- Trending Now:
കൊച്ചി: വെറുമൊരു ക്യാൻവാസിൽ ഒതുങ്ങിനിൽക്കുന്നതല്ല മീനു ജെയിംസിന്റെ ചിത്രങ്ങൾ; അവ കൈക്കുള്ളിൽ ഒതുക്കിപ്പിടിക്കാവുന്ന, തൊട്ടുനോക്കാവുന്ന ഓർമ്മകളാണ്. കൊച്ചി-മുസിരിസ് ബിനാലെ 2025-ൽ ഐലൻഡ് വെയർ ഹൗസിൽ ഒരുക്കിയിരിക്കുന്ന 'ടോപ്പോഗ്രാഫി' (Topography) എന്ന കലാസൃഷ്ടിയിലൂടെ വരാപ്പുഴയുടെയും പരിസരപ്രദേശങ്ങളുടെയും മാറിക്കൊണ്ടിരിക്കുന്ന മുഖം വരച്ചുചേർക്കുകയാണ് കൂനമ്മാവ് സ്വദേശിയായ ഈ യുവകലാകാരി.
ചെറുതെങ്കിലും മരക്കഷണങ്ങളുടെ അഞ്ച് വശങ്ങളിലുമാണ് മീനു ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഓർമ്മകളുടെ ത്രിമാന രൂപങ്ങൾ പോലെ ഇത് നമ്മുടെ മനസിൽ തങ്ങി നിൽക്കും. മരത്തിലും ഗ്ലാസിലും അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് രചന. പരമ്പരാഗത ചിത്രരചനയുടെ രീതികളെ ഉടച്ചുവാർക്കുന്നതാണ് ഈ ശൈലി. തൊണ്ണൂറികളിൽ ജനിച്ചവർക്ക് പോലും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളെ തൊട്ടുണർത്തുന്നതാണ് ഈ കലാസൃഷ്ടി.
വരാപ്പുഴയുടെ പ്രാന്തപ്രദേശങ്ങളിൽ ജനിച്ചുവളർന്ന മീനു, തന്റെ നാടിനുണ്ടായ മാറ്റങ്ങളെയാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നത്. 1990-2000 കാലഘട്ടത്തിലെ ചെന്നംപള്ളി, കോട്ടുവള്ളി ഗ്രാമങ്ങളുടെ ഭൂപ്രകൃതിയും സാമൂഹിക ജീവിതവുമാണ് ഇതിലെ പ്രമേയം. തകരുന്ന മത്സ്യബന്ധന മേഖലയും, റിയൽ എസ്റ്റേറ്റ് ലോബിയുടെ കടന്നുകയറ്റം മൂലം കുടിയൊഴിഞ്ഞു പോകേണ്ടി വരുന്ന പരമ്പരാഗത സമൂഹങ്ങളുടെ വേദനയും ഈ ചിത്രങ്ങൾക്ക് പിന്നിലുണ്ട്. അത് സ്വന്തം അനുഭവം തന്നെയാണെന്ന് മീനു പറഞ്ഞു. ലോബികളുടെ കടന്നു കയറ്റം സ്വന്തം ഭൂമിയെ പോലും അപരിചിതമാക്കുന്ന ഭയാനകമായ അവസ്ഥയാണുള്ളത്. അത് വരാപ്പുഴയുടെ മാത്രം കാര്യമല്ല, എറണാകുളത്തെ പല സ്ഥലങ്ങളുടെയും തനത് സ്വഭാവം എന്നോ കൈമോശം വന്നുവെന്ന് മീനു ചൂണ്ടിക്കാട്ടി.
പഴയ കൊച്ചി രാജ്യത്ത് കണ്ടു വരുന്ന, എന്നാൽ ഇന്ന് തുലോം വിരളമായ വീടുകളുടെ ഡിസൈൻ മനോഹരമായാണ് മീനു പകർത്തിയിരിക്കുന്നത്. ഓർമ്മകളെ കയ്യിൽ കൊണ്ടു നടക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ചെറു പ്രതലം തെരഞ്ഞെടുത്തത് എന്തിനെന്ന ചോദ്യത്തിന് അവർ മറുപടി നൽകി.
കാഴ്ചകളുടെ വർണ്ണങ്ങൾ നദി, വെള്ളം, മണ്ണ്, ആകാശം എന്നിവയുടെ കടുംനിറങ്ങൾ മീനുവിന്റെ ചിത്രങ്ങളിൽ കാണാം. പകൽവെളിച്ചത്തിന്റെയും സന്ധ്യയുടെയും മാറ്റങ്ങൾ, ചെറിയ വള്ളങ്ങൾ, ചീനവലകൾ, പഴയ സ്കൂളുകൾ എന്നിവയെല്ലാം മരക്കഷ്ണങ്ങളിൽ തെളിയുന്നു.
നോട്ടുബുക്കും പ്രദർശനത്തിൽ ചിത്രങ്ങൾക്കൊപ്പം മീനുവിന്റെ വർക്കിംഗ് നോട്ട്ബുക്കിന്റെ പകർപ്പും പ്രദർശനത്തിലുണ്ട്. കലാകാരിയുടെ നിരീക്ഷണങ്ങളും ഓർമ്മകളും എങ്ങനെയാണ് ചിത്രങ്ങളായി മാറുന്നതെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. വ്യക്തിപരമായ ഓർമ്മകളും ഗൃഹാതുരത്വവും യാഥാർത്ഥ്യങ്ങളും ചേരുമ്പോൾ അത് ഒരു നാടിന്റെ തന്നെ ഭൂപടമായി മാറുന്നുവെന്ന് ഈ പ്രദർശനം തെളിയിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.