Sections

കൊച്ചി-മുസിരിസ് ബിനാലെ; ഘാന കലാകാരൻ മഹാമയിൽ നിന്ന് കലാനുഭവങ്ങൾ നേടി ബിഎഫ്എ വിദ്യാർഥികൾ

Sunday, Dec 07, 2025
Reported By Admin
Students Join Ibrahim Mahama for KMB-6 Installation Workshop

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് (കെഎംബി-6) തയ്യാറെടുക്കുന്ന പ്രശസ്ത ഘാന കലാകാരൻ ഇബ്രാഹിം മഹാമയുടെ ഇൻസ്റ്റലേഷൻ തയ്യാറെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെയും കേരളത്തിലെയും ബിഎഫ്എ വിദ്യാർത്ഥികൾ. അഹമ്മദാബാദിലെ അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയിലെയും കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുമുള്ള 22 വിദ്യാർഥികളാണ് മഹാമയ്ക്കൊപ്പം രണ്ടാഴ്ചക്കാലം പ്രവർത്തിച്ചത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ എബിസി ആർട്ട് റൂം പ്രോഗ്രാമിന്റെ കീഴിൽ മട്ടാഞ്ചേരി ആനന്ദ് വെയർഹൗസിൽ നവംബർ 20 മുതൽ സംഘടിപ്പിച്ച വർക്ക്ഷോപ്പ് വെള്ളിയാഴ്ച അവസാനിച്ചു. മഹാമയുടെ ഇൻസ്റ്റലേഷനായ 'പാർലമെന്റ് ഓഫ് ഗോസ്റ്റ്സ്' നിർമ്മിക്കുന്നതിൽ ഭാഗമാകാൻ ഈ പരിപാടി വിദ്യാർഥികൾക്ക് അവസരം നൽകി. കലയുടെ പുതിയ സൗന്ദര്യശാസ്ത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ വിദ്യാർഥികൾ സന്തോഷം പ്രകടിപ്പിച്ചു. ഡിസംബർ 12 ന് ആരംഭിച്ച് 110 ദിവസം നീണ്ടുനിൽക്കുന്ന ബിനാലെയിൽ ഇത് പ്രദർശിപ്പിക്കും. എച്ച്എച്ച് ആർട്ട് സ്പേസസുമായി ചേർന്ന് നിഖിൽ ചോപ്രയാണ് ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്.

ലണ്ടൻ ആസ്ഥാനമായുള്ള ആർട്ട് റിവ്യൂ മാസികയുടെ ഏറ്റവും പുതിയ ആനുവൽ പവർ 100 പട്ടികയിൽ മഹാമ ഒന്നാമതെത്തിയത് വർക്ക്ഷോപ്പിനിടെ പ്രഖ്യാപിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരനാണ് 38 കാരനായ മഹാമ.

മാഞ്ചസ്റ്റർ ഇന്റർനാഷണൽ ഫെസ്റ്റിവലിനായി വിഭാവനം ചെയ്തതും നിലവിൽ ബിനാലെയ്ക്കായി പുരോഗമിക്കുന്നതുമായ തന്റെ ആദ്യ അനുബന്ധ കൃതിയുമായി പാർലമെന്റിനെ ബന്ധിപ്പിക്കുന്ന സ്ലൈഡ്ഷോ മഹാമ വർക്ക്ഷോപ്പിൽ പ്രദർശിപ്പിച്ചു. ഒരു കലാസൃഷ്ടിയിൽ സ്ഥലത്തിന്റെയും സമൂഹത്തിന്റെയും പങ്കാളിത്തത്തിന്റെ പ്രാധാന്യത്തിനുളള വഴികൾ ആവിഷ്കരിച്ച മഹാമ ഓർമ, ഭൗതികത, അധ്വാനം, ചരിത്രം എന്നിവയുമായി കോർത്തിണക്കിക്കൊണ്ടുള്ള പ്രതിപാദ്യമാണ് 'പാർലമെന്റ് ഓഫ് ഗോസ്റ്റ്സി'ന്റേതെന്ന് വെളിപ്പെടുത്തി. മഹാമയുടെ കൃതികളിൽ അളവിന്റെയും വസ്തുക്കളുടെയും ഉപയോഗത്തെക്കുറിച്ച് വർക്ക്ഷോപ്പിൽ പങ്കെടുത്തവർക്ക് ധാരണ നൽകി.

മഹാമയുടെ കൃതി പ്രതിനിധീകരിക്കുന്ന ശബ്ദമില്ലാത്തവരുടെ നിശബ്ദതയെക്കുറിച്ച് ശിൽപ്പശാലയിലൂടെ അറിയാൻ കഴിഞ്ഞുവെന്ന് അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ ബിഎഫ്എ വിദ്യാർഥിയായ അഥർവ് കർക്കരെ പറഞ്ഞു. ആഖ്യാനങ്ങൾ രൂപപ്പെടുത്തുന്നതിന് ശ്രദ്ധാപൂർവ്വം വസ്തുക്കൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മഹാമ സഹായികൾക്ക് നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമം പര്യവേഷണം ചെയ്യുന്നതിനെക്കുറിച്ച് മഹാമ പുതിയ കാഴ്ചപ്പാടുകൾ നൽകിയെന്ന് തൃപ്പൂണിത്തുറ ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ നാലാം വർഷ ബിഎഫ്എ വിദ്യാർത്ഥിനിയായ നിഖില എൻ.കെ പറഞ്ഞു.

ശിൽപങ്ങളും ഇൻസ്റ്റലേഷനുകളും ചെയ്യുമ്പോഴുള്ള തന്റെ പരിമിതികൾ ഭേദിക്കാൻ ശിൽപ്പശാല തനിക്ക് പ്രചോദനമായെന്ന് മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലെ ജയപ്രകാശ് പി അഭിപ്രായപ്പെട്ടു.

വിദ്യാർഥികൾ കസേരകൾ നന്നാക്കുകയും കെട്ടിയതും ഒട്ടിച്ചതുമായ ചണ ബാഗുകൾ തൂക്കിയിടുന്ന തൊഴിലാളികളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.