- Trending Now:
പൂനെ: വ്യവസായശാലകളിൽ കട്ടിംഗ് ജോലികൾക്കിടെ ഉണ്ടാകുന്ന ശബ്ദമലിനീകരണം ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി ഗവേഷകർ വികസിപ്പിച്ചു. നിർമ്മാണ-ഫാബ്രിക്കേഷൻ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന അബ്രസീവ് സോ മെഷീനുകൾ പ്രവർത്തിക്കുമ്പോൾ സാധാരണയായി 95 മുതൽ 110 ഡെസിബെൽ വരെ ഉയരുന്ന ശബ്ദം ഈ സംവിധാനത്തിന്റെ സഹായത്തോടെ 20 ഡെസിബെൽ വരെ കുറയ്ക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു. നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ അബ്രസീവ് സോ മെഷീനുകളിൽ എളുപ്പത്തിൽ ഘടിപ്പിക്കാവുന്ന പ്രത്യേക സുരക്ഷാ കവചം രൂപത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഡോ. രോഹിത് രഘുനാഥ് ഗഡ്ഗെ, ഡോ. മഹേഷ് വസന്ത് റാവു കുൽക്കർണി, പിഎച്ച്ഡി ഗവേഷകനായ യാഷ് ഉത്സാഹി ചവാന്റെ എന്നിവർ ചേർന്നാണ് ഈ നൂതന ഉപകരണം വികസിപ്പിച്ചത്.
ഉയർന്ന ശബ്ദം തൊഴിലാളികളുടെ കേൾവിശേഷിയെയും മാനസിക ഏകാഗ്രതയെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നത്. പ്രത്യേക ഘടനയിലുള്ള കവചം ശബ്ദതരംഗങ്ങളെ ഉള്ളിൽത്തന്നെ ആഗിരണം ചെയ്ത് പുറത്തേക്കുള്ള ശബ്ദവ്യാപനം കുറയ്ക്കുന്നു. അതോടൊപ്പം, കട്ടിംഗ് സമയത്ത് തെറിച്ചുപോകുന്ന തീപ്പൊരികൾ, ലോഹപ്പൊടി, മറ്റ് അവശിഷ്ടങ്ങൾ എന്നിവ പുറത്തേക്ക് പടരുന്നതും തടയുന്നു. കട്ടിംഗ് പ്രക്രിയ സുരക്ഷിതമായി നിരീക്ഷിക്കാൻ സുതാര്യമായ വിൻഡോകളും ക്രമീകരിക്കാവുന്ന സ്ലൈഡിംഗ് പാനലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇ-ഗ്ലാസ് ഫൈബർ, ബസാൾട്ട് ഫൈബർ, പെർഫൊറേറ്റഡ് അലുമിനിയം എന്നിവ സംയോജിപ്പിച്ച പ്രത്യേക മിശ്രിതമാണ് ശബ്ദം ആഗിരണം ചെയ്യുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. വലിയ ശബ്ദപ്രതിരോധ ക്യാബിനുകളോ വൻതോതിലുള്ള നിക്ഷേപമോ ആവശ്യമില്ലാതെ ഫാക്ടറികളിലെ സുരക്ഷയും തൊഴിലിട സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി.
കണ്ടുപിടിത്തത്തിന് നിലവിൽ പേറ്റന്റിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും പ്രോട്ടോടൈപ്പ് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വ്യാവസായിക ഉപയോഗത്തിനായി വിപണിയിലെത്തിക്കാനാണ് ലക്ഷ്യമെന്നും ഗവേഷകസംഘം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.