Sections

മഹീന്ദ്ര ഫിനാൻസിൻറെ  അറ്റാദായം 70 ശതമാനം  വർധിച്ച് 899 കോടി രൂപയായി

Saturday, Jul 25, 2026
Reported By Admin
Mahindra Finance Q1 Net Profit Rises 70% to ₹899 Crore

കൊച്ചി: പ്രമുഖ ധനകാര്യ സേവന ദാതാക്കളായ മഹീന്ദ്ര ഫിനാൻസിന്റെ 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം വർധിച്ച് 899 കോടി രൂപയായി ഉയർന്നു. ഈ കാലയളവിൽ മൊത്ത വരുമാനം 12 ശതമാനം വർധിച്ച് 4,974 കോടി രൂപയിലെത്തി.

കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 13 ശതമാനം വാർഷിക വളർച്ചയോടെ 1,37,449 കോടി രൂപയായി ഉയർന്നു. ആദ്യ പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധനവോടെ 15,564 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്.

സംയോജിത അടിസ്ഥാനത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 14 ശതമാനം വർധിച്ച് 5,725 കോടി രൂപയായും, അറ്റാദായം 75 ശതമാനം വാർഷിക വളർച്ചയോടെ 927 കോടി രൂപയായും ഉയർന്നിട്ടുണ്ട്.

അറ്റ പലിശ ലാഭനിരക്ക് 7.3 ശതമാനമായി മെച്ചപ്പെട്ടു. വായ്പാ നഷ്ട നിരക്ക് 1.5 ശതമാനമായി മെച്ചപ്പെട്ടപ്പോൾ ആസ്തികളിന്മേലുള്ള ആദായം 2.4 ശതമാനമായി കരുത്താർജിച്ചു. മുൻവർഷം 3.8 ശതമാനമായിരുന്ന സ്റ്റേജ് 3 ആസ്തികൾ ഈ പാദത്തിൽ 3.5 ശതമാനമായി കുറഞ്ഞത് ആസ്തി ഗുണനിലവാരത്തിലെ പുരോഗതിയെ കാണിക്കുന്നു. വാഹന ഇതര വായ്പാ വിതരണത്തിൽ 79 ശതമാനത്തിന്റെ മികച്ച വാർഷിക വളർച്ച കമ്പനി രേഖപ്പെടുത്തി.

പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിലും, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിലും, വായ്പാ തിരിച്ചടവ് ഊർജ്ജിതമാക്കുന്നതിലും ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ഉപയോഗം വലിയ മുന്നേറ്റമുണ്ടാക്കിയതായി കമ്പനി വ്യക്തമാക്കി.

ലാഭക്ഷമതയിലുണ്ടായ മികച്ച വളർച്ചയും, മികച്ച ആസ്തി ഗുണനിലവാരവും തങ്ങളുടെ ബിസിനസ്സ് അടിത്തറയുടെ കരുത്താണ് വ്യക്തമാക്കുന്നതെന്ന് മഹീന്ദ്ര ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റൗൾ റെബെല്ലോ പറഞ്ഞു. വാഹന വായ്പകൾക്കൊപ്പം പുതിയ വളർച്ചാ മേഖലകളിലും സാങ്കേതികവിദ്യയിലുമുള്ള ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിക്ഷേപങ്ങൾ ഈ മികച്ച സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.