൻ യുദ്ധവും, ആഗോള സൂചകങ്ങളും വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ്. കോവിഡിനു ശേഷം സമ്പദ് വ്യവസ്ഥയെ കൈ പിടിച്ചുയർത്തുക എന്ന ശ്രമകരമായ ദൗത്യവും സർക്കാരിനു മുന്നിലുണ്ട്.

ഇത്തവണത്തെ ബജറ്റിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഒരു മേഖലയാണ് റിയൽ എസ്റ്റേറ്റ്. എല്ലാ ബജറ്റുകളിലുമുള്ള സ്ഥിരമായ ചില ആവശ്യങ്ങളടക്കം ഒരുപിടി പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് ഈ മേഖല പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിന് അനുയോജ്യമായ പദ്ധതികൾ, നികുതി ഘടനയിലെ മാറ്റം, സിംഗിൾ വിൻഡോ ക്ലിയറൻസ് എന്നിവയെല്ലാം റിയൽ എസ്റ്റേറ്റ് രംഗത്തിന്റ പ്രതീക്ഷകളാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി നിർമാണച്ചിലവിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാരണത്താൽ ഉപഭോക്താക്കൾ മാറി നിൽക്കുന്ന സാഹചര്യമുണ്ട്. ജിഎസ്ടി ഇൻപുട് ടാക്സിൽ റിഡക്ഷൻ നൽകുക എന്ന ആവശ്യം ഇവിടെ ഉയരുന്നു. ഇത് സപ്ലൈ വർധിപ്പിക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷം റിപ്പോ നിരക്കുകളിൽ റിസർവ് ബാങ്ക് അടിക്കടി വർധന വരുത്തിയിരുന്നു. പണപ്പെരുപ്പത്തെ നേരിടാനുള്ള ഈ നടപടികൾ ഫലത്തിൽ ഭവനവായ്പയുടെ ഇഎംഐ ഭാരം വർധിപ്പിക്കുകയാണ് ചെയ്തത്. ഇക്കാരണത്താൽ തന്നെ വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂലമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.

വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് നികുതിയിൽ ഇളവ് നൽകിയേക്കും എന്ന പ്രതീക്ഷയുമുണ്ട്. ഭവനവായ്പാ പലിശ നിരക്കുകളിൽ 2 ലക്ഷം രൂപയുടെ ടാക്സ് റിബേറ്റ് എന്നത് കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലുമാക്കി മാറ്റണമെന്നാണ് ആവശ്യം. ഇത് ഹൗസിങ് സെക്ടറിലെ ഡിമാൻഡ് വർധിക്കാൻ കാരണമാകും. അഫോർഡബിൾ, മിഡ് ഇൻകം ഹൗസിങ് സെഗ്മെന്റിൽ കൂടുതൽ ഡിമാൻഡ് വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ദീർഘകാല മൂലധന നേട്ടത്തിനു മേലുള്ള നികുതി കുറയ്ക്കണമെന്ന ആവശ്യവും ഉയരുന്നു. നിലവിലുള്ള 20% പരിധിയിൽ കുറവ് വരുത്തി നൽകണമെന്നാണ് ആവശ്യം. രണ്ട് പ്രോപർട്ടികളിൽ റീ ഇൻവെസ്റ്റ് ചെയ്യുമ്പോഴുള്ള നിക്ഷേപ പരിധിയായ 2 കോടി എന്നതിൽ കുറവ് വരുത്തണമെന്നും ആവശ്യമുയരുന്നു. ഇന്ത്യ, 2070 വർഷമാകുമ്പോഴേക്ക് നെറ്റ് സീറോ കാർബൺ എമിഷൻ സ്റ്റാറ്റസാണ് ലക്ഷ്യമിടുന്നത്. ഇത് മുൻനിർത്തി ഘടനാപരമായ പദ്ധതികൾ നടപ്പാക്കി സ്ഥിരമായ വളർച്ച ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഈ ബജറ്റിൽ പ്രതീക്ഷിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.