Sections

എംപിഇഡിഎ സീഫുഡ് എക്സ്പോ ഭാരത്; നാഷണൽ സീഫുഡ് സ്കിൽ ഒളിമ്പ്യാഡ് ജൂലൈ 1-ന് ചെന്നൈയിൽ

Tuesday, Jun 30, 2026
Reported By Admin
National Seafood Skill Olympiad 2026 Begins July 1

കൊച്ചി: ഇന്ത്യയുടെ മൂല്യവർദ്ധിത സമുദ്രോത്പന്ന കയറ്റുമതി ശക്തമാക്കുന്നതിനായി സമുദ്രോപ്തന്ന കയറ്റുമതി വികസന അതോറിറ്റി (മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്സ് ഡെവലപ്മന്റ് അതോറിറ്റി- എംപിഇഡിഎ) സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണൽ സീഫുഡ് സ്കിൽ ഒളിമ്പ്യാഡ് ജൂലൈ 1-ന് ചെന്നൈയിൽ നടക്കും. 'സീഫുഡ് എക്സ്പോ ഭാരത്' മേളയോടനുബന്ധിച്ചാണ് സീഫുഡ് സ്കിൽ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്.

മൂല്യവർദ്ധിത സമുദ്രോത്പന്നങ്ങൾ തയ്യാറാക്കുന്നതിലുള്ള വൈദഗ്ധ്യം അന്തർദേശീയ തലത്തിൽ വരെ പ്രദർശിപ്പിക്കുന്നതിനായാണ് നാഷണൽ സ്കിൽ ഒളിമ്പ്യാഡ് നടത്തുന്നത്. ജൂലൈ ഒന്ന് മുതൽ മൂന്ന് വരെ നടക്കുന്ന 'സീഫുഡ് എക്സ്പോ ഭാരത് 2026'-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ മത്സരം, സമുദ്രോത്പന്ന കയറ്റുമതിയിൽ കൂടുതൽ മൂല്യവർദ്ധനവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നവീകരണവും ഗുണനിലവാരവും വളർത്താനും, ഈ രംഗത്തെ പ്രതിഭകളെ അംഗീകരിക്കാനും ലക്ഷ്യമിടുന്നു. ഒപ്പം ഇന്ത്യയിലെ സമുദ്രോത്പന്ന സംസ്കരണ മേഖലയിലെ നൈപുണ്യ തൊഴിൽവൈദഗ്ധ്യത്തിന്റെ വികസനത്തിന് ആക്കം കൂട്ടാനും ഇത് സഹായകമാകും.

സ്കിൽ ഒളിമ്പ്യാഡിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായി രാജ്യവ്യാപകമായി നൈപുണ്യവികസന പരിപാടികൾ എംപിഇഡിഎ സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാൻഡുള്ള സമുദ്രോത്പന്നങ്ങൾ തയ്യാറാക്കുന്നതിനായി 2,500-ലധികം സമുദ്രോത്പന്ന സംസ്കരണ തൊഴിലാളികൾക്കും പ്രൊഫഷണലുകൾക്കുമായി 50 സമുദ്രോത്പന്ന മൂല്യവർദ്ധന പരിശീലന പരിപാടികൾ നടത്തി. ബ്രെഡഡ് സ്ക്വിഡ് റിംഗ്സ്, നൊബാഷി (നീളമുള്ള ചെമ്മീൻ), ബ്രെഡഡ് ബട്ടർഫ്ലൈ ചെമ്മീൻ, കുക്ക്ഡ് പീൽഡ് ഡിവെയിൻഡ് ടെയിൽ-ഓൺ ചെമ്മീൻ, മാരിനേറ്റ് ചെയ്ത ചെമ്മീൻ സ്കെവേഴ്സ്, ഫിഷ് ഫില്ലറ്റുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലാണ് പരിശീലനം നൽകിയത്. ഓരോ പരിശീലന പരിപാടിക്ക് ശേഷവും പ്രാഥമിക തലത്തിലുള്ള സാങ്കേതിക മത്സരങ്ങൾ നടത്തുകയും മികച്ച പ്രകടനം കാഴ്ചവെച്ചവരെ കണ്ടെത്തുകയും ചെയ്തു.

