Sections

ചെങ്ങന്നൂരിൽ ഇനി കുടുംബശ്രീ രുചി പെരുമ

Monday, Sep 15, 2025
Reported By Admin
Kudumbashree Opens First Premium Café in Chengannur

രുചി വൈവിധ്യങ്ങളൊരുക്കി ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. എം സി റോഡിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി ജംഗ്ഷനിൽ പെനിയേൽ ബിൽഡിംഗിലാരംഭിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

രാവിലെ ആറു മുതൽ രാത്രി 11 വരെയാണ് പ്രവർത്തനം. സ്വാദിഷ്ടമായതും മായം കലരാത്തതുമായ ഭക്ഷണമാണ് ഇതിലൂടെ കുടുംബശ്രീ ഉറപ്പ് നൽകുന്നത്. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെ കൂടാതെ ചൈനീസ്, അറബിക്, ഉത്തരേന്ത്യൻ ശൈലിയിലുള്ള ഭക്ഷണങ്ങളും ലഘുപാനീയങ്ങളും ഇവിടെ ലഭ്യമാകും. 3,200 ചതുരശ്ര അടി വിസ്തീർണത്തിൽ പൂർണ്ണമായി ശീതികരിച്ച ഭക്ഷണശാലയോടനുബന്ധിച്ച് വിശാലമായ പാർക്കിങ് സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. 78 ലക്ഷം രൂപ ചെലവ് വരുന്ന സംരംഭത്തിന് 19.5 ലക്ഷം രൂപ കുടുംബശ്രീ മിഷനാണ് നൽകുന്നത്. ബാക്കി തുക ചെലവഴിക്കുന്നത് കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് കൾസൾട്ടന്റുമാരായ സന്തോഷ്, രഞ്ജു ആർ കുറുപ്പ് എന്നീ സംരംഭകരാണ്. സംസ്ഥാനത്ത് കഫേ കുടുംബശ്രീയുടെ 10 ശാഖകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ചെങ്ങന്നൂരിൽ നടന്ന ദേശീയ സരസ് മേളയിൽ കുടുംബശ്രീ ഫുഡ് കോർട്ടിന് റെക്കോർഡ് വരുമാനണ് ലഭിച്ചത്.

കുടുംബശ്രീയുടെ നാനോ മാർക്കറ്റ് ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്. കുടുംബശ്രീ തനത് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങുന്നതിനുള്ള സൗകര്യവുമൊരുക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.