Sections

മെറ്റയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; സൂചന നൽകി മാർക്ക് സക്കർബർഗ്

Tuesday, Jan 31, 2023
Reported By admin
meta

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകമ്പനിയാണ് മെറ്റ


11,000-ത്തിലധികം തൊഴിലവസരങ്ങൾ വെട്ടിക്കുറച്ച് മാസങ്ങൾക്ക് ശേഷം കൂടുതൽ പിരിച്ചുവിടലിനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. ഇത്തവണ മാനേജർമാർക്കാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. അടുത്തിടെ നടന്ന ഒരു ഇന്റേണൽ മീറ്റിംഗിലാണ് ജീവനക്കാർക്ക് പിരിച്ചുവിടലിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. 

മാനേജർമാരെ മാനേജ് ചെയ്യുന്ന മാനേജർമാരെ ആവശ്യമുള്ളതായി തോന്നുന്നില്ലെന്നാണ് മാർക്ക് സക്കർബർഗ് വ്യക്തമാക്കിയത്. ജോലി ചെയ്യുന്ന ആളുകളെ നിയന്ത്രിക്കുന്ന ഒരു മാനേജ്മെന്റ് ഘടന നിങ്ങൾക്ക് ആവശ്യമാണെന്ന് ഞാൻ കരുതുന്നില്ലെന്ന് സക്കർബർഗ് പറഞ്ഞു. 

കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തേതും ഏറ്റവും വലിയതുമായ പിരിച്ചുവിടലായിരുന്നു കഴിഞ്ഞ വർഷം നവംബറിൽ ഉണ്ടായത്.  13 ശതമാനം തൊഴിലാളികളെ മെറ്റാ വെട്ടിക്കുറച്ചു.  ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് ടെക്ക് കമ്പനികളെന്നാണ് സൂചന. ചെലവുകൾ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബർ അവസാനം തന്നെ സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പുതിയ നിയമനങ്ങൾ മെറ്റാ ഇതിന് മുൻപ് തന്നെ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും ആരംഭിച്ചത്.  

പിരിച്ചുവിടലിനു പിന്നാലെ ജോബ് ഓഫറുകൾ പിൻവലിക്കുന്നുവെന്നും മെറ്റ അറിയിച്ചിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകമ്പനിയാണ് മെറ്റ. കമ്പനിയുടെ വരുമാനത്തിലുണ്ടായ ഇടിവും ഡിജിറ്റൽ വ്യവസായ മേഖലയിലെ വെല്ലുവിളികളുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് മെറ്റ സി.ഇ.ഒ. മാർക്ക് സക്കർബർഗ് പറയുന്നത്. 

ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ ഓഫർ ലെറ്ററുകളാണ് മെറ്റ പിൻവലിച്ചത്. പല കമ്പനികളിലും മെറ്റ ഇപ്പോഴും പിരിച്ചുവിടലുകൾ തുടരുകയാണ്. ന്യൂയോർക്കിലെ ഒരു ഓഫീസ് അടച്ചിടാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിടുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.