Sections

നാവിൽ രൂചിയൂറും കേക്കുകളുമായി കുടുംബശ്രീ മേളയ്ക്കു തുടക്കം

Thursday, Dec 21, 2023
Reported By Admin
Kudumbashree Cake Mela

കോട്ടയം: നാവിൽ രുചിമേളം പകരാൻ വിവിധതരം ക്രിസ്മസ് കേക്കുകളൊരുക്കി കുടുംബശ്രീ കേക്ക് മേളയ്ക്ക് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ തുടക്കം. കുടുംബശ്രീ സംരംഭകരുടെ യൂണിറ്റുകളിൽ നിർമിച്ച വിവിധയിനം കേക്കുകളും പലഹാരങ്ങളുടെയും വിപുലമായ ശേഖരമാണ് വിപണനത്തിനെത്തിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ലാഭേച്ഛയില്ലാതെ നല്ല ഭക്ഷ്യ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇത്തരം മേളകളിലൂടെ കുടുംബശ്രീ വിഭാവനം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മാർബിൾ കേക്ക്, കാരറ്റ്-ഈന്തപ്പഴം കേക്ക്, കാരറ്റ് കേക്ക്, ബട്ടർ കേക്ക്, പ്ളം കേക്ക് എന്നിവയുടെ ശേഖരത്തിന് പുറമേ കുക്കീസും മേളയിലുണ്ട്. ബനാന ബിസ്കറ്റ്, മസാല, ചോക്ലേറ്റ് കുക്കീസ്, ചമ്മന്തി പൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, മസാല കൂട്ട് വിവിധയിനം അച്ചാറുകൾ എന്നിവയും മേളയിലുണ്ട്. 150 രൂപ മുതൽ 300 രൂപ വരെയാണ് കേക്കുകളുടെ വില. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് മേള. ഡിസംബർ 23 ന് അവസാനിക്കും. കുടുംബശ്രീ സി.ഡി.എസിൽ രജിസ്റ്റർ ചെയ്ത അംഗീകൃത സംരംഭക യൂണിറ്റുകളുടെ ഉത്പന്നങ്ങളാണ് വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്. തലയോലപ്പറമ്പ്, അയർക്കുന്നം, കോട്ടയം നോർത്ത്, പുതുപ്പള്ളി, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളിലെ ഉത്പന്നങ്ങളാണ് മേളയിലുള്ളത്.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രകാശ് ബി. നായർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ജോബി ജോൺ, അനൂപ് ചന്ദ്രൻ, പ്രശാന്ത് ശിവൻ, ജില്ലാ ആസൂത്രണ സമിതി അംഗം ജെയ്സൺ മാന്തോട്ടം, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഡോ. വി.വി. മാത്യു, കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.