Sections

കുടുംബശ്രീ സ്റ്റാർട്ടപ്പ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

Thursday, May 04, 2023
Reported By Admin
Kudumbashree

കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം (എസ് വി ഇ പി) എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു


തളിപ്പറമ്പ് ബ്ലോക്കിൽ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം (എസ് വി ഇ പി) എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ ദേശീയ ഉപജീവനം മിഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിൽ മാത്രമാണ് എസ് വി ഇ പി നടപ്പിലാക്കുന്നത്. ജില്ലയിൽ ഈ പദ്ധതി നടപ്പിലാക്കുന്ന രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്താണ് തളിപ്പറമ്പ്. കുടുംബശ്രീ സംരംഭ പദ്ധതികൾക്കായി ആറര കോടിയോളം രൂപ വകയിരുത്തുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. പദ്ധതിയുടെ ഡി പി ആർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

സംരംഭ പദ്ധതികൾക്ക് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്യുന്നതിനായി നിയമിതരായ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ്മാരുടെ (എം ഇ സി ) കൂട്ടായ്മയായ 'സപര്യ' യുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ എടുക്കാനും ലോൺ ലഭിക്കാനും വേണ്ട സഹായങ്ങൾ നൽകുക, സംരംഭക പ്ലാനുകൾ തയ്യാറാക്കുക, പരിശീലനം നൽകുക തുടങ്ങിയവയാണ് എം ഇ സിമാർ നൽകുന്ന സേവനങ്ങൾ. നൂതന ആശയങ്ങൾക്കുള്ള ഇന്നൊവേറ്റീവ് ഫണ്ട്, പ്രയാസമുള്ളവർക്കായുള്ള ക്രൈസിസ് ഫണ്ട് തുടങ്ങി കുടുംബശ്രീ മിഷൻ നൽകുന്ന എല്ലാ സേവനങ്ങൾക്കും എസ് വി ഇ പി സംരംഭകരും അർഹരാണ്. പഞ്ചായത്തുകളിലെ കുടുംബശ്രീ സി ഡി എസ്സ് കളുടെ ചെയർപേഴ്സൺമാരും എം ഇ കൺവീനർമാരും ഇതിന് നേതൃത്വം നൽകും. 35 എം ഇ സി മാരാണ് തളിപ്പറമ്പ് ബ്ലോക്കിൽ സേവനം നൽകുക. ഒരാൾക്ക് മൂന്നോ നാലോ വാർഡുകളുടെ ചുമതല ഉണ്ടായിരിക്കും. ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവിൽ, പട്ടുവം, കടന്നപ്പള്ളി, പരിയാരം, കുറുമാത്തൂർ, ചെങ്ങളായി എന്നീ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ കുടുംബാംഗങ്ങൾക്ക് എസ് വി ഇ പി യുടെ ഗുണഭോക്താക്കളാവാം.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം സുർജിത്, ബി എൻ എസ് ഇ പി ചെയർപേഴ്സൺ എൻ റീജ, പരിയാരം ഗ്രാമപഞ്ചായത് പ്രസിഡണ്ട് ടി ഷീബ, നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ്, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ കെ ജി ബിന്ദു എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.