- Trending Now:
കൊച്ചി: ലങ്ക പ്രീമിയർ ലീഗിൻറെ ആറാം സീസൺ ജൂലൈ 10-ന് ആരംഭിക്കാനിരിക്കെ ലീഗിൻറെ പ്രൊമോട്ടർമാരായ ഇന്നൊവേറ്റീവ് പ്രൊഡക്ഷൻ ഗ്രൂപ്പിന് വമ്പൻ സാമ്പത്തിക പിന്തുണ ലഭിച്ചു. യുഎസ് ആസ്ഥാനമായുള്ള ലിസ്റ്റഡ് കമ്പനിയുമായി ചേർന്നാണ് ഐപിജി മൾട്ടി-മില്യൺ ഡോളർ ഫണ്ടിംഗ് സ്വന്തമാക്കിയത്. പുതിയ ഫണ്ടിംഗും പങ്കാളിത്തവും ലീഗിൻറെ ആഗോള വിപുലീകരണത്തിനും മികച്ച സാമ്പത്തിക സമാഹരണത്തിനും ഡിജിറ്റൽ നവീകരണത്തിനും വഴിയൊരുക്കും.
എൻഎഎസ്ഡിഎക്യുയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള യുജിആർഒ പ്ലാറ്റ്ഫോമിൻറെ ഭാഗമായ ഫ്ളാഷ് സ്പോർട്സ് & മീഡിയയുമായി തന്ത്രപ്രധാനമായ ഓഹരി ലയനം ഐപിജി ഇതിനകം പൂർത്തിയാക്കി. ഈ പുതിയ നിക്ഷേപത്തിൻറെ പിൻബലത്തിൽ ലങ്ക പ്രീമിയർ ലീഗ് കൂടുതൽ മികച്ചതാക്കുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഐപിജി 20 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിക്കും. ലങ്ക പ്രീമിയർ ലീഗിൻറെ ബൗദ്ധിക സ്വത്തവകാശം ശ്രീലങ്ക ക്രിക്കറ്റ് ബോർഡിനാണെങ്കിലും ഇതിൻറെ എക്സ്ക്ലൂസീവ് കൊമേഴ്സ്യൽ, മീഡിയ അവകാശങ്ങൾ ഐപിജിക്കാണ് നിലവിലുള്ളത്.
ലങ്ക പ്രീമിയർ ലീഗിന് പുറമെ മലേഷ്യ, സിംബാബ്വെ എന്നിവിടങ്ങളിലെ ടി20 ലീഗുകൾ വികസിപ്പിക്കുന്നതിനുള്ള ദീർഘകാല എക്സ്ക്ലൂസീവ് കരാറുകളും ഐപിജി ഗ്രൂപ്പിനുണ്ട്. അതിവേഗം വളരുന്ന ഈ പുതിയ ക്രിക്കറ്റ് വിപണികളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ ഐപിജിയും നിക്ഷേപകരും ലക്ഷ്യമിടുന്നു.
ബ്രോഡ്കാസ്റ്റ് പ്രൊഡക്ഷൻ 4കെ നിലവാരത്തിലേക്ക് ഉയർത്താനും, ലീഗുകളിലുടനീളമുള്ള സ്പോൺസർഷിപ്പ് വരുമാനം കേന്ദ്രീകരിക്കാനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പുതിയ മാറ്റത്തിൻറെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ലങ്ക പ്രീമിയർ ലീഗായിരിക്കുമെന്ന് ഐപിജി ഗ്ലോബൽ സ്ഥാപകനും ചെയർമാനുമായ അനിൽ മോഹൻ പ്രതികരിച്ചു. മികച്ച സുതാര്യതയും വർദ്ധിച്ച മൂലധനവും വഴി ഫ്രാഞ്ചൈസികളുടെ മൂല്യം ഉയർത്താൻ ഈ മാറ്റം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ ക്രിക്കറ്റ് സമ്പദ്വ്യവസ്ഥകളിൽ ഒരേസമയം പ്രവർത്തിക്കാനുള്ള തങ്ങളുടെ കഴിവിനെ ഈ ലയനം ത്വരിതപ്പെടുത്തുമെന്ന് ഫ്ളാഷ് സ്പോർട്സ് & മീഡിയ സിഇഒ ബ്രാഡ്ലി നാട്രാസ് പറഞ്ഞു.
ലീഗിൻറെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഘട്ടം ഘട്ടമായി മൂലധനം വിനിയോഗിക്കാൻ പുതിയ പബ്ലിക് മാർക്കറ്റ് ഘടന സഹായിക്കുമെന്ന് ഫ്ളാഷ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ എറിക് ഷെർബ് കൂട്ടിച്ചേർത്തു. ദീർഘകാല വാണിജ്യ വികസനം ശക്തിപ്പെടുത്തുന്നതിലും ആവർത്തിച്ചുള്ള വരുമാന മാർഗ്ഗങ്ങൾ കെട്ടിപ്പടുക്കുന്നതിലുമാണ് തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.