Sections

മെഴ്സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ അവതരിപ്പിച്ചു

Friday, Jul 24, 2026
Reported By Admin
Mercedes-AMG E 53 Hybrid 4MATIC+ Launched in India

കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എ-ക്ലാസ് ശ്രേണിയിലെ ആദ്യ ഇലക്ട്രിഫൈഡ് എഎംജി മോഡലായ ഈ വാഹനം എഎംജിയുടെ ഉയർന്ന പ്രകടനശേഷിയും പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ കാര്യക്ഷമതയും ഒരുപോലെ നൽകും.

ത്രീ ലിറ്റർ ഇൻ ലൈൻ സിക്സ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും സംയോജിപ്പിച്ചാണ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പ്രവർത്തിക്കുന്നത്. 430 കിലോവാട്ട് (585 ഹോഴ്സ്പവർ) കരുത്തും 750 ന്യൂട്ടൺ മീറ്റർ ടോർക്കും ഇത് ഉൽപ്പാദിപ്പിക്കും. റേസ് സ്റ്റാർട്ട് സംവിധാനത്തിലൂടെ പരമാവധി കരുത്ത് 450 കിലോവാട്ട് (612 ഹോഴ്സ്പവർ) വരെ ഉയരും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.8 സെക്കൻഡ് മാത്രം മതി. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും എഎംജി ഡ്രൈവേഴ്സ് പാക്കേജിലൂടെ 280 കിലോമീറ്റർ വരെ വർധിപ്പിക്കാനും സാധിക്കും.

28.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ഉപയോഗിച്ച് മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ പൂർണമായും വൈദ്യുതിയിലും സഞ്ചരിക്കാനാകും. ഡബ്ല്യു.എൽ.ടി.പി. മാനദണ്ഡപ്രകാരം ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ വൈദ്യുതി മാത്രം ഉപയോഗിച്ച് വാഹനം സഞ്ചരിക്കും. 11 കിലോവാട്ട് എ.സി. ഓൺബോർഡ് ചാർജർ വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി ലഭിക്കും. എഎംജി റൈഡ് കൺട്രോൾ സസ്പെൻഷനും ഓൾ-വീൽ ഡ്രൈവ് സംവിധാനമായ എഎംജി പെർഫോമൻസ് 4മാറ്റിക്+, ആക്റ്റീവ് റിയർ-ആക്സിൽ സ്റ്റിയറിംഗ് എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. റീജെൻ ബ്രേക്കിങ്ങും വിവിധ ഡ്രൈവിംഗ് മോഡുകളും വാഹനത്തിലുണ്ട്.

എഎംജി സ്പോർട്സ് സീറ്റുകളാണ് വാഹനത്തിനുള്ളത്. കൂടാതെ എം.ബി.യു.എക്സ്. ഇൻഫോടെയ്ൻമെന്റ് സംവിധാനം, ബർമെസ്റ്റർ 4ഡി സറൗണ്ട് സൗണ്ട്, ഡോൾബി അറ്റ്മോസ് ഓഡിയോ, പിൻഭാഗത്തെ ഇലക്ട്രിക് സൺബ്ലൈൻഡ് ഉൾപ്പെടെ നിരവധി പ്രീമിയം സൗകര്യങ്ങളും വാഹനത്തിലുണ്ട്.

മെഴ്സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പെർഫോമൻസ് എഡിഷന് 1.45 കോടി രൂപയും റേസിംഗ് എഡിഷന് 1.48 കോടി രൂപയുമാണ് എക്സ്-ഷോറൂം വില. രാജ്യത്തെ മെഴ്സിഡസ് ബെൻസിന്റെ മുഴുവൻ ഡീലർഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും വാഹനങ്ങളുടെ വിതരണം ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.