Sections

കുടുംബശ്രീ കലാ സാംസ്‌കാരിക ഭക്ഷ്യ വിപണന മേള 'സമന്വയം-25' ഉദ്ഘാടനം ചെയ്തു

Saturday, Aug 30, 2025
Reported By Admin
Kudumbashree Samannwayam-25 Fest Opens in Puliyoor

കുടുംബശ്രീ ഇന്ത്യക്കാകെ മാതൃക: മന്ത്രി സജി ചെറിയാൻ


സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് രൂപീകരിച്ച കുടുംബശ്രീ ഇന്ത്യക്കാകെ മാതൃകയാണെന്നും നമ്മുടെ മുഖ്യധാര പ്രവർത്തനങ്ങളിലെല്ലാം കുടുംബശ്രീ പ്രധാന പങ്കുവഹിക്കുന്നതായും ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുടുംബശ്രീ കലാ സാംസ്കാരിക ഭക്ഷ്യ വിപണന മേളയായ 'സമന്വയം-25' പുലിയൂർ ഗവ. ഹയർ സെക്കൻണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂർ മണ്ഡലത്തിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ പഞ്ചായത്തുകളിലൊന്നാണ് പുലിയൂർ. കഴിഞ്ഞ സർക്കാരിന്റെ കാലത്തും പുലിയൂർ വികസന പ്രവർത്തനങ്ങളിൽ മികവ് പുലർത്തി. നിരവധി സ്റ്റാളുകളും ഓണ ഉൽപ്പന്ന പ്രദർശന വിപണനവും കലാപരിപാടികളും ഉൾപ്പെടുന്ന 'സമന്വയം-25' കുടുംബശ്രീ ജില്ലാമിഷൻ ചെങ്ങന്നൂരിന് നൽകിയ ഓണ സമ്മാനമാണ്. ചെങ്ങന്നൂരിൽ സംഘടിപ്പിച്ച 'സരസ് മേള' മണ്ഡലത്തിലെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നായിരുന്നു. മറ്റ് പല ജില്ലകളിലും മേളകൾ നടന്നെങ്കിലും ഏറ്റവുമധികം ആളുകൾ പങ്കെടുത്തത് ഇവിടെയാണ്. കേരളത്തിലെ എല്ലാ മേഖലയിലെയും പ്രതിഭകൾ സരസ് മേളയിൽ പങ്കെടുത്തുവെന്നും മന്ത്രി പറഞ്ഞു. പുരുഷന്മാർ ഭൂരിപക്ഷമുള്ള സിനിമാ സംഘടനയായ അമ്മയിൽ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവികളിലേക്ക് സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടത് ചലച്ചിത്ര, സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

പുലിയൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തിൽ സാംസ്കാരിക വകുപ്പ് സ്ഥാപനമായ കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക പരമ്പരാഗത ഗ്രാമീണ ഉൽപ്പന്നങ്ങൾക്കും കലകൾക്കും കൂടുതൽ പ്രചാരം നൽകുക എന്നീ ലക്ഷ്യങ്ങളുടെ സംഘടിപ്പിക്കുന്ന മേള സെപ്റ്റംബർ രണ്ട് വരെ അരങ്ങേറും. ഗോത്രമേഖല മുതൽ തീരദേശം വരെയുള്ള കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകൾ, തദ്ദേശീയ സംരംഭകരുടെ കരകൗശല വസ്തുക്കൾ, കലാരൂപങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ 30 സ്റ്റാളുകളിലായി വിപണനത്തിനും പ്രദർശനത്തിനും ഒരുക്കിയിട്ടുണ്ട്. രംഗവേദിയിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ വിവിധ കലാ കായിക സാംസ്കാരിക പരിപാടികൾ അരങ്ങേറും. മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, സിനിമാതാരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്രതാരം അൻസിബ ഹസ്സൻ മുഖ്യമാതിഥിയായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം, പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല ടീച്ചർ, വൈസ് പ്രസിഡന്റ് റ്റി റ്റി ഷൈലജ, പഞ്ചായത്തംഗങ്ങളായ ലേഖ അജിത്ത്, പി കെ ഗോപാലകൃഷ്ണൻ, കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, സിഡിഎസ് ചെയർപേഴ്സൺ ഗീതാ നായർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.