- Trending Now:
കൊച്ചി: നൈപുണ്യ വികസനത്തിനായുള്ള രാജ്യത്തെ ഉന്നത സ്ഥാപനമായ നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷൻറെ (എൻഎസ്ഡിസി) അനുബന്ധ സ്ഥാപനമായ എൻഎസ്ഡിസി ഇൻറർനാഷണൽ ആഗോള ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുവാനായി ഒരു ലക്ഷം കെയർഗിവർമാരെ പരിശീലിപ്പിക്കുന്നു. പ്രൊഫഷണൽ കെയർഗിവർമാരുടെ ആവശ്യം ലോകമെമ്പാടും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ജർമ്മനി, ജപ്പാൻ, യുകെ, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് വിദഗ്ദ്ധരായ കെയർഗിവർമാരെ ഇതിനോടകം എൻഎസ്ഡിസി ഇൻറർനാഷണൽ നിയമിച്ചിട്ടുണ്ട്. തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രത്യേക സോഫ്റ്റ് സ്കിൽ പരിശീലനവും ഇംഗ്ലീഷ്, ജർമ്മൻ, ജാപ്പനീസ് ഉൾപ്പെടെയുള്ള ഭാഷാ വൈദഗ്ധ്യവും ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ആരോഗ്യസംരക്ഷണ വിഭാഗത്തിലെ പ്രൊഫഷണലുകളുടെ ആവശ്യം നിറവേറ്റാൻ പല രാജ്യങ്ങളും ബുദ്ധിമുട്ടുന്നുണ്ട്. കാനഡ, യുഎസ്എ, യുകെ, ഓസ്ട്രേലിയ, ജർമ്മനി, സിംഗപ്പൂർ, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവയുമായി സഹകരിച്ച് അവരുടെ ഈ മേഖലയിലെ ആവശ്യം നിറവേറ്റാൻ എൻഎസ്ഡിസി ഇൻറർനാഷണലിന് കഴിഞ്ഞിട്ടുണ്ട്.
കേംബ്രിഡ്ജ് സർവകലാശാല, കേംബ്രിഡ്ജ് ബോക്സ്ഹിൽ ലാംഗ്വേജ് അസസ്മെൻറ് ട്രസ്റ്റ്, ജാപ്പനീസ്, ജർമ്മൻ ഭാഷാ ദാതാക്കൾ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായും എൻഎസ്ഡിസി ഇൻറർനാഷണൽ പങ്കാളിത്തം വളർത്തിയിട്ടുണ്ട്. ഇസ്രായേലിനായി 5,000-ത്തോളം കെയർഗിവർമാർക്ക് ആരോഗ്യ പരിപാലന വൈദഗ്ധ്യം നർകുന്നതിന് തുടക്കം കുറിച്ചിട്ടുമുണ്ട്.
ഗുണനിലവാരമുള്ള പരിശീലനം ഉറപ്പാക്കുന്നതിനും ആഗോളതലത്തിൽ തന്നെ പരിശീലനം ലഭിച്ച കെയർഗിവർമാരെ ലഭ്യമാക്കുന്നതിനുമായി എൻഎസ്ഡിസി ഇൻറർനാഷണൽ രാജ്യത്തുടനീളം പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനും മികവ് പുലർത്താനും അവസരങ്ങൾ നേടാനും ആവശ്യമായ സൗകര്യങ്ങളും അന്തരീക്ഷവും ഇവിടെ ലഭ്യമാണ്.
സുസ്ഥിര ആരോഗ്യവും സൗഖ്യവും എന്ന സുസ്ഥിര വികസന ദൗത്യം പൂർത്തീകരിക്കാൻ ലോകം ഇന്ന് പരിശ്രമിക്കുമ്പോൾ, സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനായുള്ള ആഗോള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് എൻഎസ്ഡിസി ഇൻറർനാഷണൽ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് എൻഎസ്ഡിസി ഇൻറർനാഷണൽ സിഇഒ അലോക് കുമാർ പറഞ്ഞു. ആരോഗ്യപരിപാലന വെല്ലുവിളികൾ ലഘൂകരിക്കാൻ കഴിവുള്ളവരെ പരിശീലിപ്പിക്കുന്നതിന് ദേശീയ, ആഗോള സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത അവസരങ്ങൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലോകത്തെമ്പാടുമായി വിദഗ്ദ്ധ പരിചരണം നൽകാൻ കഴിവുള്ള ആയിരക്കണക്കിന് ആളുകളെ വിന്യസിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.