Sections

തിയേറ്ററുകളിൽ ആവേശമായി പൂക്കാലം; എങ്ങും മികച്ച അഭിപ്രായങ്ങൾ

Friday, Apr 14, 2023
Reported By Admin
Pookalam Movie

ഗംഭീര പ്രേക്ഷക പ്രതികരണം സ്വന്തമാക്കി പൂക്കാലം


തിയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം സ്വന്തമാക്കി ഗണേശ് രാജ് ഒരുക്കിയ 'പൂക്കാലം'. മനോഹരമായ തിരക്കഥയും വൈകാരിക മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ ശക്തമായ ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്. വിജയ രാഘവന്റെ ഉജ്ജ്വല അഭിനയ മുഹൂർത്തങ്ങളും കോമഡി നമ്പറുകളിൽ ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും കാഴ്ച്ചവെച്ച മികവുറ്റ പ്രകടനങ്ങളും വളരെയധികം പ്രശംസ ലഭിക്കുന്നു. മനസ്സുനിറഞ്ഞ് പൊട്ടിച്ചിരിക്കാനും ആസ്വദിക്കാനും കഴിയുന്ന കുടുംബ ചിത്രമെന്ന അഭിപ്രായമാണ് തിയേറ്ററിൽ നിന്നുള്ള പ്രേക്ഷക പ്രതികരണങ്ങളും നിരൂപക പരാമർശങ്ങളും സൂചിപ്പിക്കുന്നത്. വൻ വിജയചിത്രമായ 'ആനന്ദ'ത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേള കഴിഞ്ഞ് ഗണേശ് രാജ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് 'പൂക്കാലം'. ഗണേശ് രാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗണേശിന്റെ തന്നെ അദ്യ ചിത്രത്തെക്കാൾ ഗംഭീര അഭിപ്രായങ്ങളാണ് പൂക്കാലം എല്ലാവിധ പ്രേക്ഷകർക്കിടയിലും സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. വമ്പൻ കാസ്റ്റിംഗും ആകർഷണീയമായ വേറിട്ടൊരു ആശയവും കൊണ്ട് ആദ്യദിനം തന്നെ ധാരാളം കുടുംബ പ്രേക്ഷകരടക്കം ഗംഭീര ജനതിരക്കോടെയാണ് മിക്ക തിയേറ്ററുകളിലും പ്രദർശനമാരംഭിച്ചത്. രണ്ടാം ദിവസവും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

വിജയരാഘവന് പുറമെ കെപിഎസി ലീല അവതരിപ്പിച്ച നായിക കഥാപാത്രവും വളരെയധികം ജനപ്രീതി ലഭിച്ചിരിക്കുകയാണ് എൺപതുവർഷത്തിലധികമായ ഇട്ടൂപ്പിന്റെയും കൊച്ചു ത്രേസ്യയുടെയും ദാമ്പത്യജീവിതവും അവരുടെ മക്കളും കൊച്ചുമക്കളുമടങ്ങുന്ന വലിയ കുടുംബത്തിലെ രസകരവും വൈകാരികവുമായ മുഹൂർത്തങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. അബു സലിം, ജോണി ആന്റണി, റോഷൻ മാത്യു, അന്നു ആന്റണി, അരുൺ കുര്യൻ, ശരത് സഭ, സരസ ബാലുശ്ശേരി, ഗംഗ മീര, രാധ ഗോമതി, അരിസ്റ്റോ സുരേഷ്, അരുൺ അജികുമാർ തുടങ്ങിയവരാണ് മറ്റ് മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയും സി എൻ സി ഫിലിംസിന്റെ ബാനറിൽ വിനോദ് ഷൊർണൂരുമാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. സച്ചിൻ വാര്യരാണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് - മിഥുൻ മുരളി. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - വിനീത് ഷൊർണൂർ. റഫീഖ് അഹമ്മദ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരാണ് ഗാനരചന നിർവഹിച്ചത്. മേക്കപ്പ് - റോണക്സ് ക്സേവ്യർ, വസ്ത്രാലങ്കാരം - റാഫി കണ്ണാടിപ്പറമ്പ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിശാഖ് ആർ. വാര്യർ, നിശ്ചല ഛായാഗ്രഹണം - സിനറ്റ് സേവ്യർ, പോസ്റ്റർ ഡിസൈന - അരുൺ തോമസ്, മാർക്കറ്റിങ് - സ്നേക്ക്പ്ലാന്റ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.