- Trending Now:
തിരുവനന്തപുരം: ഡിജിറ്റൽ സുരക്ഷ- ഉത്തരവാദിത്തപരമായ സാങ്കേതികവിദ്യ എന്നിവയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷന് (സിഡിഎഫ്) പ്രിക്സ് ആർസ് ഇലക്ട്രോണിക്ക 2026 ൻറെ അംഗീകാരം ലഭിച്ചു. ആഗോള പ്രശസ്തി നേടിയിട്ടുള്ള മീഡിയ ആർട്സ് മത്സരങ്ങളിലൊന്നായ പ്രിക്സ് ആർസ് ഇലക്ട്രോണിക്ക 2026 ൻറെ ഡിജിറ്റൽ മാനവികത വിഭാഗത്തിലാണ് സിഡിഎഫിന് അംഗീകാരം ലഭിച്ചത്.
സമീപകാലത്ത് വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പുകൾക്ക് പരിഹാരം കണ്ടെത്താനും തടയാനും സഹായിക്കുന്ന സിഡിഎഫിൻറെ പ്രോട്ടോടൈപ്പ് പ്ലാറ്റ് ഫോമായ 'മാർഗി' യാണ് സിഡിഎഫിനെ അംഗീകാരത്തിന് അർഹമാക്കിയത്. ഡിജിറ്റൽ മാനവികത വിഭാഗത്തിലെ 754 എൻട്രികളിൽ നിന്ന് 'മാർഗി' യെ തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യയിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങളുടെ കുത്തനെയുള്ള വർധനവിൻറെ പശ്ചാത്തലത്തിലാണ് ഈ അവാർഡ് ലഭിക്കുന്നതെന്നത് ശ്രദ്ധേയം. ഓസ്ട്രിയ ആസ്ഥാനമായുള്ള ആർസ് ഇലക്ട്രോണിക്ക 1987 മുതൽ വിവിധ മേഖലകളിൽ ഈ അംഗീകാരം നല്കുന്നുണ്ട്.
ഓൺലൈൻ തട്ടിപ്പുകൾ, പീഡനം, വഞ്ചന, സ്വകാര്യതാ ലംഘനങ്ങൾ, ലൈംഗിക പീഡനം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ഒരാളുടെ സമ്മതം കൂടാതെയുള്ള അയാളുടെ ഫോട്ടോപ്രദർശനം തുടങ്ങിയവയ്ക്കെതിരായ ഒരു ബദൽ ഡിജിറ്റൽ ആവാസവ്യവസ്ഥയായാണ് മാർഗിയെ വിഭാവനം ചെയ്തിരിക്കുന്നത്. 'മാർഗി ' യെ ഒരു സമ്പൂർണ്ണ കമ്മ്യൂണിറ്റി-സോഴ്സ്ഡ് എക്കോസിസ്റ്റത്തിലേക്ക് മാറ്റാൻ സിഡിഎഫ് പങ്കാളികളെ തേടുന്നുണ്ട്.
ഇന്ത്യയിലുടനീളം നിർമ്മിക്കപ്പെടുന്ന എല്ലാ സൗജന്യ, ഓപ്പൺ-ആക്സസ് പ്രതിരോധ ഉറവിടങ്ങളും പരിഹാരങ്ങളും കമ്മ്യൂണിറ്റി-സോഴ്സ് ചെയ്യാനും മാപ്പ് ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവരുടെ സ്വന്തം ഭാഷയിൽ പ്രാദേശികമോ ദേശീയമോ ആയി ഈ പ്ലാറ്റ് ഫോമിലൂടെ സഹായം ലഭ്യമാകും. ഗവേഷകർക്കും അധ്യാപകർക്കും മാധ്യമങ്ങൾക്കും ആവശ്യമായ വിവരങ്ങളുടെ ഉറവിടമായി 'മാർഗി' പ്രവർത്തിക്കും.
