Sections

കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് പ്രവാസി സംരംഭക ഷബാന ഫൈസലിന്റെ പിന്തുണ

Sunday, Dec 07, 2025
Reported By Admin
Shabana Faizal Becomes Platinum Patron of Kochi-Muziris Biennale

കൊച്ചി: സംരംഭകയും ജീവകാരുണ്യ പ്രവർത്തകയുമായ ഷബാന ഫൈസൽ കൊച്ചി-മുസിരിസ് ബിനാലെ പ്ലാറ്റിനം പേട്രൺ ആയി ഉദാരമായ പിന്തുണ നൽകിയതായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) അറിയിച്ചു.

ഫൗണ്ടേഷന്റെ പ്ലാറ്റിനം ബെനഫാക്ടർ കൂടിയായ ഷബാന ഫൈസലിന്റെ പിന്തുണയ്ക്ക് ആത്മാർഥമായ നന്ദി അറിയിക്കുന്നതായി കെബിഎഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തോമസ് വർഗീസ് പറഞ്ഞു. കലാപരമായ കൈമാറ്റം വളർത്തുന്നതിനും വിദ്യാഭ്യാസ സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക പൈതൃക സംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ഫൗണ്ടേഷന്റെ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അവരുടെ സംഭാവന സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) ഇന്ത്യയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മെഗാ-ആർട്ട് ഇവന്റ് എന്ന നിലയിൽ ദേശീയ, അന്തർദേശീയ അംഗീകാരം നേടിയിട്ടുണ്ട്.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷബാന ദുബായ്, ഇന്ത്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഓഫീസുകളുള്ള കെഇഎഫ് ഹോൾഡിംഗ്സിന്റെ വൈസ് ചെയർപേഴ്സണും ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ (എഫ്എസ്എഫ്) സഹസ്ഥാപകയുമാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ട്രസ്റ്റി ബോർഡ് അംഗം കൂടിയാണ് ഷബാന. ബിസിനസ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കല, സംസ്കാരം എന്നിവ അവരുടെ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യൻ പ്രവാസി സമൂഹത്തിലുടനീളമുള്ള നവീകരണം, ഉൾക്കൊള്ളൽ, സ്വാധീനം എന്നിവയെക്കുറിച്ചുള്ള സംഭാഷണങ്ങൾ രൂപപ്പെടുത്തുന്നവരുടെ കൂട്ടായ്മയായ ഇന്ത്യാസ്പോറ ഫോറം 2026 ന്റെ ആഗോള ഉപദേശക സമിതി അംഗമായി ഷബാനയെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.

കലാകാരന്മാരെ പിന്തുണയ്ക്കുകയും കാണികൾക്ക് ബന്ധം തോന്നുകയും ചെയ്യുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് തോമസ് വർഗീസ് വ്യക്തമാക്കി. സമകാലിക കലയുടെ അതിരുകൾ ഭേദിക്കുമ്പോൾ തന്നെ കെഎംബി അതിന്റെ അടിസ്ഥാന കാര്യങ്ങളിൽ സന്തുലിതാവസ്ഥ പുലർത്താൻ ശ്രദ്ധിക്കുന്നു. ലോകത്ത് മറ്റെവിടെയും ഇല്ലാത്ത സംരംഭമായ സ്റ്റുഡന്റ് ബിനാലെ അടുത്ത തലമുറയിലെ കലാകാരന്മാരെ വളർത്തുകയും പുതിയ വിദ്യാഭ്യാസ സാധ്യതകൾ തുറക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2010-ൽ രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റായ കെബിഎഫ് സംഘടിപ്പിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് (കെഎംബി-6) ഡിസംബർ 12 ന് ആരംഭിക്കും. 110 ദിവസം നീണ്ടുനിൽക്കുന്ന ബിനാലെ ഗോവയിലെ എച്ച്എച്ച് ആർട്ട് സ്പേസസുമായി ചേർന്ന് പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് ക്യൂറേറ്റ് ചെയ്യുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.