- Trending Now:
കൊച്ചി: കലയുടെ ആഴങ്ങളിലേക്ക് തനിക്ക് കടന്നു ചെല്ലാൻ സഹായിച്ചത് സന്യസ്ത ജീവിതമാണെന്ന് കൊച്ചി-മുസിരിസ് ബിനാലെ 2025-ന്റെ ആറാം പതിപ്പിലെ പങ്കാളിത്ത കലാകാരിയായ മാലു ജോയ് (സിസ്റ്റർ റോസ്വിൻ സിഎംസി) പറഞ്ഞു. മട്ടാഞ്ചേരി എസ് എം എസ് ഹാളിലാണ് മദർ 1, മദർ 2 എന്നീ സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
കളിമണ്ണിൽ തീർത്ത പത്ത് ശിൽപങ്ങളും 30 രേഖാചിത്രങ്ങളുമാണ് മാലു ജോയ് (സിസ്റ്റർ റോസ്വിൻ സിഎംസി)ഒരുക്കിയിട്ടുള്ളത്. കന്യാസ്ത്രീ എന്ന നിലയിൽ താൻ കാണുന്ന നിത്യജീവിതത്തിലെ റിയലിസത്തിനപ്പുറം മനശാസ്ത്രപരമായ തീവ്രാനുഭവങ്ങളും തന്റെ സൃഷ്ടിയിൽ അവർ സമന്വയിപ്പിച്ചിരിക്കുന്നു.
കലാകാരി എന്ന നിലയിലും സന്യാസിനി എന്ന നിലയിലുമുള്ള തന്റെ ഇരട്ട സ്വത്വം വേറിട്ടുനിൽക്കുന്നുണ്ടെങ്കിലും, ആത്മീയ ജീവിതവും കലാപ്രവർത്തനവും തനിക്ക് അവിഭാജ്യമാണെന്ന് അവർ വിശ്വസിക്കുന്നു. ധ്യാനവും അച്ചടക്കവും തന്റെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. പിതാവ് ചിത്രങ്ങൾ വരയ്ക്കുന്നതും തോട്ടം രൂപകൽപ്പന ചെയ്യുന്നതും കണ്ടുവളർന്ന അനുഭവം അവരുടെ കലാവാസനയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.
കോവിഡ് ലോക്ക്ഡൗൺ കാലത്ത് മഠത്തിലെ ചുവരുകളിൽ വരച്ച ചിത്രങ്ങളാണ് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ വിദ്യാർഥി ജീവിതത്തിലേക്ക് അവരെ നയിച്ചത്. പ്രാർത്ഥനയ്ക്കും അന്വേഷണത്തിനും ഇടയിലുള്ള ഒരു നിരന്തര ധ്യാനമായാണ് മാലു ജോയ് (സിസ്റ്റർ റോസ്വിൻ സിഎംസി) കലയെ കാണുന്നത്. തിരക്കേറിയ ബിനാലെ പരിസരത്ത്, മറ്റൊരു മനുഷ്യന്റെ നിസ്സഹായമായ അന്തസ്സിനെ തിരിച്ചറിയാൻ റോസ്വിന്റെ സൃഷ്ടികൾ നമ്മെ പ്രേരിപ്പിക്കുന്നു
ബൃഹത്തായ കാഴ്ചകൾക്കും വിസ്മയങ്ങൾക്കും ഇടയിൽ മാലു ജോയുടെ (സിസ്റ്റർ റോസ്വിൻ സിഎംസി) ഡ്രോയിംഗുകളും ടെറാക്കോട്ട ശിൽപങ്ങളും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ബിനാലെയിൽ പ്രദാനം ചെയ്യുന്നത്. സഹാനുഭൂതി നിറഞ്ഞ ഇവ വെറുതെ ശ്രദ്ധ പിടിച്ചുപറ്റുന്നവയല്ല, മറിച്ച് ഏകാഗ്രമായ ശ്രദ്ധ ആവശ്യപ്പെടുന്നവയാണ്.
തന്റെ ശില്പകലയും ചിത്രരചനയും എപ്പോഴും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട മനുഷ്യരിൽ അധിഷ്ഠിതമാണെന്ന് അവർ വിശദീകരിക്കുന്നു. അവരോടൊപ്പം സമയം ചെലവഴിക്കുകയും വ്യക്തിപരമായ ബന്ധം സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് സൃഷ്ടികൾ ആരംഭിക്കുന്നത്. ബാഹ്യ സൗന്ദര്യത്തേക്കാൾ വ്യക്തികളുടെ ആന്തരിക വികാരങ്ങൾക്കും സ്വഭാവത്തിനുമാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് അവർ വ്യക്തമാക്കുന്നു.
മനഃശാസ്ത്രജ്ഞ എന്ന നിലയിലുള്ള തന്റെ പശ്ചാത്തലം ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവരുടെ ജീവിതകഥകൾ തിരിച്ചറിയാനും സഹായിച്ചുവെന്ന് അവർ പറഞ്ഞു. ഏറ്റവും അടുത്ത വ്യക്തികളെക്കാൾ ഉപരിയായി സഹ സന്യാസിനിമാർ, മഠത്തിലെ പ്രായമായവർ, സഹപ്രവർത്തകർ എന്നിങ്ങനെ ദൈനംദിന ജീവിതത്തിന്റെ ഓരങ്ങളിൽ നിൽക്കുന്നവരെയാണ് അവർ പ്രധാനമായും ചിത്രീകരിക്കുന്നത്. പ്രായമായവരെ ചിത്രീകരിക്കുമ്പോൾ അത് ഒരു ഓർമ്മപ്പെടുത്തലായി മാറുന്നുവെന്നും ദൈനംദിന കണ്ടുമുട്ടലുകൾക്ക് അപ്പുറം അവരെ മനസിൽ നിലനിർത്താൻ ഇത് സഹായിക്കുന്നുവെന്നും മാലു ജോയ് (സിസ്റ്റർ റോസ്വിൻ സിഎംസി) കൂട്ടിച്ചേർക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.