Sections

ഓണക്കാലത്ത് റേഷൻ കടകളിലൂടെ പരമാവധി പുഴുക്കലരി ലഭ്യമാക്കാൻ നിർദേശം

Friday, Jul 07, 2023
Reported By Admin

ജില്ലാതല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗത്തിലാണ് തീരുമാനം


മലപ്പുറം: ഓണക്കാലത്ത് റേഷൻ കടകൾ വഴി പരമാവധി പുഴുക്കലരി വിതരണം ചെയ്യാൻ ജില്ലാതല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗത്തിൽ തീരുമാനം. പച്ചരിയോടൊപ്പം ആനുപാതികമായി പുഴുക്കലരിയും ലഭ്യമാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള നിലമ്പൂർ താലൂക്കിൽ ഇക്കാര്യത്തിൽ പ്രത്യേകം പരിഗണന നൽകണമെന്നും യോഗം നിർദേശിച്ചു. റേഷൻ കാർഡ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ സുതാര്യമാക്കിയതായി ഇതു സംബന്ധിച്ച ചോദ്യത്തിന് ഭക്ഷ്യ കമ്മീഷൻ അംഗം മറുപടി നൽകി.

സർക്കാരിന്റെ കെ സ്റ്റോർ പൈലറ്റ് പദ്ധതിയായി ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സപ്ലൈക്കോ ശബരി ഉത്പന്നങ്ങൾ, മിൽമ ഉത്പന്നങ്ങൾ, ചോട്ടു ഗ്യാസ്, 10,000 രൂപയിൽ താഴെയുള്ള ബാങ്കിങ് സർവീസുകൾ തുടങ്ങിയവ കെ സ്റ്റോറുകളിൽ നിന്ന് ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരുന്നവരിൽ നിന്നും രണ്ട് കോടിയിലധികം രൂപ പിഴ ഇനത്തിൽ ഈടാക്കുകയും മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് പരിശോധനകൾ തുടർന്നു വരുന്നതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ്, വനിത-ശിശു വികസന വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്ത് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഉച്ചക്കഞ്ഞി വിതരണവുമായി ബന്ധപ്പെട്ട് ഉപജില്ലകളിലെ സ്കൂൾ പാചകക്കാർ, ബന്ധപ്പെട്ട അധ്യാപകർ എന്നിവർക്ക് ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പരിശീലനം നൽകിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി രമേഷ്കുമാർ യോഗത്തിൽ അറിയിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ തല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗത്തിൽ എ.ഡി.എം എൻ.എം മെഹറലി അധ്യക്ഷത വഹിച്ചു. ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ, ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.