Sections

2027 അവസാനത്തോടെ ആയിരത്തോളം 180 കി.വാട്ട് അൾട്രാഫാസ്റ്റ് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനൊരുങ്ങി മഹീന്ദ്ര

Thursday, Nov 27, 2025
Reported By Admin
Mahindra to Build 250 Ultra-Fast EV Charging Stations by 2027

കൊച്ചി: 2027 അവസാനത്തോടെ ആയിരത്തോളം ചാർജിങ് പോയിന്റുകളോടു കൂടിയ, 180 കി.വാട്ട് ശേഷിയുള്ള 250 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മഹീന്ദ്ര. ഇന്ത്യയിൽ വൈദ്യുത വാഹന ഉപയോഗം ത്വരിതപ്പെടുത്തുന്നതിനായി കൂടുതൽ പബ്ലിക് ഇ.വി ചാർജിങ് കേന്ദ്രങ്ങൾ തുറക്കണമെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യവുമായി യോജിക്കുന്ന സമീപനമാണിത്.

ഇതിന്റെ ഭാഗമായി ബെംഗളൂരു-ചെന്നൈ ഹൈവേയിലെ ദേശീയപാത 75ൽ ഹോസ്കോട്ടെയിലും, ഡൽഹിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ ദേശീയപാത 44ൽ മുർത്തലിലുമായി ആദ്യത്തെ രണ്ട് ചാർജ്_ഇൻ സ്റ്റേഷനുകൾ മഹീന്ദ്ര ഉദ്ഘാടനം ചെയ്തു. ഈ രണ്ട് ചാർജിങ് സ്റ്റേഷനുകളിലും ഒരേ സമയം 4 ഇ.വികൾ ചാർജ് ചെയ്യാൻ കഴിയുന്ന രണ്ട് അൾട്രാഫാസ്റ്റ് ചാർജറുകൾ വീതമുണ്ടാവും. മഹീന്ദ്രയുടെ ചാർജ്_ഇൻ സ്റ്റേഷനുകളിൽ ഇലക്ട്രിക് ഫോർ വീലറുകൾക്ക് വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ ചാർജിങ് നൽകുന്നതിനായി രൂപകൽപന ചെയ്ത 180 കി.വാട്ട് ഡ്യുവൽ ഗൺ ചാർജറുകൾ മാത്രമാണ് ഉണ്ടാവുക. മഹീന്ദ്രയുടെ ഇഎസ്യുവി നിരയായ എക്സ്ഇവി 9ഇ, ബിഇ6, വരാനിരിക്കുന്ന എക്സ്ഇവി 9എസ് എന്നിവ 20 മിനിറ്റിനുള്ളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഇതിന് കഴിയും.

പ്രധാന ദേശീയപാതകളിലും തിരക്കേറിയ സ്ഥലങ്ങളിലുമായിരിക്കും ചാർജ്_ഇൻ സ്റ്റേഷനുകൾ സ്ഥാപിക്കുക. റസ്റ്ററന്റുകൾ, കഫേകൾ തുടങ്ങിയ യാത്രാ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ഓരോ ചാർജിങ് സ്റ്റേഷനുകളും. മഹീന്ദ്രയുടെ ഇഎസ്യുവി ഉടമകൾക്ക് ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താനും, ചാർജ് ചെയ്യാനും, പണം നൽകാനും മഹീന്ദ്രയുടെ എംഇ4യു ആപ്പ് ഉപയോഗിക്കാം. മറ്റ് ബ്രാൻഡുകളിലെ ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ചാർജ്_ഇൻ ബൈ മഹീന്ദ്ര ആപ്പ് വഴിയും മറ്റ് പ്രമുഖ അഗ്രഗേറ്റർ പ്ലാറ്റ്ഫോമുകൾ വഴിയും ഈ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കാനാവും.

ചാർജ്_ഇൻ വഴിയുള്ള ഞങ്ങളുടെ അൾട്രാഫാസ്റ്റ് ചാർജിങ് ശൃംഖലയിലൂടെ എല്ലാ ഇ.വി ഉപയോക്താക്കൾക്കും തുറന്നതും പ്രാപ്യവുമായ ഒരു ശൃംഖലയാണ് ഞങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഇതേകുറിച്ച് സംസാരിച്ച മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു. ഇലക്ട്രിക് വാഹനം ഉപയോഗിച്ചുള്ള ദീർഘദൂര യാത്ര സാധാരണ ഡ്രൈവിങ് പോലെ അനായാസവും വിശ്വസനീയവുമാക്കുകയും, അതുവഴി ഉപഭോക്തൃ ആത്മവിശ്വാസം വളർത്തി ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.