Sections

കുടുംബശ്രീ സംരംഭങ്ങൾക്ക് വൻകുതിപ്പേകാൻ എം.ഇ.ആർ.സി

Tuesday, Mar 14, 2023
Reported By Admin
Kudumbashree

കുടുംബശ്രീ പ്രവർത്തനങ്ങൾ ശാക്തീകരിക്കാൻ ആവിഷ്കരിച്ച മൈക്രോ എന്റർപ്രൈസ് റിസോർസ് സെന്ററു (എം.ഇ.ആർ.സി) കൾക്ക് തുടക്കമായി


കുടുംബശ്രീ പ്രസ്ഥാനം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ കുടുംബശ്രീ സംവിധാനത്തിന്റെ നിലവിലെ ഘടനയിലും പ്രവർത്തനങ്ങളിലും ഭേദഗതി വരുത്തി ബ്ലോക്ക് തലത്തിൽ ഉപജീവന പ്രവർത്തനങ്ങൾ ശാക്തീകരിക്കാൻ ആവിഷ്കരിച്ച മൈക്രോ എന്റർപ്രൈസ് റിസോർസ് സെന്ററു (എം.ഇ.ആർ.സി) കൾക്ക് തുടക്കമായി. മൈക്രോ എന്റർപ്രൈസ് റിസോർസ് സെന്റർ (എം.ഇ.ആർ.സി) സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ടൗൺ ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം. ബി രാജേഷ് നിർവഹിച്ചു. പ്രാദേശിക സാമ്പത്തിക വികസനം കൈവരിക്കാനുള്ള ഉപാധിയായി മൈക്രോ എന്റർപ്രൈസ് റിസോർസ് സെന്റർ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രസ്ഥാനം കഴിഞ്ഞ 25 വർഷം കൊണ്ട് അതിന്റെ ലക്ഷ്യം നിറവേറ്റി. സാമ്പത്തിക സ്വാശ്രയത്തിലൂടെയുള്ള ദാരിദ്ര്യ നിർമാർജനമായിരുന്നു കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം. അത് പ്രാവർത്തികമായിക്കഴിഞ്ഞു. ഇനി വരുമാന വർധനവാണ് ലക്ഷ്യം. ഇതിനായി ബ്ലോക്ക് തലത്തിൽ ഒരു ഏകജാലക സംവിധാനം ഉണ്ടാക്കും. യഥാർഥ ഉപഭോക്താക്കളെ കണ്ടെത്തൽ, സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായം ഉറപ്പു വരുത്തൽ, വായ്പകൾക്ക് ആവശ്യമായ വിവിധ അനുമതികൾ നേടിയെടുക്കാൻ സഹായിക്കൽ എന്നിവയാണ് എം.ഇ.ആർ.സിയുടെ ലക്ഷ്യം. ബ്ലോക്ക് തലത്തിൽ മേഖലാതല കൺസോർഷ്യം രൂപീകരിക്കൽ, നൂതന സംരഭ മാതൃകകൾ രൂപീകരിക്കൽ തുടങ്ങിയവയും ലക്ഷ്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നഗരസഭാ ചെയർപെഴ്സൺ ശ്രീജ സി എസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർമാലിക് പദ്ധതിവിശദീകരണം നടത്തി. അരുവിക്കര എം.എൽ.എ ജി സ്റ്റീഫൻ, വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.