- Trending Now:
കൊച്ചി: ഫിലിപ്പീൻസ് പ്രസിഡന്റ ഫെർഡിനാണ്ട് മാർക്കോസ് ജൂനിയർ നടത്തിയ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഹിന്ദുജ ഗ്രൂപ്പിന്റെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. ഫിലിപ്പീൻസിലെ പ്രതിരോധം, ഊർജം, ഓട്ടോമോട്ടീവ്, ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലകളിലായി കൂടുതൽ നിക്ഷേപം നടത്താൻ ഹിന്ദുജ ഗ്രൂപ്പിനെ പ്രസിഡന്റ് ക്ഷണിച്ചു. ഫിലിപ്പീൻസിലുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ പ്രവർത്തനം ശക്തമാക്കുന്നതിനായി ഹിന്ദുജ ഗ്ലോബൽ സൊലൂഷൻസ് ഫിലിപ്പീൻ സർക്കാരുമായി ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവെച്ചു. ഷോം ഹിന്ദുജയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കൂടിക്കാഴ്ച നടത്തിയത്.
1998 മുതൽ ഹിന്ദുജ ഗ്രൂപ്പ് ഫിലിപ്പീൻ നാഷണൽ ഓയിൽ കമ്പനിയുമായി ചേർന്ന് ഗൾഫ് ഓയിൽ ഫിലിപ്പീൻസ് എന്ന ഹൈടെക് പ്ലാന്റ് പ്രവർത്തിപ്പിക്കുന്നുണ്ട്. ഗൾഫ് ബ്രാൻഡിന്റെ ല്യൂബ്രിക്കന്റുകളുടേയും മറ്റ് ഉൽപ്പന്നങ്ങളുടേയും നിർമ്മാണവും വിതരണവും ഇവിടെ നിന്നാണ്.
2003ൽ ഫിലിപ്പീൻസിൽ പ്രവർത്തനം ആംരഭിച്ച ഹിന്ദുജ ഗ്ലോബൽ സൊലൂഷൻസ് ഇന്ന് മനില എൻസിആർ, ഇലോയിലോ, സെബു എന്നിവിടങ്ങളിലായി 3,500ലധികം ജീവനക്കാരോടു കൂടി ഡെലിവറി സെന്ററുകൾ നടത്തുന്നുണ്ട്. ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവെച്ചതിനു പിന്നാലെ ഫിലിപ്പീൻസിലെ ഉപഭോക്തൃ അനുഭവം, ബിസിനസ് പ്രോസസ് മാനേജ്മെന്റ് എന്നിവയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
വിദഗ്ദ തൊഴിലാളികൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, എഐ അടിസ്ഥാനമാക്കാക്കിയുള്ള പരിഹാരങ്ങൾ എന്നിവയിലൂടെ വരും വർഷങ്ങളിൽ വലിയ തോതിലുള്ള പ്രവർത്തനങ്ങൾക്കാണ് ഹിന്ദുജ ഗ്രൂപ്പ് പദ്ധതിയിടുന്നത്.
ഫിലിപ്പീൻസിൽ പുതിയ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രസിഡന്റ് മാർക്കോസ് ജൂനിയർ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ ചർച്ച ചെയ്തെന്നും പ്രതിരോധം, ഡിജിറ്റൽ സാങ്കേതികവിദ്യ, ഊർജം, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്ന ഓട്ടോമോട്ടീവ് സെക്ടർ എന്നിവയിലായി ഗ്രൂപ്പിന് നിരവധി പുതിയ അവസരങ്ങൾ ഉണ്ടെന്നും ഹിന്ദുജ ഗ്രൂപ്പിന്റെ ആൾട്ടർനേറ്റീവ് എനർജി ആന്റ് സസ്റ്റൈനബിളിറ്റി വിഭാഗം പ്രസിഡന്റും ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സ്, അശോക് ലെയലന്റ് കമ്പനികളുടെ ബോർഡ് അംഗവുമായ ഷോം ഹിന്ദുജ പറഞ്ഞു.
അശോക് ലെയലാൻഡിന്റെ ആദ്യഘട്ട 50 എൽസിവികൾ (ലഘു വാണിജ്യ വാഹനങ്ങൾ) ഫിലിപ്പീൻസിൽ തന്നെ അസംബിൾ ചെയ്ത് വിതരണം ചെയ്യുന്നതിന്റെ വിവരങ്ങൾ പ്രസിഡന്റുമായി പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.