തീരദേശ സംസ്ഥാനങ്ങളിലുടനീളം നടത്തിയ സംസ്ഥാനതല സ്കിൽ ഒളിമ്പ്യാഡുകളിലൂടെയും തുടർന്ന് മുംബൈ, (പടിഞ്ഞാറൻ തീരം) വിജയവാഡ, (കിഴക്കൻ തീരം) എന്നിവിടങ്ങളിൽ നടന്ന റീജിയണൽ സ്കിൽ ഒളിമ്പ്യാഡുകളിലൂടെയുമാണ് മത്സരങ്ങൾ പുരോഗമിച്ചത്. പ്രാദേശിക മത്സരങ്ങളിൽ നിന്ന് മികച്ച വിജയം നേടിയ 10 പേരാണ് ദേശീയ സീഫുഡ് സ്കിൽ ഒളിമ്പ്യാഡ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

ഗ്രാൻഡ് ഫിനാലെയിൽ സമുദ്രോത്പന്ന സംസ്കരണ രംഗത്തെയും അക്കാദമിക് രംഗത്തെയും വിദഗ്ധരടങ്ങുന്ന ജൂറിക്ക് മുന്നിൽ ഫൈനലിസ്റ്റുകൾ സാങ്കേതിക വൈദഗ്ധ്യം പ്രകടിപ്പിക്കും. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും. കൂടാതെ ഒന്നാം സമ്മാനമായി 1,0,0,000 രൂപയും, രണ്ടാം സമ്മാനമായി 75,000 രൂപയും, മൂന്നാം സമ്മാനമായി 50,000 രൂപയും, നാലാം സമ്മാനമായി 25,000 രൂപയും ക്യാഷ് അവാർഡായി ലഭിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, സമുദ്രോത്പന്ന കയറ്റുമതിക്കാർ, അന്താരാഷ്ട്ര ബയർമാർ, വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, സീഫുഡ് എക്സ്പോ ഭാരത് 2026-ൽ പങ്കെടുക്കുന്ന പ്രതിനിധികൾ തുടങ്ങിയവർ ഈ പരിപാടിയിൽ സംബന്ധിക്കും. ഫൈനലിസ്റ്റുകൾ തയ്യാറാക്കുന്ന അവാർഡിന് അർഹമായ മൂല്യവർദ്ധിത സമുദ്രോത്പന്നങ്ങൾ സ്കിൽ ഒളിമ്പ്യാഡ് പവലിയനിൽ പ്രദർശിപ്പിക്കും. കൂടാതെ എംപിഇഡിഎയുടെ പരിശീലന പരിപാടികളിലൂടെ വികസിപ്പിച്ചെടുത്ത കയറ്റുമതി അധിഷ്ഠിത മൂല്യവർദ്ധിത സമുദ്രോത്പന്നങ്ങളുടെ തത്സമയ പ്രദർശനങ്ങളും അവ രുചിച്ചു നോക്കാനുള്ള അവസരവും ഇവിടെ ഉണ്ടായിരിക്കും.

