Sections

ജീവിതത്തിന്റെ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം വിജയം:  മന്ത്രി  വി.എൻ വാസവൻ

Monday, May 01, 2023
Reported By Admin
Co-operative Expo 2023

സഹകരണ എക്സ്പോയ്ക്ക് സമാപനം


ജീവിതത്തിന്റെ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം വിജയകരമാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ സ്വീകരിക്കാൻ തുറന്ന മനസ്സുമായി ജനങ്ങൾ മുന്നോട്ടുവരുന്ന സാഹചര്യം സൃഷ്ടിക്കാൻ സഹകരണ എക്സ്പോയ്ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറൈൻ ഡ്രൈവിൽ 9 ദിവസമായി നടന്ന ഒരുമയുടെ പൂരം സഹകരണ എക്സ്പോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വായ്പ എടുക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാത്രം ആശ്രയിക്കാൻ കഴിയുന്നതാണ് സഹകരണ മേഖല എന്നതാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഇത് സഹകരണ മേഖലയുടെ ചുരുങ്ങിയ പ്രവർത്തനം മാത്രമാണ്. 1615 സംഘങ്ങൾ മാത്രമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇവ കൂടാതെ 29,200 സംഘങ്ങൾ സംസ്ഥാനത്തുണ്ട്. ഇവയിൽ തന്നെ കൂടുതൽ സംഘങ്ങളും ഉത്പാദന മേഖലയിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. മൂന്നു കോടി ജനങ്ങൾ സഹകരണ സംഘങ്ങളിൽ അംഗങ്ങളാണെന്നും മന്ത്രി പറഞ്ഞു.

സഹകരണ മേഖലയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ജന ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ഇറങ്ങിച്ചെല്ലാൻ സഹകരണ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും കൂടുതൽ ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാണ് സഹകരണ മേഖല. ഉൽപാദന മേഖലയിലും സംഭരണ, സംസ്കരണ, വിപണ രംഗത്തും വളരെ വിപുലമായ രീതിയിൽ ഇടപെട്ടുകൊണ്ട് തന്നെ സഹകരണ മേഖല മുന്നോട്ട് പോകുന്നു. ആഭ്യന്തര - അന്താരാഷ്ട്ര മാർക്കറ്റുൾ കീഴടക്കാൻ വിധത്തിലുള്ള ഉത്പന്നങ്ങൾ സഹകരണ മേഖലയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

വൈവിധ്യമാർന്ന ആശയം ഉൾക്കൊള്ളിച്ച സ്റ്റാളുകൾ കൊണ്ട് സമ്പന്നമായിരുന്നു എക്സ്പോ. ആധുനിക ചികിത്സാരംഗത്ത് മറ്റ് ആശുപത്രികളോട് കിടപിടിക്കപ്പെട്ടു വിധത്തിലുള്ള ന്യൂതന സാങ്കേതികവിദ്യയും വിവിധ ചികിത്സാരീതിയും സഹകരണ ആശുപത്രികളിൽ നിന്ന് ലഭ്യമാകുന്നുണ്ട്. മറ്റ് ന്യൂജനറേഷൻ ബാങ്കുകളോട് പൊരുതി നിൽക്കുന്ന വിധത്തിൽ കേരള ബാങ്കിന്റെ വളർച്ച. ഇതുപോലെ വിദ്യാഭ്യാസ രംഗത്ത്, മറ്റ് മേഖലകളിൽ ഉൾപ്പെടെ സഹകരണ മേഖലയുടെ ഉയർച്ച വിളിച്ചറിയിക്കുന്ന പ്രവർത്തനങ്ങൾ സ്റ്റാളുകളിൽ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സാധാരണ പ്രദർശന വിപണന പരിപാടികളിൽ നിന്നും വ്യത്യസ്തമായി സഹകരണം എക്സ്പോയിലൂടെ പ്രസാധനം, സിമ്പോസിയം, സെമിനാറുകൾ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളാണ് അവതരിപ്പിച്ചത്. ജനങ്ങളുടെ കണ്ണിനും കാതിനും ഇമ്പമേകി 9 ദിവസം കൊണ്ട് സഹകരണ മേഖലയുടെ വളർച്ച വിളിച്ചറിയിക്കുന്നതിനോടൊപ്പം ജനങ്ങളെ പുതിയ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരാനും സഹകരണ എക്സ്പോയ്ക്ക് സാധിച്ചെന്നും മന്ത്രി പറഞ്ഞു.

സഹകരണ എക്സ്പോയോട് അനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളും പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ 'സഹകരണ എക്സ്പോ 2023 സെമിനാർ പ്രബന്ധ സമാഹരണം' എന്ന പുസ്തകത്തിന്റെ പ്രകാശനവും മേയർ അഡ്വ എം അനിൽകുമാറിന് കൈമാറി മന്ത്രി നിർവഹിച്ചു. സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ സദസ്സിന്റെ ഡോക്യുമെന്റിന്റെയും മാർഗ്ഗരേഖയുടെയും പ്രകാശനം കേരള ബാങ്ക് ജനറൽ മാനേജർ ഡോ. അനിൽകുമാറിന് നൽകി മന്ത്രി നിർവഹിച്ചു.

മികച്ച സ്റ്റാളുകൾക്കുള്ള പുരസ്ക്കാരങ്ങൾ, മികച്ച റിപ്പോർട്ടിംഗിനുള്ള മാധ്യമ അവാർഡുകൾ, സേവന ദാതാക്കൾക്കുള്ള പുരസ്കാരം എന്നിവയും മന്ത്രി വിതരണം ചെയ്തു.

മറൈൻഡ്രൈവ് ഗ്രൗണ്ടിൽ വ നടന്ന സമാപന സമ്മേളനത്തിൽ മേയർ അഡ്വ. എം അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ ആർ ജ്യോതി പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ്, സഹകരണ ഓഡിറ്റ് ഡയറക്ടർ എം എസ് ഷെറിൻ, മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ, കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) ചെയർമാൻ സി എൻ വിജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.