Sections

മിൽമ ഉത്പ്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കട്ടപ്പുറത്തിരിക്കുന്ന കെ എസ് ആർ ടി സി വാഹനങ്ങൾ നവീകരിച്ച് മിൽമ ഫുഡ് ട്രക്കാക്കി

Monday, Mar 27, 2023
Reported By Admin
Milma Food Truck

കേരളം ക്ഷീരോത്പാദനമേഖല സ്വയം പര്യാപ്തതയിലേക്ക് : മന്ത്രി ജെ ചിഞ്ചുറാണി


ക്ഷീരോത്പാദനത്തിൽ കേരളം ഉടൻ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ സേവനങ്ങൾ എത്തിക്കുന്ന പദ്ധതികളുമായാണ് സർക്കാരിനൊപ്പം മിൽമയും മുന്നോട്ടു പോകുന്നത്. മിൽമ ഉത്പ്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിൽ ആരംഭിച് മിൽമ ഫുഡ് ട്രക്കിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കട്ടപ്പുറത്തിരിക്കുന്ന കെ എസ് ആർ ടി സി വാഹനങ്ങൾ നവീകരിച്ച് മിൽമ ഫുഡ് ട്രക്കാക്കി ഉപയോഗിക്കുന്നതാണ് പദ്ധതി. യാത്രക്കാർക്ക് വിശ്വാസയോഗ്യമായ ഉത്പന്നങ്ങൾ കഴിക്കുവാൻ ഇതിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മിൽമയെ ഉപയോഗിച്ച് ലഹരിക്കെതിരെയുള്ള ക്യാമ്പയിനുകളും സംഘടിപ്പിക്കും. സ്കൂൾ അറ്റ് മിൽമ എന്ന പദ്ധതിയിലൂടെ കുട്ടികൾ ലഹരിക്ക് പുറകെ പോകാതെ മിൽമ ഉത്പ്പന്നങ്ങൾ കഴിക്കുവാൻ കാരണമാവുന്നുണ്ട്. മിൽമയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 80 ശതമാനവും ക്ഷീരകർഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും. കെ എസ് ആർ ടി സി-യെ കൂടി സഹായിക്കുകയാണ് മിൽമ ഫുഡ് ട്രക്ക് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാൻഡുകളിൽ ഉടൻ മിൽമ ഫുഡ് ട്രക്കുകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രതിദിനം ഏകദേശം 16 ലക്ഷം ലിറ്റർ പാലാണ് കേരളത്തിന് ആവശ്യമായി വരുന്നത് അതിൽ 14 ലക്ഷം ലിറ്റർ പാൽ കേരളത്തിൽ സംഭരിച്ചു വരികയാണ്. പാൽ കൊണ്ട് നിർമിക്കുന്ന 50 ലധികം ഉത്പ്പന്നങ്ങൾ മിൽമ ലഭ്യമാക്കും. വ്യത്യസ്തയിനം മണത്തോടും രുചിയോടും കൂടിയ ഐസ്ക്രീമുകൾ മിൽമ പുറത്തിറക്കുന്നുണ്ട്. അധിക പാല് പൊടിയാക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കി വരുകയാണ്. അതിദരിദ്രർക്ക് 90 ശതമാനം സബ്സിഡിയോടുകൂടി പശുക്കളെ വിതരണം ചെയ്യും. ക്ഷീര ഗ്രാമം പദ്ധതി 50 ഓളം പഞ്ചായത്തുകളിൽ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മിൽമ തിരുവനന്തപുരം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ ഭാസുരാംഗൻ അധ്യക്ഷത വഹിച്ചു. മിൽമ തിരുവനന്തപുരം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർ കെ ആർ മോഹനൻ പിള്ള, മിൽമ തിരുവനന്തപുരം യൂണിയൻ മാനേജിംഗ് ഡയറക് ടർ ഡി എസ് കോണ്ട, കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, കൗൺസിലർ ഹണി ബെഞ്ചമിൻ, മിൽമ തിരുവനന്തപുരം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർ വിഎസ് പത്മകുമാർ, കൊല്ലം കെ എസ് ആർ ടി സി -ഡി ടി ഒ എ അബ് ദുൽ നിഷാർ, കൊല്ലം ഡയറി മാനേജർ സി എ മുഹമ്മദ് അൻസാരി തുടങ്ങിയവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.