Sections

പ്രാദേശിക രുചിഭേദങ്ങൾ അറിയാനുള്ള കേന്ദ്രമായി കുടുംബശ്രീ കിയോസ്‌കുകൾ മാറണം; മന്ത്രി കെ രാജൻ

Monday, Jul 31, 2023
Reported By admin
kudumbashree

ടൂറിസ്റ്റ് മേഖലകൾ, വിപണന സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്


പ്രാദേശിക രുചിഭേദങ്ങൾ അറിയാനുള്ള കേന്ദ്രമായി കുടുംബശ്രീ കിയോസ്‌കുകൾ മാറണമെന്നും ടൂറിസം വികസനത്തിനൊപ്പം കിയോസ്‌കുകളും ആകർഷണമായി തീരണമെന്നും മന്ത്രി കെ. രാജൻ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പാണഞ്ചേരി സി ഡി എസ് പീച്ചി ഡാം പരിസരത്ത് ഒരുക്കിയ മാർക്കറ്റിംഗ് കിയോസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പീച്ചി ഡാം പരിസരത്ത് എത്തുന്നവർക്ക് മികച്ച ഭക്ഷണത്തിനുള്ള ഒരിടമാണ് കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്‌ക്. കുടുംബശ്രീയുടെ ശ്രദ്ധേയമായ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാക്കണം. പുത്തൂർ കായലും സുവോളജിക്കൽ പാർക്കും കാണാൻ എത്തുന്ന കാണികളെ അവിടെ മാത്രം നിർത്താതെ നിയോജകമണ്ഡലത്തിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. മലയോര ഹൈവേ കൂടി വന്നാൽ ഇവിടെയെത്തുന്നവർക്ക് സുഖകരമായ വഴിയിലൂടെ പീച്ചിയിലേക്കും മറ്റ് ഇടങ്ങളിലേക്കും എത്താനാകുമെന്നും മന്ത്രി പറഞ്ഞു. പീച്ചിയിലെ വിവിധ പ്രദേശളെ ഉൾപ്പെടുത്തി ഒരു പുതിയ നഗര കേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുട്ടുപൊടികൾ, അച്ചാറുകൾ, തേൻ, പപ്പടം തുടങ്ങിയ നിരവധി കുടുംബശ്രീ ഉൽപന്നങ്ങളാണ് പീച്ചി ഡാം പരിസരത്ത് ഒരുക്കിയ മാർക്കറ്റിംഗ് കിയോസ്‌കിൽ സജ്ജമാക്കിയിരിക്കുന്നത്. കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ സുലഭമാക്കുക, ഉപഭോക്താക്കൾക്ക് കുടുംബശ്രീ ഉൽപന്നങ്ങൾ സ്ഥിരമായി ലഭ്യമാക്കുക, സംരംഭങ്ങളുടെ ഉൽപാദനശേഷിയും നിലവാരവും ക്രമേണ ഉയർത്തുക, കുടുംബശ്രീ ഏകീകൃത റീട്ടെയിൽ ചെയിൻ എന്ന ആശയം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഏകീകൃത മാതൃകയിൽ കുടുംബശ്രീ ആവിഷ്‌കരിച്ച പദ്ധതിയാണ് മാർക്കറ്റിംഗ് കിയോസ്‌ക്. ജില്ലകളിലെ പ്രധാന ടൂറിസ്റ്റ് മേഖലകൾ, വിപണന സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എ കവിത പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സിഡിഎസ് ചെയർപേഴ്‌സൺ ഉഷ മോഹനൻ, എഡിഎംസി, എം ഇ ആന്റ് മാർക്കറ്റിംഗ് രാധ കൃഷ്ണൻ, എഡിഎംസി നിർമ്മൽ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.