Sections

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് കൈകാര്യം ചെയ്യുന്ന ആസ്തി 30.46 ശതമാനം വർദ്ധിച്ച് ഒക്ടോബറിൽ 5,000 കോടി രൂപ കടന്നു

Friday, Nov 21, 2025
Reported By Admin
Muthoot Mini posts strong H1 growth with ₹4,773 cr AUM

കൊച്ചി: രാജ്യത്തെ ദീർഘകാലത്തെ വിശ്വാസ്യതയുള്ള സ്വർണ്ണവായ്പ എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് യെല്ലോ എന്നറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വർഷം സെപ്റ്റംബർ 30-ന് അവസാനിച്ച ആദ്യ പകുതിയിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ പുറത്തിവിട്ടു. ആസ്തി, വരുമാനം, ലാഭം എന്നിവയിൽ കമ്പനി ശക്തമായ പ്രകടനം കാഴ്ചവെച്ചു.

ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 4,773.47 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം സെപ്റ്റംബറിലെ 3,658.86 കോടി രൂപയെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ 30.46 ശതമാനത്തിൻറെ വളർച്ചയാണ് കാണിക്കുന്നത്. സ്വർണ്ണ വായ്പ ബിസിനസിലുടനീളം ഉയർന്ന വരുമാനവും ലാഭക്ഷമതയുമായി ഈ ആറുമാസ കാലയളവിൽ മികച്ച വരുമാന വളർച്ചയും കമ്പനി നേടി. ഈ വളർച്ചയുടെ തുടർച്ചയായി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ കാര്യത്തിൽ മുത്തൂറ്റ് മിനി 5,000 കോടി രൂപയുടെ നാഴികക്കല്ല് പിന്നിട്ടു. ഇത് പ്രധാന വിപണികളിൽ സ്വർണ്ണ വായ്പ ആവശ്യകതയിലുള്ള തുടർച്ചയായ വളർച്ചയെയാണ് കാണിക്കുന്നത്.

നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ കമ്പനിയുടെ മൊത്ത വരുമാനം 481.11 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിലെ 391.87 കോടി രൂപയെ അപേക്ഷിച്ച് 22.77 ശതമാനം വർദ്ധനവാണിത്. ആദ്യ പകുതിയിൽ അറ്റാദായം 61.77 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിലെ 47.48 കോടി രൂപയേക്കാൾ 30.11 ശതമാനം വാർഷിക വളർച്ചയാണിത്. പോർട്ട്ഫോളിയോ വിപുലീകരണം, അച്ചടക്കമുള്ള റിസ്ക് വിലയിരുത്തൽ, വിതരണ ശൃംഖലയിലുടനീളമുള്ള പ്രവർത്തന കാര്യക്ഷമതയിലെ തുടർച്ചയായ മെച്ചപ്പെടുത്തലുകൾ എന്നിവയാണ് കമ്പനിയുടെ ആദ്യ പകുതിയിലെ പ്രകടനത്തിൻറെ അടിത്തറ.

നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിലെ പ്രധാന നേട്ടങ്ങൾ

  • കൈകാര്യം ചെയ്യുന്ന ആസ്തികൾ: സെപ്റ്റംബറിൽ അവസാനിച്ച ആദ്യ പകുതിയിൽ 4,773.47 കോടി രൂപയിലെത്തി. വർഷികാടിസ്ഥാനത്തിൽ 30.46 ശതമാനം വളർച്ച രേഖപ്പെടുത്തി.
  • ആദ്യ പകുതിയിലെ അറ്റാദായം: പ്രവർത്തന കാര്യക്ഷമതകളും സ്ഥിരതയുള്ള പോർട്ട്ഫോളിയോയുമാണ് 61.77 കോടി രൂപ നേടാൻ സഹായിച്ചത്
  • ആദ്യ പകുതിയിലെ മൊത്തവരുമാനം: 481.11 കോടി രൂപയിലെത്തി. സ്വർണ്ണ വായ്പകൾക്കുള്ള ശക്തമായ ഡിമാൻഡ് കാരണം മുൻ വർഷത്തെ അപേക്ഷിച്ച് 89.24 കോടി രൂപയുടെ വർദ്ധനവാണ് ഇതിലുണ്ടായത്.
  • നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തെ പ്രകടനം: സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചു. മൊത്ത വരുമാനം 254.53 കോടി രൂപയും ത്രൈമാസത്തെ അറ്റാദായം 31.63 കോടി രൂപയുമാണ്.
  • സ്വർണ്ണവായ്പ പോർട്ട്ഫോളിയോയുടെ സംഭാവന: മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ 93.15 ശതമാനവുമായി സ്വർണ്ണ വായ്പ വിഭാഗം മുഖ്യ ബിസിനസായി തുടരുന്നു.

