Sections

വിറ്റുവരവ് കണക്കുകൾ മറച്ചുവെച്ച റെസ്റ്റോറന്റുകൾക്കെതിരെ രാജ്യവ്യാപക പരിശോധനയുമായി ആദായനികുതി വകുപ്പ്

Tuesday, Mar 10, 2026
Reported By Admin
IT Dept Finds ₹408 Crore Sales Suppression by Restaurants

ഭക്ഷണ-പാനീയ വിതരണ രംഗത്തെ നികുതി വെട്ടിപ്പ് രീതികളെക്കുറിച്ച് 2025 നവംബറിൽ ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. യഥാർത്ഥ വില്പന വിവരങ്ങൾ മറച്ചുവെയ്ക്കാൻ പല റെസ്റ്റോറന്റുകളും ബില്ലുകൾ കൂട്ടത്തോടെ നശിപ്പിക്കുകയും മറ്റ് തിരിമറികൾ നടത്തുകയും ചെയ്യുന്നതായി ഈ പരിശോധനയിൽ കണ്ടെത്തി.

ഭക്ഷണ-പാനീയ മേഖലയിലെ ഏകദേശം 1.77 ലക്ഷം റെസ്റ്റോറന്റുകളുടെ ഇടപാട് വിവരങ്ങൾ നിർമിതബുദ്ധി അധിഷ്ഠിത വിശകലന സംവിധാനങ്ങളുപയോഗിച്ച് വിപുലമായ പരിശോധനയ്ക്ക് വിധേയമാക്കി. ഈ വിവരങ്ങൾ സ്ഥാപനങ്ങൾ ആദായനികുതി റിട്ടേണുകളിൽ കാണിച്ച വിറ്റുവരവുമായി താരതമ്യം ചെയ്തതോടെ വരുമാനം കുറച്ച് കാണിക്കുന്ന രീതി വൻതോതിൽ നടക്കുന്നുണ്ടെന്ന് വ്യക്തമായി. രേഖപ്പെടുത്തിയ വില്പന വിവരങ്ങൾ ചില സാഹചര്യങ്ങളിൽ സാമ്പത്തിക കണക്കുകളിലോ നികുതി സമർപ്പിച്ച വിവരങ്ങളിലോ പൂർണമായി പ്രതിഫലിച്ചിട്ടില്ലെന്നും പല ഇടപാടുകളും റിപ്പോർട്ട് ചെയ്ത വില്പനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കണ്ടെത്തി.

ഇതിന്റെ തുടർച്ചയായി 2026 മാർച്ച് 8-ന് 22 സംസ്ഥാനങ്ങളിലെ 46 നഗരങ്ങളിലായി 62 റെസ്റ്റോറന്റുകളിൽ രാജ്യവ്യാപക വിവരശേഖരണം നടത്തി. പ്രാഥമിക പരിശോധനയിൽ ഏകദേശം 408 കോടി രൂപയുടെ വില്പന വിവരങ്ങൾ മറച്ചുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

സന്നദ്ധ നികുതി പാലനത്തിനും വിശ്വാസാധിഷ്ഠിത സമീപനത്തിനുമാണ് ആദായനികുതി വകുപ്പ് എപ്പോഴും മുൻഗണന നൽകുന്നത്. നികുതിദായകർക്ക് അവരുടെ തെറ്റുകൾ തിരുത്തുന്നതിന് വഴികാട്ടാൻ 'സക്ഷം നഡ്ജ്' ക്യാംപയിൻ ആരംഭിച്ചിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 139(8A) പ്രകാരം പുതുക്കിയ റിട്ടേണുകൾ സമർപ്പിക്കാൻ നികുതിദായകർക്ക് അവസരമുണ്ട്. ഇതിന്റെ ആദ്യ ഘട്ടമായി തിരിച്ചറിഞ്ഞ 63,000 റെസ്റ്റോറന്റുകൾക്ക് ഇ-മെയിലുകളും സന്ദേശങ്ങളും അയക്കുകയും 2026 മാർച്ച് 31-നകം റിട്ടേണുകൾ പുതുക്കാൻ ആവശ്യപ്പെടുകയും ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.