Sections

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ 200 കോടിയുടെ സിഎസ്ആർ പദ്ധതികൾ പ്രഖ്യാപിച്ചു

Friday, Mar 27, 2026
Reported By Admin
Malabar Gold Announces ₹200 Cr CSR for 2026-27

കൊച്ചി: ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ റീട്ടെയിൽ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സ് 2026-27 സാമ്പത്തിക വർഷത്തിൽ 200 കോടി രൂപയുടെ സിഎസ്ആർ പദ്ധതികൾ പ്രഖ്യാപിച്ചു. ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് പ്രഖ്യാപനം നടത്തിയത്. ദേശീയ തലത്തിൽ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഈ വർഷം 33,000 പെൺകുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനവും കേന്ദ്ര മന്ത്രി നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ അഷർ ഒ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ നിഷാദ് എ.കെ, അബ്ദുള്ള ഇബ്രാഹിം, പ്രതം സി.ഇ.ഒ രുക്മിണി ബാനർജി, തണൽ ചെയർമാൻ ഡോ. ഇദ്രിസ് തുടങ്ങിയവർ പങ്കെടുത്തു.

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പോലുള്ള പരിപാടികളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനവുമായി മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വളരെയധികം ചേർന്നു നിൽക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ സി.എസ്.ആർ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ അനുവദിക്കാനുള്ള തീരുമാനം രാജ്യത്തെ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണത്തിലാണ് വേരൂന്നിയിരിക്കുന്നതെന്നും മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 3000ത്തിലേറെ ഇടങ്ങളിലാണ് 2026-2027 വർഷത്തിൽ 200 കോടി രൂപയുടെ സി.എസ്.ആർ പ്രവർത്തനങ്ങൾ നടപ്പാക്കുക. 15 പ്രധാന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. രണ്ട് ലക്ഷത്തിലേറെ ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

തെരുവിൽ കഴിയുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള മൈക്രോ ലേണിംഗ് സെന്ററുകളും പെൺകുട്ടികൾക്കുള്ള ദേശീയ വിദ്യാഭ്യാസ സ്കോളർഷിപ്പും ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ 114 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക. 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതിയിൽ ഭക്ഷണ വിതരണത്തിനായി 30 കോടി രൂപയും ആരോഗ്യ മേഖലയിൽ 14.2 കോടി രൂപയും ഈ വർഷം ചെലവഴിക്കും. അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനുള്ള 'ഗ്രാന്റ് മാ ഹോം' പദ്ധതി ഉൾപ്പെടെയുള്ള പാർപ്പിട പദ്ധതികൾക്കായി 25 കോടി രൂപയും മറ്റ് മാനുഷിക പ്രവർത്തനങ്ങൾക്കായി 6.8 കോടി രൂപയും പരിസ്ഥിതി സംരക്ഷണത്തിനായി 10 കോടി രൂപയും നീക്കി വെയ്ക്കും.

രാജ്യത്തിന്റെ കരുത്ത് മാനവശേഷിയാണെന്നും മാനവശേഷി വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകുകയുള്ളൂവെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. സി.എസ്.ആർ മേഖലയിൽ വിവിധ പദ്ധതികളിലായി വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടത്തിക്കൊണ്ട് സമൂഹത്തിൽ സുസ്ഥിരവും ദീർഘകാല മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് തങ്ങൾ നടത്തുന്നതെന്നും പറഞ്ഞു.

മലബാർ ഗ്രൂപ്പിന്റെ 33-ാം വാർഷികത്തോടനുബന്ധിച്ച് 18 സംസ്ഥാനങ്ങളിലെ 284 ജില്ലകളിൽ നിന്നുള്ള 33,000 പെൺകുട്ടികൾക്കാണ് ഈ വർഷം വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകുന്നത്. പദ്ധതി ആരംഭിച്ചത് മുതൽ ഇതിനകം 1,15,000ത്തിൽ അധികം പെൺകുട്ടികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ കീഴിലുള്ള മലബാർ ചാരിറ്റബിൾ ട്രസ്റ്റ് മുഖേനയാണ് സി.എസ്.ആർ പദ്ധതികൾ നടപ്പാക്കുന്നത്. ഗ്രൂപ്പിന്റെ ആരംഭം മുതൽ തന്നെ കമ്പനിയുടെ അന്തിമ വ്യാപര ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾക്കായി നീക്കിവെയ്ക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.