- Trending Now:
കോഴിക്കോട്: കോഴിക്കോട് ഗവ. സൈബർ പാർക്കിലെ നിർദിഷ്ട സാൻഡ്ബോക്സ് മിനി ടെക് പാർക്ക് പദ്ധതിയുടെ ഭൂമികൈമാറ്റം നടത്തി. ഗവ. സൈബർ പാർക്കിലെ ആദ്യത്തെ പ്രൈവറ്റ് കോ-ഡെവലപ്പർ ആണ് സാൻഡ്ബോക്സ് വർക്ക്സ്പേസസ്.
കിറ്റ്ഫ്ര മാനേജിംഗ് ഡയറക്ടർ ഡോ.സന്തോഷ് ബാബു ഐഎഎസ് (റിട്ട.) ഔപചാരികമായി ഭൂമി കൈമാറ്റ പ്രക്രിയ നിർവഹിച്ചു.
ഏകദേശം 30,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഗ്രേഡ് എ ടെക്നോളജി വർക്ക് സ്പേസ് ആയിട്ടാണ് സാൻഡ് ബോക്സ് മിനി ടെക് പാർക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്. ടെക്നോളജി കമ്പനികൾ, ഗ്ലോബൽ എന്റർപ്രൈസുകൾ, സ്റ്റാർട്ടപ്പുകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ എന്നിവയ്ക്ക് അനുയോജ്യമായ ആധുനിക ഓഫീസ് സൗകര്യങ്ങൾ ഒരുക്കുന്നതാണ് ലക്ഷ്യം.
സാങ്കേതിക നിക്ഷേപങ്ങളുടെ മുൻഗണനാ പ്രദേശമായി കോഴിക്കോട് മാറിക്കൊണ്ടിരിക്കുകയാണെന്ന് സന്തോഷ് ബാബു പറഞ്ഞു. കോഴിക്കോട് നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ ഇടമാണെന്നും കേരളത്തിലെ ഐടി തൊഴിൽവൈദഗ്ധ്യത്തിന്റെ നല്ലൊരു ശതമാനം ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഐടി ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കാൻ സംസ്ഥാന സർക്കാർ ക്രിയാത്മകമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഭൂമിക്ക് വലിയ ഡിമാൻഡ് ഉണ്ടാകുമെന്നും സ്വന്തമായി ശതകോടി ഡോളർ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സൗഹൃദവും ഊർജക്ഷമവുമായ ലീഡ് സർട്ടിഫൈഡ് ഗ്രീൻ ബിൽഡിംഗ് ആയി രൂപകൽപ്പന ചെയ്യുന്ന ഈ ഫ്യൂച്ചറിസ്റ്റിക് സംരംഭം ആധുനിക സൗകര്യങ്ങളോടു കൂടിയ പ്രവർത്തന അന്തരീക്ഷവും കൂടുതൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മിനി ടെക് പാർക്കിന്റെ ഗ്രൗണ്ട് ഫ്ളോറിൽ കോ-വർക്കിംഗ് സ്പേസ് ഉണ്ടായിരിക്കും. ഇതിൽ പ്രവർത്തിക്കുന്ന കഫേ-കം-ലോഞ്ചിൽ ബ്രേക്ക് ഔട്ട് കോർണറുകളും ഫോൺ-ബൂത്ത് പോഡുകളും ഫൗണ്ടർ-മെന്റർ ക്യാബിനുകളുമുണ്ടാകും. പ്രാരംഭ ഘട്ട സംരംഭകർക്കായി നീക്കിവച്ചിരിക്കുന്ന കോംപാക്റ്റ് ഇൻകുബേഷൻ ബേയും ഇതിൽ ഉൾപ്പെടും.
വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എൻ.ആർ.ഐ മലയാളികളുടെ പങ്കാളിത്തത്തോടെയും നിക്ഷേപ സഹകരണത്തോടെയും കോഴിക്കോട് നഗരത്തെയും മലബാർ മേഖലയെയും ശക്തമായ ടെക്നോളജി-ബിസിനസ് കേന്ദ്രമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ദീർഘകാല ദർശനം ഉൾക്കൊള്ളുന്ന മാർഗരേഖ സാൻഡ്ബോക്സ് ഉദ്യോഗസ്ഥ സംഘം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
സാൻഡ്ബോക്സ് വർക്ക്സ്പേസസ് ഭാവിയിൽ സൈബർ പാർക്ക് ഉൾപ്പെടെ മറ്റ് പ്രധാന കേന്ദ്രങ്ങളിലായി കൂടുതൽ ടെക്നോളജി അടിസ്ഥാന സൗകര്യങ്ങളും വർക്ക്സ്പേസ് വികസനങ്ങളും നടപ്പാക്കാനുള്ള പദ്ധതികളുമായി പ്രവർത്തിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.