Sections

ഗോത്രകലാരൂപങ്ങൾ സംരംഭ മാതൃകയിലേക്ക്: 'ജന ഗൽസ' പദ്ധതിയുമായി കുടുംബശ്രീ

Monday, Jul 21, 2025
Reported By Admin
Kudumbashree Launches 'Jan Gals' for Tribal Arts Upliftment

അന്യമാവുന്ന തദ്ദേശീയ ഗോത്രകലാരൂപങ്ങൾ സംരംഭ മാതൃകയാക്കാൻ 'ജന ഗൽസ' പദ്ധതിയുമായി കുടുംബശ്രീ. ഗോത്രകലാരൂപങ്ങൾ സംരംഭ മാതൃകയാക്കി തദ്ദേശീയ ജനതയ്ക്ക് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. ജനങ്ങളുടെ ആഘോഷം എന്നാണ് ജന ഗൽസയിലൂടെ അർത്ഥമാക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശീയ മേഖലയിലെ മുഴുവൻ ഗോത്രകലാരൂപങ്ങളും കലാകാരൻമാരുടെയും സമഗ്രമായ വിവരശേഖരണം നടത്തും. കുടുംബശ്രീ ആനിമേറ്റർമാരെ ഉപയോഗപ്പെടുത്തി സർവ്വെ നടത്തും. ഓഗസ്റ്റ് ആദ്യവാരം സർവ്വെ ആരംഭിച്ച് 20 നകം സർവ്വെ പൂർത്തിയാക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജന ഗൽസയുമായി ബന്ധപ്പെട്ട് കർമപദ്ധതി ആവിഷ്ക്കരിക്കാൻ തിരുവനന്തപുരത്ത് ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. നിലവിൽ കുടുംബശ്രീ നടപ്പാക്കുന്ന ട്രൈബൽ പദ്ധതിക്ക് കീഴിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും കണ്ടെത്തി സംരംഭ മാതൃക രൂപീകരിച്ച് സംസ്ഥാനതലത്തിൽ കലാരൂപങ്ങളുടെ കൺസോർഷ്യം രൂപീകരിക്കും. സംരംഭകർക്ക് മെച്ചപ്പെട്ട ഉപജീവന മാർഗ്ഗം ഉറപ്പാക്കുകയാണ് കുടുംബശ്രീ. ഗോത്രകലാരൂപങ്ങൾ ഉപയോഗിച്ച് പാഠ്യപദ്ധതി നവീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ലഹരിയെന്ന സാമൂഹിക വിപത്തുകൾക്കെതിരെ സർക്കാർ നടരപ്പാക്കുന്ന വിവിധ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കും സംരംഭ മാതൃകയിൽ രൂപീകരിച്ച തദ്ദേശീയ കലാരൂപങ്ങൾ പ്രയോജനപ്പെടുത്തും. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീ സാംസ്കാരിക ടൂറിസം കേന്ദ്രങ്ങളുമായി് ചേർന്നു പ്രവർത്തിക്കും. ഫോക്ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കിർത്താഡ്സ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചു തദ്ദേശീയർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കും. ജന ഗൽസയുടെ ഭാഗമായി കല ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗോത്രകലകൾ, സംസ്ക്കാരം, ആചാരനുഷ്ഠാനങ്ങൾ, തനത് ഭക്ഷണം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഇതിലൂടെ പുതുതലമുറയിലെ കുട്ടികൾക്കിടയിൽ ഗോത്ര ജനതയുമായി ബന്ധപ്പെട്ട അറിവുകൾ ലഭ്യമാക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഗോത്രകലാരൂപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ പാഠ്യേതര വിഷയങ്ങളിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കും.

രണ്ടുദിവസങ്ങളിലായി നടന്ന ശിൽപശാലയിൽ കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ.ബി ശ്രീജിത്ത്, ഭാരത് ഭവൻ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, കേരള ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ വി.വി ലാവ്ലിൻ, മലയാളം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് കെ.എം ഭരതൻ, എസ്,സി.ഇ.ആർ.ടി റിസർച്ച് അസോസിയേറ്റ് കെ. സതീഷ് കുമാർ, കിർത്താട്സ് പ്രതിനിധി വി.നീന, ഭാരത് ഭവൻ സോഷ്യൽ മീഡിയ എക്സ്പേർട്ട് ചന്ദ്രജിത്ത്, പാലക്കാട് ഡയറ്റ് സീനിയർ ലക്ചർ ഡോ.എം ഷഹീദ് അലി, ഡോ.എ മുഹമ്മദ് കബീർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം. പ്രഭാകരൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേർമാരായ എസ്. ശാരിക്, പ്രീത ജി നായർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, തദ്ദേശീയ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത കലാകാരൻമാർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.