Sections

സർക്കാരിന്റെ പിന്തുണയിൽ 'വരുമാന'സദ്യയുമായി കുടുംബശ്രീ

Sunday, Aug 31, 2025
Reported By Admin
Kudumbashree Premium Onasadya at Chavara Vettamukku

കുടുംബശ്രീ പ്രീമിയം കഫേയിൽ നാട്ടുരുചിയുടെ ഓണം


സർക്കാർ വകുപ്പുകളുടെ പിന്തുണയോടെ കൃഷിക്കൂട്ടങ്ങളും കുടുംബശ്രീക്കൂട്ടായ്മകളും അടയാളപ്പെടുത്തുന്ന ഓണസദ്യയാണ് ചവറ വെറ്റമുക്കിലെ കുടുംബശ്രീ പ്രീമിയം കഫെ ഇത്തവണ ഒരുക്കുന്നത്. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിൽ നിന്നുള്ള പച്ചക്കറികളാണ് വിഭവങ്ങളായി നിറയുക. പയർ, പാവൽ, വെണ്ട, വഴുതന, പച്ചമുളക്, പടവലം, ചേന, പച്ചക്കായ് തുടങ്ങിയവയാണ് കൃഷിക്കൂട്ടങ്ങൾ മുഖേന എത്തിക്കുന്നത്. വാഴകൃഷി ചെയ്യുന്ന കുടുംബശ്രീ സംരംഭകരിൽനിന്നാണ് ഇലകൾ. കർഷകർക്കും കുടുംബശ്രീ സംരംഭകർക്കും ഒരുപോലെവരുമാനദായകമാകും സദ്യവട്ടം. പച്ചക്കറിയുടെ ആവശ്യകതയ്ക്കനുസൃതമായി പൊതുവിപണയിയേയും ആശ്രയിക്കും.

പരിപ്പും പപ്പടവും സാമ്പാറും അവിയലും തോരനും ഉൾപ്പടെ 25 ഇനം കറികളുമായാണ് പ്രീമിയം ഓണസദ്യ. മൂന്നുതരം പായസവും ബോളിയുമൊക്കെയുള്ള സദ്യക്ക് 279 രൂപയാകും. രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് കഴിക്കാവുന്ന ഫാമിലി പ്രീമിയം ഓണസദ്യയ്ക്ക് 1999 രൂപ. 18 വിഭവങ്ങൾ അടങ്ങുന്ന സാധാരണ ഇലസദ്യക്ക് 169 രൂപയാണ്.

നാലുതരം മീനും കൊഞ്ചും ഞണ്ടും ഉൾപ്പെടുന്ന സ്പെഷ്യൽ ദേശിംഗനാട് മീൻസദ്യയും ലഭ്യമാണ്. മുൻകൂട്ടിയുള്ള ഓർഡറുകൾ അനുസരിച്ച് സെപ്റ്റംബർ ഏഴ് വരെ ലഭ്യമാകും. 25 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സൗജന്യം. ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുക്കാനും അവസരമുണ്ട്. ബുക്കിങ്ങിനായി 9946454245.

ജില്ലയുടെ പ്രാദേശിക സ്വാദിന് പ്രാധാന്യംനൽകുന്ന വിഭവങ്ങളും ഓണക്കാലത്ത് ലഭിക്കും. അഷ്ടമുടി പ്രാച്ചിക്കറി, കണമ്പ് മപ്പാസ്, കല്ലുമ്മക്കായ മപ്പാസ്, അഷ്ടമുടി കരിമീൻ പൊള്ളിച്ചത്, ചിപ്പി റോസ്റ്റ്, കണവ 23, ചെമ്മീൻ മൽഹാർ, വെജ് ഊണ്, മീൻ കറിയോടുകൂടിയഊണ്, ബിരിയാണി, അറേബ്യൻ-ചൈനീസ് വിഭവങ്ങളുമുണ്ട്.

പന്മന പഞ്ചായത്തിലെ ഇൻസൈറ്റ് ആക്ടിവിറ്റി ഗ്രൂപ്പിനാണ് കഫേയുടെ ചുമതല. 82 പേർക്ക് ഒരേസമയം ഭക്ഷണംകഴിക്കാനുള്ള സൗകര്യമുണ്ട്. ഫീഡിങ് റൂം, ശുചിമുറി, പാർക്കിങ്സൗകര്യം എന്നിവയും. ചവറ, പന്മന, തേവലക്കര പഞ്ചായത്തുകളിലെ കുടുംബശ്രീ വനിതകൾ ഉൾപ്പെടെ 38 പേരുടെ ഉപജീവനമാർഗമാണിത്. നാല് മാസത്തിനകം 6.15 ലക്ഷം രൂപ വരുമാനം നേടാനുമായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.