സമുദ്രോത്പന്ന മൂല്യവർധന ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണ് നാഷണൽ സീഫുഡ് സ്കിൽ ഒളിമ്പ്യാഡ് പ്രതിഫലിപ്പിക്കുന്നതെന്ന് എംപിഇഡിഎ ചെയർമാൻ പി. ജവഹർ പറഞ്ഞു. മികച്ച പ്രതിഭകളെ അംഗീകരിക്കുന്നതിലൂടെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ രംഗത്തെ തൊഴിൽ നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഉയർന്ന ഗുണമേന്മയുള്ള സമുദ്രോത്പന്നങ്ങളുടെ വിശ്വസ്ത ആഗോള വിതരണക്കാരെന്ന ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താൻ ഒളിമ്പ്യാഡ് സഹായിക്കും. സമുദ്ര സമ്പദ്വ്യവസ്ഥയിൽ ഇന്ത്യയുടെ നേതൃസ്ഥാനം നിലനിർത്തുന്നതിനുള്ള പ്രധാന മാർഗ്ഗം മനുഷ്യവിഭവശേഷിയിൽ നിക്ഷേപം നടത്തുകയെന്നതാണ്. അന്താരാഷ്ട്ര വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ള നൈപുണ്യ ശേഷിയുള്ള തൊഴിൽ സമൂഹത്തെ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മുൻനിര അന്താരാഷ്ട്ര സമുദ്രോത്പന്ന പ്രദർശനമായ 'സീഫുഡ് എക്സ്പോ ഭാരത് 2026'-ൽ സമുദ്രോത്പന്ന സംസ്കരണം, അക്വാകൾച്ചർ, പാക്കേജിംഗ് മെഷിനറി, ലോജിസ്റ്റിക്സ്, ഗവൺമെന്റ് പവലിയനുകൾ എന്നിവയ്ക്കായി 325-ലധികം എക്സിബിഷൻ സ്റ്റാളുകൾ ഉണ്ടായിരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ അയ്യായിരത്തോളം ആഭ്യന്തര-അന്തർദ്ദേശീയ പ്രതിനിധികൾ പങ്കെടുത്ത് വാണിജ്യ കൂടിക്കാഴ്ചകൾ നടത്തും. ചില്ലറവ്യാപാര മേഖല, കാർഷിക ശൃംഖലകൾ തുടങ്ങിയവയുമായി ബന്ധം സ്ഥാപിക്കാൻ ഇതിലൂടെ സാധിക്കും. സമുദ്രോത്പന്ന മേഖലയുടെ നവീകരണത്തിലും സുസ്ഥിരതയിലും ഊന്നിയുള്ള അഞ്ച് സമാന്തര സാങ്കേതിക സെഷനുകളും എക്സ്പോയുടെ ഭാഗമായി നടക്കുന്നുണ്ട്. വിവിധ പങ്കാളികൾക്ക് തങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനും ആഗോള സമുദ്രോത്പന്ന മൂല്യ ശൃംഖലയിലുടനീളം പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും സീഫുഡ് എക്സ്പോ വേദിയൊരുക്കുന്നു.

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി റെക്കോർഡ് നേട്ടമായ 8.45 ബില്യൺ യുഎസ് ഡോളറിലെത്തി, ഇത് ലോകത്തിലെ മുൻനിര സമുദ്രോത്പന്ന കയറ്റുമതി രാജ്യങ്ങളിലൊന്നായി രാജ്യത്തെ മാറ്റി. രാജ്യത്ത് നിലവിൽ പ്രതിദിനം 40,000 മെട്രിക് ടണ്ണിലധികം സംസ്കരണ ശേഷിയുള്ള 670 അംഗീകൃത സമുദ്രോത്പന്ന സംസ്കരണ യൂണിറ്റുകളുണ്ട്. ഇതിൽ 127 സംസ്കരണ യൂണിറ്റുകൾ മൂല്യവർദ്ധിത സമുദ്രോത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവയാണ്. ഇത് ഇന്ത്യയുടെ ആകെ സമുദ്രോത്പന്ന കയറ്റുമതിയുടെ ഏകദേശം 10 ശതമാനം (0.84 ബില്യൺ യുഎസ് ഡോളർ) സംഭാവന ചെയ്യുന്നു. മൂല്യവർദ്ധിത സമുദ്രോത്പന്ന മേഖലയിലെ ഗണ്യമായ വളർച്ചാ സാധ്യതകൾ കണക്കിലെടുത്ത്, 2030-ഓടെ ആകെ സമുദ്രോത്പന്ന കയറ്റുമതിയിൽ മൂല്യവർദ്ധിത കയറ്റുമതിയുടെ വിഹിതം 25 ശതമാനമായി ഉയർത്തുക എന്നലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിനായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എംപിഇഡിഎ, ഉൽപ്പന്ന നവീകരണം, സംസ്കരണ-മൂല്യവർദ്ധന അടിസ്ഥാന സൗകര്യങ്ങൾ, പ്രൊഫഷണൽ കൂട്ടായ്മ, ഗുണനിലവാര അവബോധം തുടങ്ങിയ വിവിധ പദ്ധതികളും പരിശീലന പരിപാടികളും എംപിഇഡിഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.