Sections

അത്യാധുനിക എക്മോ (ECMO) ചികിത്സയിലൂടെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ 22-കാരനായ മെഡിക്കൽ വിദ്യാർത്ഥിക്ക് പുനർജന്മം

Wednesday, Jun 10, 2026
Reported By Admin
Apollo Adlux Saves Student with Advanced ECMO Care

കൊച്ചി: ശ്വാസകോശത്തിന്റെ പരാജയത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ 22 വയസ്സുള്ള മെഡിക്കൽ വിദ്യാർത്ഥിക്ക് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ പുതുജീവൻ. ലഭ്യമായ ചികിത്സകൾക്കിടയിലും ആരോഗ്യനില അതിവേഗം വഷളായതിനെ തുടർന്ന്, അത്യാധുനിക തീവ്രപരിചരണത്തിനായി വിദ്യാർത്ഥിയെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

കേരളത്തിൽ മെഡിക്കൽ വിദ്യാർത്ഥിയായ രാജസ്ഥാൻ സ്വദേശിയാണ് രോഗി. കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പർക്കത്തെത്തുടർന്ന് പനി, ചുമ, ഛർദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണ് വിദ്യാർത്ഥിക്ക് അസുഖം തുടങ്ങിയത്. തുടർന്ന് കടുത്ത ശ്വാസംമുട്ടലും കഫത്തിൽ രക്തത്തിന്റെ അംശവും കണ്ടതിനെ തുടർന്ന് മധ്യകേരളത്തിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ എലിപ്പനിയും (leptospirosis), അതിനെത്തുടർന്നുണ്ടായ 'അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം' (ARDS), 'ഡിഫ്യൂസ് ആൽവിയോളാർ ഹെമറേജ്' (ശ്വാസകോശത്തിനുള്ളിലെ രക്തസ്രാവം മൂലം ഓക്സിജൻ വിനിമയത്തെ സാരമായി ബാധിക്കുന്ന അവസ്ഥ) ഉള്ളതായി സംശയിക്കുകയും, തുടർന്ന് ആന്റിബയോട്ടിക്കുകൾ, കൃത്രിമ ഓക്സിജൻ സംവിധാനം, വെന്റിലേറ്റർ സഹായം എന്നിവയുൾപ്പെടെയുള്ള തീവ്രപരിചരണങ്ങൾ നൽകിയെങ്കിലും ശ്വാസതടസ്സം കൂടുതൽ ഗുരുതരമാകുകയായിരുന്നു.

ഈ സാഹചര്യത്തിൽ ഡോ. അനീഷിന്റെ നേതൃത്വത്തിലുള്ള ചികിത്സാ സംഘം ശ്വാസകോശത്തിന്റെ പ്രവർത്തനം താൽക്കാലികമായി ഏറ്റെടുക്കുന്ന അത്യാധുനിക ജീവൻരക്ഷാ സംവിധാനമായ എക്സ്ട്രാകോർപറൽ മെമ്പറെയ്ൻ ഓക്സിജനേഷൻ (എക്മോ) ചികിത്സയിലൂടെ രോഗിയെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അപ്പോളോ അഡ്ലക്സിലെ ക്രിട്ടിക്കൽ കെയർ വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ശ്രീവത്സ നാഗചന്ദന്റെ നേതൃത്വത്തിലുള്ള എക്മോ വിദഗ്ധ സംഘം രോഗി ചികിത്സയിലായിരുന്ന ആശുപത്രിയിലെത്തി ആരോഗ്യനില സുരക്ഷിതമാക്കിയ ശേഷം എക്മോ മെഷീൻ ഘടിപ്പിച്ചു.

എക്മോ സംവിധാനം ഘടിപ്പിച്ച ശേഷം കേരള പോലീസ്, എക്മോ റെട്രീവൽ ടീം, ആംബുലൻസ് ജീവനക്കാർ എന്നിവരുടെ ഏകോപിത പിന്തുണയോടെയാണ് രോഗിയെ സുരക്ഷിതമായി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ എത്തിച്ചത്. ആഴ്ചകൾ നീണ്ട എക്മോ, വെന്റിലേറ്റർ സഹായത്തോടെയുള്ള വിദഗ്ധ തീവ്രപരിചരണത്തിനൊടുവിൽ വിദ്യാർത്ഥിയുടെ ശ്വാസകോശം പൂർണ്ണ ആരോഗ്യസ്ഥിതി വീണ്ടെടുത്തു. എക്മോ സംവിധാനവും വെന്റിലേറ്ററും വിജയകരമായി നീക്കം ചെയ്ത രോഗി ഇപ്പോൾ പൂർണ്ണ സുഖം പ്രാപിച്ച് ആശുപത്രി വിടുകയും ചെയ്തു.

'ഒരു സാധാരണ ഐ.സി.യുവിൽ എക്മോ ലൈഫ് സപ്പോർട്ട് നൽകുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഗുരുതരമായ ശ്വാസകോശ ക്ഷതവും ശ്വാസകോശത്തിനുള്ളിലെ രക്തസ്രാവവും ഉണ്ടായിരുന്ന ഈ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ സമയോചിതമായ തീരുമാനങ്ങളും വിദഗ്ധ സംഘത്തിന്റെ കൃത്യമായ ഏകോപനവും ഏറെ സഹായകമായി.' അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ ആൻഡ് എക്സ്ട്രാകോർപറൽ സപ്പോർട്ട്സ് വിഭാഗം കൺസൾട്ടന്റ് ഡോ. എം ശ്രീവത്സ നാഗചന്ദൻ പറഞ്ഞു.

'മെഡിക്കൽ സംഘവും ഗതാഗത സംവിധാനങ്ങളും തമ്മിലുള്ള കൃത്യമായ ഏകോപനമാണ് ഈ ജീവൻ രക്ഷിക്കാൻ നിർണായകമായത്. രോഗിക്ക് അതിവേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിൽ കാണിച്ച സമയനിഷ്ഠയും കേരള പോലീസിന്റെയും ആംബുലൻസ് ജീവനക്കാരുടെയും ആത്മാർത്ഥമായ സഹകരണവും പ്രത്യേകം അഭിനന്ദനാർഹമാണ്.' ക്രിട്ടിക്കൽ കെയർ ആൻഡ് എക്സ്ട്രാകോർപറൽ സപ്പോർട്ട്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

മെഡിക്കൽ, ലോജിസ്റ്റിക്സ് വെല്ലുവിളികളും മാനസിക ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു ഈ കേസെന്ന് ക്രിട്ടിക്കൽ കെയർ ആൻഡ് എക്സ്ട്രാകോർപറൽ സപ്പോർട്ട്സ് വിഭാഗം കൺസൾട്ടന്റ് ഡോ. ഡി ലിഖിത് റോയ് കൂട്ടിച്ചേർത്തു.

ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ, ഡോ. ശ്രീവത്സ നാഗചന്ദൻ, ഡോ. ഡി ലിഖിത് റോയ്, ഡോ. ബിനോയ് സേവ്യർ കെ.പി, എക്മോ കോർഡിനേറ്റർമാരായ ബിജോ മാത്യൂസ്, അഭിജിത്ത് അനിൽകുമാർ, കാർത്തിക് മേനോൻ ജയചന്ദ്രൻ, അതുല്യ മോഹനൻ എന്നിവരടങ്ങിയ മെഡിക്കൽ സംഘം ചികിത്സയുടെ ഭാഗമായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.