- Trending Now:
ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് കുറഞ്ഞ പലിശനിരക്കിൽ ഭവന, വാഹന വായ്പകൾ ലഭ്യമാക്കുന്നതിനായി പഞ്ചാബ് നാഷണൽ ബാങ്ക് 'പിഎൻബി ദിവ്യാംഗ് റിൻ' എന്ന വായ്പാ പദ്ധതി അവതരിപ്പിച്ചു. നാഷണൽ ദിവ്യാംഗ്ജൻ ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാരുടെ സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
പദ്ധതി പ്രകാരം ഭവന നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 50 ലക്ഷം രൂപ വരെ ഭവന വായ്പയായി ലഭിക്കും. കൂടാതെ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പാകത്തിൽ മാറ്റങ്ങൾ വരുത്തിയ ഇരുചക്ര വാഹനങ്ങൾക്ക് 1.50 ലക്ഷം രൂപ വരെയും ഫോർ വീലറുകൾക്ക് 50 ലക്ഷം രൂപ വരെയും വാഹന വായ്പയും അനുവദിക്കും. ഒരാൾക്ക് ലഭിക്കാവുന്ന പരമാവധി സംയുക്ത വായ്പാ പരിധി 50 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
ക്രെഡിറ്റ് സ്കോർ പരിഗണിക്കാതെ തന്നെ പ്രതിവർഷം 5% മുതൽ ആരംഭിക്കുന്ന ലളിതമായ പലിശനിരക്കിലാണ് ഈ വായ്പകൾ അനുവദിക്കുന്നത് എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള, സാധുവായ യുഡിഐഡി കാർഡോ എൻറോൾമെന്റ് രജിസ്ട്രേഷനോ ഉള്ള 21 വയസ്സിന് മുകളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ട്.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള കേന്ദ്ര സർക്കാർ ദർശനങ്ങൾക്ക് അനുസൃതമായാണ് ബാങ്ക് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് പിഎൻബി റീട്ടെയിൽ അസറ്റ് ബിസിനസ് ഡിവിഷൻ ജനറൽ മാനേജർ സുബോധ് കുമാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് പൊതുജനങ്ങൾക്ക് അടുത്തുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖകളെയോ pnb.bank.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.