മൊത്തത്തിലുള്ള മികച്ച പ്രകടനത്തിൻറെ ഭാഗമായി ജൂലൈ സെപ്റ്റംബർ ത്രൈമാസത്തിലും കമ്പനി സ്ഥിരതയുള്ള വളർച്ച രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസത്തിലെ മൊത്ത വരുമാനം 254.53 കോടി രൂപയിലെത്തി. മുൻ വർഷത്തെ ഇതേ കാലയളവിലെ 205.30 കോടി രൂപ അപേക്ഷിച്ച് 23.98 ശതമാനം വളർച്ച കൈവരിച്ചു. രണ്ടാം ത്രൈമാസത്തിലെ അറ്റാദായം 31.63 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ ഇതേ കാലയളവിൽ ഇത് 23.95 കോടി രൂപയായിരുന്നു. ഈ ത്രൈമാസത്തിൽ വിവേകപൂർണ്ണമായ വായ്പ വിലയിരുത്തലും ശക്തമായ നിരീക്ഷണ പ്രക്രിയകളും കമ്പനിയ്ക്ക് സ്ഥിരതയുള്ള ആസ്തി നിലവാരം നിലനിർത്താൻ സഹായിച്ചു. സെപ്റ്റംബർ 2025ൽ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ 93.15 ശതമാനമായ 4,446.70 കോടി രൂപ സംഭാവന ചെയ്ത സ്വർണ്ണവായ്പയാണ് പ്രധാന ബിസിനസായി തുടരുന്നത്.

കൈകാര്യം ചെയ്യുന്ന ആസ്തി ഒക്ടോബറിൽ 5,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത് തങ്ങളുടെ വളർച്ചയിലെ ഒരു സുപ്രധാന നേട്ടമാണ്. ഉത്തരവാദിത്തമുള്ള വായ്പാ വിതരണത്തിലും, രാജ്യത്തെ വളർന്നുവരുന്ന വിപണികളിലെ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ വായ്പ പരിഹാരങ്ങൾ ലഭ്യമാക്കാനാണ് തങ്ങൾ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സുസ്ഥിരമായ വളർച്ച, ഉപഭോക്താക്കൾ തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസവും, തങ്ങൾ തുടർന്നും നൽകുന്ന മൂല്യത്തെയുമാണ് കാണിക്കുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിലെ പ്രകടനം സൂക്ഷ്മമായി ആസൂത്രണം ചെയ്ത വിപുലീകരണ തന്ത്രത്തിൻറെയും പ്രവർത്തന മാതൃകയുടെ കാര്യക്ഷമതയെയുമാണ് കാണിക്കുന്നത്. ഡിജിറ്റൽ കഴിവുകൾ വഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും, പോർട്ട്ഫോളിയോ നിലവാരം നിലനിർത്തുന്നതിനും, വായ്പാ വിതരണത്തിലുള്ള ഭരണനിർവ്വഹണ-അധിഷ്ഠിത സമീപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത തുടർന്ന് കൊണ്ടിരിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, പി. ഇ. മത്തായി പറഞ്ഞു.

സൂക്ഷ്മമായ വിപുലീകരണം, പ്രവർത്തന കാര്യക്ഷമത, സുരക്ഷിത വായ്പയ്ക്കുള്ള ഉപഭോക്തൃ ആവശ്യത്തിൽ തുടർച്ചയായ വർധനവ് എന്നിവയുടെ പിന്തുണയോടെ വരുമാനത്തിലും ലാഭപ്രവർത്തനത്തിലും മികച്ച വാർഷിക വളർച്ച മുത്തൂറ്റ് മിനി രേഖപ്പെടുത്തി. ബിസിനസ് പ്രകടനങ്ങൾ കൂടാതെ, സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൻറെ ഉന്നമനത്തിനു നൽകിയ പ്രതിബദ്ധത തുടരുകയും ചെയ്തു. ഇതിൽ സ്കൂൾ കിറ്റുകൾ വിതരണം, കർഷകർക്കുള്ള സാമ്പത്തിക പിന്തുണ, ഉപജീവനമാർഗ്ഗം പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യൽ മെഷീനുകളും സൈക്കിളുകളും നൽകുന്ന ശാക്തീകരണ പരിപാടികൾ എന്നിവ ഉൾപ്പെടുന്നു.

മുത്തൂറ്റ് മിനി മൊബൈൽ ആപ്പ് സേവനങ്ങൾ, ഓൺലൈൻ സ്വർണ്ണ വായ്പ തിരിച്ചടവ്, ഇൻസ്റ്റൻറ് വായ്പ വിതരണം തുടങ്ങിയ ഡിജിറ്റൽ പദ്ധതികളിലൂടെ ഉപഭോക്തൃാനുഭവം മെച്ചപ്പെടുത്തി. നിലവിൽ 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 980ലധികം ശാഖകളുണ്ട്. 5,500-ൽ അധികം ജീവനക്കാരുള്ള കമ്പനി 30 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.