Sections

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ അന്തിക്കാട് ഒരുക്കുന്ന 'പാച്ചുവും അത്ഭുത വിളക്കും' ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Monday, Apr 17, 2023
Reported By Admin
Pachuvum Athbutha Vilakkum

'പാച്ചുവും അത്ഭുത വിളക്കും' ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി


ഫഹദിൻറെ ഒരു സിനിമയിറങ്ങുമ്പോൾ ആ സിനിമയുടെ സ്വഭാവം എന്തായിരിക്കുമെന്ന് ഫഹദിൻറെ കഥാപാത്രത്തിൻറെ കണ്ണുകളിൽ നിന്നും ചലനങ്ങളിൽ നിന്നും വായിച്ചെടുക്കാമെന്ന് പൊതുവെ പറയാറുണ്ട്. ഈ ഒരു വിഷയത്തെ ഊട്ടിയുറപ്പിച്ചിരിക്കുകയാണ് പാച്ചുവും അത്ഭുത വിളക്കും സിനിമയുടെ ട്രെയിലർ. ഏറെ പ്രതീക്ഷയേകുന്ന ട്രെയിലർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

മുംബൈയിൽ ജനിച്ചുവളർന്ന ഒരു മലയാളി യുവാവിൻറെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രമായാണ് പാച്ചുവും അത്ഭുത വിളക്കുമെത്തുന്നത്. സത്യൻ അന്തിക്കാടിൻറെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്ന സിനിമയുടെ ട്രെയിലർ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്.

ഏത് വേഷവും അനായാസമായി ചെയ്ത് ഫലിപ്പിക്കാറുള്ള ഫഫ നാളുകൾക്ക് ശേഷം ഒരു ഫീൽഗുഡ്, ടോട്ടൽ എൻറർടെയ്നർ സിനിമയുമായി എത്തുകയാണ് പാച്ചുവും അത്ഭുത വിളക്കിലൂടെ. ഈയടുത്തിടെ ജോജിയായി പ്രേക്ഷകരെ വട്ടം കറക്കിയ അലിക്കയായി ക്ലാസും മാസും നിറച്ച ഭൻവർ സിംഗായി ഞെട്ടിച്ച അമറായി വിസ്മയിപ്പിച്ച അനിക്കുട്ടനായി പകർന്നാടിയ ഫഹദേയല്ല പാച്ചുവും അത്ഭുത വിളക്കിലുമുള്ളതെന്ന് ട്രെയിലർ കാണുമ്പോൾ നമുക്ക് തോന്നാം. കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമൊക്കെയായാണ് ഫഹദ് നിറഞ്ഞുനിൽക്കുന്നത്. സിനിമയുടെ മൊത്തത്തിലുള്ള സ്വഭാവം തന്നെ ഫഹദിൽ നിന്ന് വായിച്ചെടുക്കാനാവുമെന്നാണ് സോഷ്യൽമിഡിയയിലെ ചർച്ചകൾ.

അയ്മനം സിദ്ധാർത്ഥനും പ്രകാശനും പ്രസാദിനും കാർബണിലെ സിബിക്കുമൊക്കെ ശേഷം നർമ്മം നിറഞ്ഞ ഒരു കഥാപാത്രമായി ഫഫയെത്തുന്ന സിനിമ കൂടിയാണ് പാച്ചുവും അത്ഭുത വിളക്കും. ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെൻറ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ സീനിയേഴ്സായ ഇന്നസെൻറിനും മുകേഷിനും ഇന്ദ്രൻസിനും നന്ദുവിനുമൊക്കെയൊപ്പമുള്ള ഫഫയുടെ കോമ്പിനേഷൻ സീനുകളും ചിത്രത്തിൽ ആവോളമുണ്ടാകുമെന്നാണ് ട്രെയിലർ കണ്ടതോടെ പ്രേക്ഷകർ കണക്കുകൂട്ടുന്നത്.

സത്യൻ അന്തിക്കാടിൻറെ സിനിമകളുടെ സംവിധാന വിഭാഗത്തിൽ അഖിൽ സത്യൻ മുമ്പ് സഹകരിച്ചിട്ടുണ്ട്. ഞാൻ പ്രകാശൻ, ജോമോൻറെ സുവിശേഷങ്ങൾ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പവ്രർത്തിച്ചിട്ടുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെൻററി ഷോർട്ട് ഫിലിമും അഖിൽ സംവിധാനം ചെയ്തിട്ടുണ്ട്.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, വസ്ത്രാലങ്കാരം: ഉത്തര മേനോൻ, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.