- Trending Now:
തിരുവനന്തപുരം: ദൃശ്യാവിഷ്കാരത്തിലൂടെ കഥപറയാനുള്ള മികവ് പ്രകടമാക്കി സംസ്ഥാനത്തുടനീളമുള്ള ഐടി പ്രൊഫഷണലുകൾ. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി സംഘടിപ്പിച്ച 14-ാമത് ക്വിസ ചലച്ചിത്രോത്സവത്തിലാണ് (PQFF 2025) ടെക്കികളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരച്ചത്.
ഒരാഴ്ച നീണ്ടുനിന്ന ചലച്ചിത്രോത്സവത്തിൻറെ പുരസ്കാര വിതരണ ചടങ്ങിൽ മികച്ച പ്രകടനം കാഴ്വെച്ച ടെക്കികളെ ആദരിച്ചു. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലെ ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാർ നിർമ്മിച്ച 32 ഷോർട്ട് ഫിലിമുകളാണ് പുരസ്കാരത്തിനായി മത്സരിച്ചത്.
ചടങ്ങിൽ നടനും എഴുത്തുകാരനുമായ മുരളി ഗോപി വിജയികൾക്ക് അവാർഡ് വിതരണം ചെയ്തു. തുടർന്ന് പ്രേക്ഷകരുമായി അദ്ദേഹം സംവദിച്ചു.
പ്രശസ്ത ചലച്ചിത്ര നിരൂപകനും പ്രതിധ്വനി ഫിലിം ക്ലബ്ബിൻറെ മുഖ്യ രക്ഷാധികാരിയുമായ എംഎഫ് തോമസ്, കൺവീനർ അശ്വിൻ എംസി, ഫെസ്റ്റിവൽ ഡയറക്ടർ ഹരി, പ്രതിധ്വനി സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ, പ്രതിധ്വനി ടെക്നോപാർക്ക് സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രസിഡൻറ് വിഷ്ണു രാജേന്ദ്രൻ, എക്സിക്യുട്ടീവ് മെമ്പർ അജിത്ത് അനിരുദ്ധൻ, ഫെസ്റ്റിവൽ കൺവീനർ വിമൽ ആർ എന്നിവർ സംസാരിച്ചു.
സംവിധായകരായ ഫാസിൽ മുഹമ്മദ്, സോഹൻലാൽ, നടി ബീന ആർ ചന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ചലച്ചിത്രോത്സവത്തിൻറെ ഭാഗമായി റീൽസ്, എഐ മൈക്രോഫിലിംസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. 15 ലധികം എഐ മൈക്രോഫിലിമുകൾ മത്സരത്തിനുണ്ടായിരുന്നു. ജെൻ എഐ കഥാകൃത്ത് വരുൺ രമേശും സംവിധായിക വിധു വിൻസെൻറുമാണ് എഐ മൈക്രോഫിലിംസ് മത്സരത്തിൻറെ വിജയികളെ തിരഞ്ഞെടുത്തത്. 80 ലധികം റീൽസ് അപേക്ഷകരിൽ നിന്നാണ് നടൻമാരായ ജാസിം ഹാഷിം, ഷമീർ ഖാൻ, തിരക്കഥാകൃത്ത് മൃദുൽ ജോർജ് എന്നിവർ റീൽസ് മത്സരത്തിലെ വിജയികളെ കണ്ടെത്തിയത്.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും മെമൻറോയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവർക്ക് 10,000 രൂപയും മെമൻറോയും സമ്മാനമായി ലഭിച്ചു.
മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് ടെക്നോപാർക്കിലെ എൻവെസ്റ്റ്നെറ്റ് കമ്പനിയിലെ അമിത് വേണുഗോപാൽ സംവിധാനം ചെയ്ത 'വിലാ-ഡിസയർ ആൻഡ് ഡ്യൂ' കരസ്ഥമാക്കി. ടെക്നോപാർക്കിലെ ലീൻ ട്രാൻസിഷൻ സൊല്യൂഷനിലെ മനു കൃഷ്ണ സംവിധാനം ചെയ്ത 'റെപ്ലെ സ്നാറ്റസ്' ആണ് മികച്ച രണ്ടാമത്തെ ചിത്രം.
മികച്ച തിരക്കഥ: സായ്നാഥ് എംവി (സിനിമ: മൈ ബിലവ്ഡ്, ടിസിഎസ്, ടെക്നോപാർക്ക്), മികച്ച സംവിധായകൻ: അമൽ എം (ഡെലുലു, എക്സ്പീരിയോൺ ടെക്നോളജീസ്, ടെക്നോപാർക്ക്), മികച്ച നടൻ: വിഷ്ണു ആർ പ്രേം (ഓണച്ചാത്തൻ), മികച്ച നടി: ഗൗരി വിനോദ് (നീന സൈനിംഗ് ഓഫ്) മികച്ച ഛായാഗ്രാഹകൻ: നിതിൻ സിംഗ് (വിലാ-ഡിസയർ ആൻഡ് ഡ്യൂ), മികച്ച എഡിറ്റർ: അജയ് ദേവ് ദിനേശ് (നീന സൈനിംഗ് ഓഫ്) പ്രേക്ഷക അവാർഡ്: നീന സൈനിംഗ് ഓഫ് (സംവിധാനം: അജയ് ദേവ് ദിനേശ്, ഹൈ-ലെവൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)
റീൽസ് മത്സരത്തിൽ അലിയൻസിലെ സജീവ്ഖാൻ എ (എൻട്രി നമ്പർ:10) ഒന്നാം സമ്മാനവും ടിസിഎസിലെ അഖിൽ എസ് പി (എൻട്രി നമ്പർ: 42) രണ്ടാം സമ്മാനവും അലിയൻസിലെ സജീവ്ഖാൻ എ (എൻട്രി നമ്പർ: 11) മൂന്നാം സമ്മാനവും കരസ്ഥമാക്കി. ടെക്നോപാർക്ക് ഐക്കൺ കമ്പനിയിലെ പ്രെയിസ് സെബാസ്റ്റ്യനാണ് പ്രേക്ഷക അവാർഡ്
എഐ വീഡിയോ മത്സരം: ഒന്നാം സമ്മാനം: 'ചാവു റൈസ് ഓഫ് ദി ഡെഡ്' (അംജദ് വി കെ, ക്യുബർസ്റ്റ്, ഇൻഫോപാർക്ക്, കൊച്ചി), രണ്ടാം സമ്മാനം: 'ചാപ്റ്റർ 1 ദി റൈസ് ഓഫ് ബെഹ്മൂത്ത് ' (അജിത്ത് മേനോൻ, ട്രൈസെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ടെക്നോപാർക്ക്), മൂന്നാം സമ്മാനം: 'ദി ഡിവൈൻ പ്രോംപ്റ്റ്' (രോഹിത് കെഎ, ടിസിഎസ്, ഇൻഫോപാർക്ക്)
ചലച്ചിത്രോത്സവത്തിൻറെ ഭാഗമായി സംസ്ഥാന അവാർഡ് നേടിയ 'ഫെമിനിച്ചി ഫാത്തിമ' എന്ന സിനിമയുടെ പ്രദർശനം, അഭിനയ ശില്പശാല, ഫിലിം മേക്കിംഗ് വർക്ക് ഷോപ്പ് എന്നിവയടക്കം ഒരാഴ്ച നീണ്ടുനിന്ന പരിപാടികൾ പ്രതിധ്വനി സംഘടിപ്പിച്ചിരുന്നു. കൂടാതെ 'മാതവിലാസം' എന്ന നാടകവും സംഗീത നിശയും അരങ്ങേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.