2025-ൽ സൈബർ കുറ്റകൃത്യങ്ങൾ 24% വർദ്ധിച്ചതായി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ പറയുന്നു. ഓൺലൈൻ തട്ടിപ്പുകൾ കാരണം ഇന്ത്യക്കാർക്ക് 22,495 കോടിയിലധികം രൂപ നഷ്ടപ്പെട്ടു. അതേസമയം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ 2020 നും 2024 നും ഇടയിൽ 118% വർദ്ധിച്ചുവെന്നും ഈ പോർട്ടൽ ചൂണ്ടിക്കാട്ടുന്നു.
സൗജന്യ, ഓപ്പൺ-സോഴ്സ്, ഓപ്പൺ-ആക്സസ് ഡിജിറ്റൽ പ്ലാറ്റ് ഫോമായി വിഭാവനം ചെയ്തിരിക്കുന്ന 'മാർഗി' യെ ഒരു എഡിറ്റോറിയൽ കൂട്ടായ്മയാണ് നിയന്ത്രിക്കുന്നത്. കൂടാതെ വലിയ ടെക് കമ്പനികളിൽ നിന്നുള്ള ഫണ്ടിംഗ് ഈ പ്ലാറ്റ് ഫോം സ്വീകരിക്കുന്നില്ല.
ഇന്നത്തെ ലോകത്തിൽ നിന്ന് വേഗത്തിൽ അപ്രത്യക്ഷമാകുന്ന പല ഗുണങ്ങളേയും അതിൻറെ ഏറ്റവും അസംസ്കൃത രൂപത്തിൽ പ്രിക്സ് ആർസ് ഇലക്ട്രോണിക്ക സംരക്ഷിക്കുന്നതായി സിഡിഎഫിൻറെ സഹസ്ഥാപകയായ നിധി സുധൻ പറഞ്ഞു. വിയോജിപ്പിൻറെയും ബദൽ സാധ്യതകളുടേയും സൃഷ്ടിപരമായ ഭാവനകളുടെ കൂട്ടത്തിൽ സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻറെ മാർഗി പരാമർശിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും അവിശ്വസനീയമായ ബഹുമതിയാണെന്നും അവർ കൂട്ടിച്ചേർത്തു.
സിഡിഎഫ് സഹസ്ഥാപക നിധി സുധൻറെ നേതൃത്വത്തിൽ പ്രണവ് ജെറി, ഫർസാന സിമ്രാൻ അൻസരുദീൻ എന്നിവരാണ് പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. രോഹിണി നിലേക്കാനി ഫിലാന്ത്രോപ്പീസും ഐഐഎം ബാംഗ്ലൂരിലെ എൻഎസ്ആർസിഇഎല്ലും ഇതിനെ പിന്തുണച്ചു.
സെപ്റ്റംബറിൽ ഓസ്ട്രിയയിലെ ലിൻസിൽ നടക്കുന്ന ആർസ് ഇലക്ട്രോണിക്ക ഫെസ്റ്റിവൽ 'നെഗോഷ്യേറ്റിംഗ് ഹ്യുമാനിറ്റി' യിൽ സിഡിഎഫിൻറെ പ്രോജക്റ്റ് പ്രദർശിപ്പിക്കും.
ഡിജിറ്റൽ സാങ്കേതികവിദ്യകൾ എല്ലാ ഇന്ത്യക്കാർക്കും സുരക്ഷിതവും കൂടുതൽ ഉത്തരവാദിത്തവും തുല്യവുമാക്കുന്നതിനായി പ്രവർത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത ഒരു സംഘടനയാണ് സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ. വിവരസാങ്കേതികവിദ്യ സാക്ഷരതയും ഉത്തരവാദിത്തമുള്ള നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സ്വകാര്യ-പൊതു പങ്കാളികളുമായി ചേർന്നിത് പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: www.margiindia.in | www.citizendigitalfoundation.org
മീഡിയ കോൺടാക്റ്റ്: hello@citizendigitalfoundation.org
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.